ബുള്ളറ്റിലെത്തി വോട്ടു തേടും ‘പെൺപെരുമ’; സ്ഥാനാര്‍ഥികള്‍ കുറഞ്ഞു, വോട്ടര്‍മാര്‍ കൂടി

SHARE

ഒരു വോട്ടെടുപ്പിന്റെ ആരവങ്ങളും ആഘോഷങ്ങളുമൊക്കെ കോവിഡ് ജാഗ്രതയിൽ ഏറെ കുറവാണ്. എന്നാലും തിരഞ്ഞെടുപ്പു കാലത്തിന്റെ ആവേശത്തിലേക്ക് നാട് ഓടിയെത്തുന്ന കാഴ്ചയാണെങ്ങും. നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനൽ അനുകൂലമാക്കാനുള്ള പോരാട്ടത്തിലാണ് ഇടതു വലതു മുന്നണികള്‍. ഇതിനിടെ അഞ്ചു വർഷം മുൻപ് നാട്ടിൽ അവിടവിടെ മൊട്ടിട്ട താമരപ്പൂക്കൾ കൂടുതൽ ഇടങ്ങളിൽ പൂവിടാനുള്ള ശ്രമത്തിലാണ് എൻഡിഎ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള തിരഞ്ഞെടുപ്പിൽ നിരത്തിലിറങ്ങിയുള്ള പ്രചാരണങ്ങൾ കുറവാണെങ്കിലും സൈബർ ഇടങ്ങളിൽ പുതുമയും ആധുനികതയും ഒട്ടും കുറയാതെ പ്രചരണവും പോരാട്ടവും മുന്നോട്ടുപോകുന്നു.

തിരഞ്ഞെടുപ്പ് ആരവങ്ങൾ കേട്ടുതുടങ്ങിയപ്പോൾതന്നെ ചർച്ചകളിലും മറ്റും നിറഞ്ഞതാണ് സംവരണ സീറ്റുകൾ. 2010 ലെ തിരഞ്ഞെടുപ്പ് മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനമാണ് സ്ത്രീ സംവരണം. അഞ്ചു വർഷം കൂടുമ്പോൾ വരുന്ന സംവരണ സീറ്റുകളിലെ മാറ്റങ്ങൾ ഇത്തവണയും അതേപോലെ തുടർന്നു.

തിരഞ്ഞെടുപ്പിലെ വനിതാമയം

സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 നഗരസഭ(മട്ടന്നൂർ ഒഴികെ), ആറു കോർപറേഷൻ എന്നിവ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് ചൂടേറുമ്പോൾ ഏറെ ചർച്ചയാകുന്നത് യുവജനങ്ങളുടെ സാന്നിധ്യവും സ്ത്രീ പ്രാതിനിധ്യവുമാണ്. 

വോട്ടർമാരുടെ എണ്ണത്തിൽ വനിതകൾ മുന്നിൽ നിൽക്കുമ്പോഴും വനിതാ സ്ഥാനാർഥികളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാളും ഇത്തവണ കുറവാണ്. ആകെ 2,71,20,823 വോട്ടർമാരിൽ 1,41,94,725 വനിതാ വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 1,29,25,766 പുരുഷ വോട്ടർമാരും 282 ട്രാൻസ്ജെൻഡർമാരുമാണ് ബാക്കി.

എന്നാൽ തിരഞ്ഞെടുപ്പ് ഗോദയിൽ എത്തുമ്പോൾ വോട്ടർമാർക്ക് ആനുപാതികമായി വനിതാ സ്ഥാനാർഥികൾ കളത്തിലില്ല എന്നതാണ് വസ്തുത. തദ്ദേശ തിരഞ്ഞെടുപ്പിൽ 50 ശതമാനം സംവരണ സീറ്റുകളാണ് വനിതകൾക്കായി മാറ്റിവച്ചിട്ടുള്ളത്. സംവരണം ഉള്ളതുകൊണ്ടു മാത്രം സ്ത്രീകൾ മത്സരിക്കുന്നു എന്ന പതിവു രീതിക്ക് ഈ തിരഞ്ഞെടുപ്പിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും മലപ്പുറം ഒഴികെ മറ്റെല്ലാ ജില്ലകളിലും സ്ത്രീ സ്ഥാനാർഥികൾ എണ്ണത്തിൽ പിന്നിലാണ്.

