ADVERTISEMENT

പത്തനംതിട്ട ∙ ചരിത്രത്തിൽ ആദ്യമായി പത്തനംതിട്ട ജില്ല ഒരു ചുഴലിക്കാറ്റിന്റെ നിഴൽപ്പാടിൽ. ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് നൽകിയതിനെ തുടർന്നു ദേശീയ ദുരന്ത നിവാരണ സേനാ യൂണിറ്റ് ജില്ലയിലെത്തി. ശ്രീലങ്ക മുതൽ പത്തനംതിട്ട–കോട്ടയം ജില്ലയുടെ അതിർത്തി വരെ ഏകദേശം 600 കിലോമീറ്ററാണ് ചുഴലിയുടെ വൃത്തപരിധി.  

ബംഗാൾ ഉൾക്കടലി‍ൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനും ഇടയിലൂടെ വരുന്ന ബുറെവി ചുഴലിയുടെ ഗതി ഏതുവഴിയായിരിക്കുമെന്നതു സംബന്ധിച്ച് ചില അവ്യക്തത ഇപ്പോഴും ബാക്കി നിൽക്കുന്നു. തൂത്തുക്കുടിയിൽ ഇന്നലെ രാത്രിയോടെ എത്തിയ ചുഴലി ഇനി രണ്ടു വഴികളിലൂടെ പോകാനാണു സാധ്യത. തെക്കോട്ടു ഗതി മാറി നാഗർകോവിൽ, കന്യാകുമാരി വഴി മുൻപ് ഓഖി ചുഴലിക്കാറ്റ് വന്ന വഴിയാണ് ഒന്ന്. 

എന്നാൽ തൂത്തുക്കുടിയിൽ കരകയറുന്നതിനിടെ കടലിൽ നിന്ന് കൂടുതൽ ജലം സംഭരിച്ച് കരുത്താർജിച്ചാൽ ചുഴലി തെങ്കാശി, കൊല്ലം ജില്ലകളുടെ മുകളിലൂടെ സഞ്ചരിക്കും. ഇങ്ങനെ വന്നാൽ പത്തനംതിട്ട ജില്ലയിലും 24 മണിക്കൂറിൽ 20 സെമീ (200 മില്ലീമീറ്റർ)  വരെ അതിശക്തമായ മഴയും ചിലയിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ ശക്തിയുള്ള കാറ്റും വീശാം. ഇതിൽ ഏതു സംഭവിക്കാം എന്ന ചോദ്യമാണ് ജില്ലയുടെ മനസ്സി‍ൽ. ഇന്നും നാളെയുമായി ഇതിന്റെ ഉത്തരം പെയ്തിറങ്ങും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും തയാറെടുപ്പിലാണ്. മഴ പെയ്താലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു നിരീക്ഷകർ സൂചിപ്പിച്ചു. 

കാറ്റിനെ തടയാൻ പശ്ചിമഘട്ടം; പ്രളയം ഏറ്റെടുക്കാൻ തോട്ടപ്പള്ളി

കിഴക്കു കോട്ടപോലെ നിൽക്കുന്ന പശ്ചിമഘട്ടവും തലയെടുപ്പോടെ നിൽക്കുന്ന ഇടനാടൻ കുന്നുകളും പാറകളുമാണ് ജില്ലയുടെ സുരക്ഷാ കവചം. പ്രളയത്തെ നെഞ്ചിലേറ്റാൻ തണ്ണീർത്തടങ്ങളും ഒഴിക്കുക്കൊണ്ടുപോകാൻ നദികളുമുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലൂടെ അതിവേഗം വെള്ളം കടലിലെത്തും. ബാക്കി വെള്ളത്തെ വേമ്പനാട് കായൽ വരവേൽക്കും. നികത്തൽ കാരണം വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടതും മഴയുടെ രീതി തീവ്രമായതുമാണ് ഭീഷണി.  

എന്തുകൊണ്ട് ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്നു

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി അന്തരീക്ഷ താപനില വർധിക്കുന്നതാണു ചുഴലികളുടെ എണ്ണത്തിലും ദിശയിലും മാറ്റമുണ്ടാക്കുന്നത്. ചുഴലികളിൽ നിന്നു കേരളം പൊതുവേയും പത്തനംതിട്ട ജില്ല പ്രത്യേകിച്ചും സുരക്ഷിതമായിരുന്നു. 1099ലെ വെള്ളപ്പൊക്കം കഴിഞ്ഞാൽ കാര്യമായ ഒരു പ്രകൃതി ദുരന്തവും സംഭവിച്ചിട്ടില്ലാത്ത മധ്യതിരുവിതാംകൂറിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് 2018 ലെ പ്രളയവും  കോവിഡും ചുഴലിയുമാണ്.

85 ശതമാനം നിറഞ്ഞ് ഡാമുകൾ; തുറക്കേണ്ടി വരുമോ

ചെറുതും വലുതുമായ ഇരുപതിലേറെ ഡാമുകളുമാണ് ജില്ലയിലുള്ളത്. ശബരിഗിരിയുമായി ബന്ധപ്പെട്ട ഡാമുകളിലെല്ലാം നിലവിൽ ശേഷിയുടെ 80–85 ശതമാനത്തോളം ജലമുണ്ട്. കനത്ത മഴ പെയ്താൽ ഇവയിൽ ചിലതു തുറക്കേണ്ടി വന്നേക്കാം. എന്നാൽ അതിനുള്ള സാധ്യത വിരളമാണന്നും വിദഗ്ധർ പറയുന്നു. 

2 വർഷം മുൻപ് ഗജ; 3 വർഷം മുൻപ് ഓഖി 

2018 ലെ പ്രളയത്തിനു ശേഷം നവംബർ പത്തിനു ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ എന്ന ചുഴലിക്കാറ്റ് ഇതിനു മുമ്പ് തമിഴ്നാടിനു മുകളിലൂടെ കേരളത്തിലേക്ക് ഇറങ്ങി അറബിക്കടലിലെത്തി വീണ്ടും ശക്തി പ്രാപിച്ചിരുന്നു. അന്ന് ഇടുക്കി ജില്ലയ്ക്കു മുകളിലൂടെയായിരുന്നു കാറ്റിന്റെ വേലിചാട്ടം. 2017 നവംബർ അവസാനം ഓഖി ചുഴലി തമിഴ്നാട്ടിൽ നിന്ന് കന്യാകുമാരിക്കു മുകളിലൂടെയാണ് അറബിക്കടലിലേക്കു കളംമാറിയത്. ഇപ്പോൾ ഇതേ പാതയിലൂടെ ബുറെവി ചുഴലിയും. 

English Summary : Historic safe zones turn cyclone paths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com