ADVERTISEMENT

കൊച്ചി∙ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന വാഗ്ദാനവുമായി റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. 2020–2021 സാമ്പത്തിക വർഷത്തെ ജിഡിപി 7.5 ശതമാനമായിരിക്കുമെന്നും ആർബിഐ വിലയിരുത്തി. നേരത്തെ 9.5 ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവു പ്രതീക്ഷയിൽ ഓഹരി വിപണികൾ റെക്കോർഡ് മുന്നേറ്റം നടത്തി. സെൻസെക്സ് 45,000 പോയിന്റ് കടന്നു മുന്നേറി. അതേസമയം, അടിസ്ഥാന നിരക്കുകളിൽ ആർബിഐ മാറ്റം വരുത്തിയില്ല.

ഇന്ത്യ തിരിച്ചുവരുന്നു

കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും മൂലം ജിഡിപിയിലുണ്ടായത് വലിയ തകർച്ചയാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപിയിൽ 23.9 ശതമാനം ഇടിവു നേരിട്ടു. കോവിഡ് പ്രതിരോധത്തിനായി സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത് ഈ പാദത്തിലായിരുന്നു. രണ്ടാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ 7.5 ശതമാനവും ചുരുങ്ങി. കഴിഞ്ഞ തവണത്തെ നയ അവലോകന യോഗത്തിനുശേഷം വാർഷിക ജിഡിപിയിൽ 9.5 ശതമാനം ഇടിവുണ്ടാകുമെന്ന പ്രവചനമാണ് ആർബിഐ നടത്തിയത്.

എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിനു പ്രതീക്ഷിച്ചതിനെക്കാൾ വേഗമുണ്ടെന്നും 7.5 ശതമാനം ഇടിവു മാത്രമേ ഉണ്ടാകൂവെന്നുമുള്ള പ്രതീക്ഷയാണ് ഗവർണർ ശക്തികാന്ത ദാസ് പങ്കുവച്ചത്. ഗ്രാമീണ മേഖലയിൽനിന്നുള്ള ഡിമാൻഡ് ഉയരുന്നതു ശുഭ സൂചനയാണെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുന്നതിനാൽ സമ്പദ്‌വ്യവസ്ഥ ഉടൻ പോസിറ്റീവിലേക്കും തിരികെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം പാദത്തിൽ 0.1 ശതമാനം വളർച്ചയും നാലാം പാദത്തിൽ 0.7 ശതമാനം വളർച്ചയും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, രാജ്യത്തെ ഈ സാമ്പത്തിക വർഷത്തെ ജിഡിപിയിൽ 9.6 ശതമാനം ഇടിവുണ്ടാകുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. ജൂൺ മാസത്തിൽ 4.5 ശതമാനം ഇടിവു മാത്രമേ ഉണ്ടാകൂ എന്നായിരുന്നു ലോകബാങ്ക് വിലയിരുത്തിയത്.

നിരക്കുകളിൽ മാറ്റമില്ല

വായ്പാനിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 4 ശതമാനമായി തുടരും. തുടർച്ചയായ മൂന്നാം തവണയാണ് നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയങ്ങൾ പ്രഖ്യപിക്കുന്നത്. നിലവിൽ കൊമേഴ്സ്യൽ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ 19 വർഷത്തെ താഴ്ന്ന നിലവാരത്തിലാണ്.

ബാങ്കുകളിൽനിന്ന് ആർബിഐ സ്വീകരിക്കുന്ന വായ്പകളുടെ നിരക്കായ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. പണപ്പെരുപ്പം ഉയർന്ന തോതിൽ തുടരുന്നതാണ് അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താത്തിന്റെ മറ്റൊരു കാരണം.

വിപണിയിൽ റെക്കോർഡ്

സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ തിരിച്ചുവരുമെന്ന ആർബിഐ പ്രവചനത്തെത്തുടർന്ന് ഓഹരി വിപണിയിൽ ഉണർവ്. സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു. സെൻസെക്സ് ചരിത്രത്തിലാദ്യമായി 45,000 പോയിന്റ് എന്ന നിലവാരത്തിലെത്തി. 14,000 പോയിന്റിനടുത്താണ് നിഫ്റ്റി. പലിശ നിരക്കുകളിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷ വിപണികളിലുണ്ടായിരുന്നില്ല.

ജിഡിപി നിരക്ക് മെച്ചപ്പെടുമെന്ന പ്രവചനവും പ്രതീക്ഷിത പണപ്പെരുപ്പത്തോതിന്റെ പരിധി ഉയർത്തിയതുമാണ് വിപണികളുടെ കുതിപ്പിന് ഇന്ധനമേകിയത്. ആർബിഐ പണനയ പ്രഖ്യാപനത്തിനുശേഷം 320 പോയിന്റ് വരെ സെൻസെക്സ് ഉയർന്നിരുന്നു. നിഫ്റ്റിയിലും 80 പോയിന്റിന്റെ നേട്ടമുണ്ടായി. ഇപ്പോൾ സെൻസെക്സ് 200 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 50 പോയിന്റ് നേട്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Content Highlight: RBI Monetary Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com