941 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ 417 എണ്ണം വനിതകൾക്കാണ്. അതിൽ 46 എണ്ണം പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കും 8 എണ്ണം പട്ടികവർഗ വിഭാഗത്തിലെ സ്ത്രീകൾക്കും സംവരണം ചെയ്തിരിക്കുന്നു. 152 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങളിൽ 77 എണ്ണമാണ് വനിതകൾക്ക് സംവരണം ചെയ്തിട്ടുള്ളത്. ഇതിൽ 8 എണ്ണം പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കും 2 എണ്ണം പട്ടികവർഗ വിഭാഗത്തിലെ സ്ത്രീകൾക്കുമാണ്. 14 ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങളിൽ ഏഴെണ്ണം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ ആറ് മുൻസിപ്പൽ കോർപറേഷൻ മേയർ സ്ഥാനങ്ങളിൽ മൂന്ന് എണ്ണം (തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്) വനിതാസംവരണമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവ പൊതുവിഭാഗത്തിലായിരുന്നു. നിലവിൽ സ്ത്രീ സംവരണമുണ്ടായിരുന്ന തൃശൂർ, കൊച്ചി, കണ്ണൂർ എന്നിവ ജനറൽ വിഭാഗത്തിലായി. 87 നഗരസഭ അധ്യക്ഷ സ്ഥാനങ്ങളില്‍ 47 എണ്ണം വനിതകള്‍ക്കാണ്. അതിൽ 3 എണ്ണം പട്ടികജാതി വിഭാഗത്തിലെ സ്ത്രീകൾക്കാണ്.

വനിതകൾ കുറഞ്ഞ 2020

2015ലെ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ചത് സ്ത്രീകൾ ആയിരുന്നു– 38,268 സീറ്റുകളിൽ സ്ത്രീകളും 37,281ൽ പുരുഷന്മാരും. അന്ന് ആകെ സ്ഥാനാർഥികൾ 75,549. ഇത്തവണ ആകെ 74,899 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വനിതാസ്ഥാനാർഥികളുടെ എണ്ണവും കുറഞ്ഞു– 36,305 വനിതകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. 38,593 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറുമാണ് ബാക്കിയുള്ള സ്ഥാനാർഥികൾ. കഴി‍ഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1963 വനിതാ സ്ഥാനാർഥികൾ ഇത്തവണ കുറവാണ്. 

വനിതകളിൽ മുന്നിൽ മലപ്പുറം

ഇത്തവണ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്– 8387 പേർ. പുരുഷ സ്ഥാനാർഥികളേക്കാൾ വനിതാ സ്ഥാനാർഥികൾ കൂടുതലുള്ള ഏക ജില്ലയും മലപ്പുറമാണ്. ഇവിടെ ആകെ 3997 പുരുഷ സ്ഥാനാർഥികളും 4390 സ്ത്രീ സ്ഥാനാർഥികളുമാണ് മത്സരരംഗത്ത്. തിരഞ്ഞെടുപ്പ് നടക്കുന്ന നാലു തദ്ദേശ സ്ഥാപനങ്ങളിലും വനിതാ സ്ഥാനാർഥികളാണ് കൂടുതൽ എന്ന പ്രത്യേകതയും മലപ്പുറം ജില്ലയ്ക്കുണ്ട്.

ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളിൽ വയനാട് ജില്ലയിൽ ഒഴികെ മറ്റെല്ലായിടത്തും വനിതകളാണ് മത്സരംഗത്ത് എണ്ണത്തിൽ കൂടുതൽ. ബ്ലോക്ക് പഞ്ചായത്തുതലത്തിൽ പാലക്കാടും മലപ്പുറവും മാത്രമാണ് വനിതാ സ്ഥാനാർഥികൾ കൂടുതലുള്ളത്. എന്നാൽ തിരഞ്ഞെടുപ്പ് നടക്കുന്ന ആറു കോർ‌പറേഷനുകളിൽ നാലിടത്തും (തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്) വനിതാ സ്ഥാനാർഥികളാണു കൂടുതൽ. നഗരസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാലക്കാടും മലപ്പുറവും കണ്ണൂരുമാണ് വനിതാ സ്ഥാനാർഥികൾ കൂടുതലുള്ളത്.

അധ്യക്ഷ സംവരണത്തിലെ ആശയക്കുഴപ്പം

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാന സംവരണം പുനഃക്രമീകരിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഏറെ ആശയക്കുഴപ്പങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇതു നടപ്പാക്കിയാൽ 100 പഞ്ചായത്തുകളിൽ സ്ത്രീ സംവരണം ഇല്ലാതാകും. നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും സ്ത്രീ അധ്യക്ഷ സംവരണം കുറവു വരുമെങ്കിലും ഗ്രാമ പഞ്ചായത്തുകളുടെയത്ര ഉണ്ടാകില്ല.

പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ 50% സ്ത്രീ സംവരണമാണു പറയുന്നത്. 2010ലെ തിരഞ്ഞെടുപ്പ് മുതലാണു കേരളത്തിൽ 50% സ്ത്രീ സംവരണമായത്. പട്ടികജാതി വനിത, പട്ടികവർഗ വനിത സംവരണം ഉൾപ്പെടെയാണിത്. എന്നാൽ, ഭരണഘടന പ്രകാരം സ്ത്രീ സംവരണം 33 ശതമാനമാണ്. അധ്യക്ഷ സംവരണം പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ പറയുന്ന 50 ശതമാനത്തിൽ കവിയരുതെന്നും ഭരണഘടനയിൽ നിർദേശിക്കുന്ന 33 ശതമാനത്തിൽ കുറയരുതെന്നുമാണു കോടതിവിധി.

അധ്യക്ഷസ്ഥാനങ്ങളിലേക്ക് ആകെ എണ്ണം നിശ്ചയിച്ചു വിജ്ഞാപനം ചെയ്യുന്നതു സംസ്ഥാന സർക്കാരാണ്. ജില്ല തിരിച്ച് ഏതു സ്ഥാപനത്തിനാകണമെന്നു നിശ്ചയിക്കുന്നതു തിരഞ്ഞെടുപ്പു കമ്മിഷനും. കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും കമ്മിഷനും അപ്പീൽ നൽകുമെന്നാണ് വിവരം. കോടതി ഉത്തരവു പാലിച്ചാൽ അധ്യക്ഷസ്ഥാനങ്ങളിലെ സ്ത്രീ സംവരണം കുറയുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കുന്നതു വൈകാനും ഇതു കാരണമാകും.

ബുള്ളറ്റിൽ വോട്ടുചോദിക്കൽ മുതൽ അമ്മയും മകളും നാത്തൂന്മാരും വരെ

തദ്ദേശ തിരഞ്ഞെടുപ്പുകൾ പേരുപോലെത്തന്നെ ഓരോ ‘ദേശത്തിന്റെ’യും ആഘോഷമാണ്. എന്നാൽ ഇത്തവണ കൊറോണ കൊണ്ടുപോയ ആഘോഷം വൈറലാക്കാനുള്ള തീവ്രശ്രമത്തിലാണ് സൈബർ ലോകവും മാധ്യമങ്ങളും. വൈറലാകാൻ വിഷയങ്ങൾ ഏറെയാണുതാനും. അപരന്മാർ കളം നിറയുന്നത് എക്കാലത്തും തിരഞ്ഞെടുപ്പുകൾക്ക് തലവേദനയാണ്. ഈ വട്ടം അപരന്മാർ മാത്രമല്ല രസകരമായ പല കാഴ്ചകളും തിരഞ്ഞെടുപ്പിനെ ‘കളറാ’ക്കാനുണ്ട്. 21 വയസ്സ് പൂർത്തിയാകാൻ കാത്തിരുന്ന് നാമനിർദേശപത്രിക സമർപ്പിച്ച സ്ഥാനാർഥി മുതൽ ബുള്ളറ്റിലെത്തി വോട്ടു ചോദിക്കുന്ന വനിതാ സ്ഥാനാർഥിയും അമ്മയും മകളും നാത്തൂന്മാരും (അതും വിവിധ പാർട്ടികളിൽ) വരെയുള്ള കാഴ്ചകൾ.

ചുങ്കത്തറ 12-ാം വാർഡിൽ വടക്കേടത്ത് വീട്ടിലെ നാത്തൂൻമാരാണ് പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേർക്കുനേർ പൊരിനിറങ്ങുന്നത്. ഇടതു ചിഹ്നത്തിൽ മുതുകാട് ഭാരത് മാത യുപി സ്കൂൾ അധ്യാപിക ഹാൻസി ടീച്ചറും കൈപ്പത്തി ചിഹ്നത്തിൽ വാർഡിലെ തൊഴിലുറപ്പ് മേട്രൺ ലില്ലി പനച്ചയിലും തമ്മിലാണ് മൽസരം. ഇരുവരുടെയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ നാത്തൂൻമാരിൽ ആരു ജയിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് നാട്ടുകാരും.

lilly-hancy

പൂഞ്ഞാറിലെ തെക്കേക്കര പഞ്ചായത്തിൽ മുന്നു മുന്നണികളും വോട്ടു തേടുന്നത് നിഷയ്ക്കാണ്. എല്‍ഡിഎഫിലെ നിഷാ സാനുവും എന്‍ഡിഎയിലെ നിഷാ വിജിമോനും യുഡിഎഫ് സ്ഥാനാർഥി നിഷ ഷാജിയുമാണ് ഇവിടെ ജനവിധി തേടുന്നത്. ഇതോടെ വോട്ടർമാരും ആശയക്കുഴപ്പത്തിലാണ്. ചിഹ്നം മാത്രം നോക്കി വോട്ടു ചെയ്യുകയേ രക്ഷയുള്ളൂ.

ജില്ലാപഞ്ചായത്ത് ചെറായി ഡിവിഷനിലെ എൻഡിഎ സ്ഥാനാർഥി അമൃതാ സന്തോഷ് ബൈക്കിൽ പ്രചാരണം നടത്തുന്നു. വൈപ്പിൻ

വനിതാ സ്ഥാനാർഥികളാൽ സമ്പന്നമായ മലപ്പുറത്ത് ജനവിധി തേടാൻ ഒരു ഫുട്ബോൾ താരവുമുണ്ട്. ദേശീയ മല്‍സരങ്ങളില്‍ കേരളത്തിന്റെ മുഖമായിരുന്ന ജംഷീന മലപ്പുറം നഗരസഭയുടെ 13–ാം വാർഡ് കാളമ്പാടിയിലെ എൽഡിഎഫ് സ്ഥാനാർഥിയാണ്. തൃശൂരാകട്ടെ കുടുംബകാര്യമായി തിരഞ്ഞെടുപ്പിനെ കാണുന്ന ഒരു വീടുമുണ്ട്.– അന്തിക്കാട്ടെ ചെത്തു തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന വി.എ.നാരായണന്‍റെ നാലു മക്കളാണ് (സുർജിത്, ഷീബ ചന്ദ്രബോസ്, മേനക മധു, രജനി തിലകൻ) തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ചിഹ്നത്തിൽ വിവിധ ഇടങ്ങളിൽ മത്സരിക്കുന്നത്. ഇതിൽ മൂന്നു സഹോദരിമാര്‍ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.

നാട്ടുപ്രദേശങ്ങളിൽ ബുള്ളറ്റിൽ വോട്ടു തേടിയെത്തിയ യുവതികളും തിരഞ്ഞെടുപ്പിന്റെ കാണേണ്ട കാഴ്ച തന്നെയാണ്. എറണാകുളത്ത് ജില്ലാ പഞ്ചായത്ത് ചേറായി ഡിവിഷനിൽ എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന ഇരുപത്തിരണ്ടുകാരി അമൃത സന്തോഷും ഒളവണ്ണ ഗ്രാമപഞ്ചാത്ത് വാർഡ് ഒന്നിലെ എൽഎൽബി അവസാന വർഷ വിദ്യാർഥിനി ശാരുതിയുമാണ് ബുള്ളറ്റിൽ പാഞ്ഞെത്തി വോട്ടു തേടുന്നത്. ഇത്തരത്തിൽ ഒട്ടേറെ രസകരവും പുതുമയുമുള്ള കാഴ്ചകളിൽ സമ്പന്നമാണ് ഈ തിരഞ്ഞെടുപ്പ് കാലം. യുവജനതയ്ക്ക് പ്രാതിനിധ്യം നൽകുന്ന തിരഞ്ഞെടുപ്പിൽ ഒരുപിടി വികസന സ്വപ്നങ്ങളുമായി ഒട്ടേറെ വിദ്യാർഥിനികളും യുവതികളും തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമാണ്.

English Summary: Numbers, Stats and Interesting Facts of Women Reservation in Kerala Local Body Election 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.