ADVERTISEMENT

കൊല്ലം‌/മലപ്പുറം∙ 'എന്റെ കുട്ടി മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായെന്നു വ്യക്തമാക്കുന്ന ശബ്ദസന്ദേശം അടക്കമുള്ള തെളിവുകള്‍, ഗര്‍ഭച്ഛിദ്രം നടത്താനായി മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖ പ്രതികള്‍ ചമച്ചിരുന്നുവെന്നതടക്കമുള്ള വിവരങ്ങള്‍ ഇവയെല്ലാമുണ്ടായിട്ടും അവളെ ഇല്ലാതാക്കിയവര്‍ ഇപ്പോഴും പുറത്താണെന്നുള്ളത് വല്ലാത്ത വേദനയാണ്. എന്റെ മകള്‍ക്ക് നീതി വേണം. അതിന് ഏതറ്റം വരെ ഞാന്‍ പോകും'- വാക്കുകള്‍ മുറിയുന്നതിനിടയിലും റംസിയുടെ പിതാവ് റഹീം  കണ്ണീരോടെ പറയുന്നു. നീതി ലഭിക്കും വരെ പോരാടാണ് തീരുമാനം. 

കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്തത്. സമാനമായ അനുഭവമാണ് മലപ്പുറം മുന്നിയൂരില്‍ 21കാരിയായ ഫാത്തിമയ്ക്ക് ഉണ്ടായത്. രണ്ടു കേസുകളിലും ജീവനുതുല്യം സ്‌നേഹിച്ചവര്‍ എല്ലാം കവര്‍ന്നെടുത്തിട്ട് കടന്നുകളഞ്ഞപ്പോള്‍ മനംനോന്ത് ജീവനൊടുക്കുകയായിരുന്നു ഇരുവരും. 

കൊല്ലത്ത് റംസിയെന്ന് പെണ്‍കുട്ടി മരിച്ച കേസില്‍ മുഖ്യപ്രതിയായ ഹാരീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയര്‍ന്നത്.

ramsi-lakshmi-pramod-haris
റംസി, ലക്ഷ്മി പ്രമോദ്, ഹാരീസ്

നടി ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലേ മകളുടെ മരണത്തിനു പിന്നിലുള്ള വസ്തുതകള്‍ പുറത്തു വരൂ എന്ന് പിതാവ് റഹിം പറയുന്നു. നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍ത്യമാതാവ് ആരിഫ ബീവി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കാത്തിരിക്കുകയാണ്. പ്രധാന പ്രതിയായ ഹാരിസ് മുഹമ്മദില്‍ അന്വേഷണം ഒതുങ്ങാന്‍ അനുവദിക്കില്ല, അവസാന ശ്വാസം വരെ പോരാടും- റഹീം പറയുന്നു. 

സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കൊല്ലം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ആത്മഹത്യയില്‍ ഹാരീസിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.

ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനും പ്രതി ചേര്‍ക്കപ്പെട്ടവരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷിക്കാനും ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപണം ഉയര്‍ത്തിരുന്നു. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ലക്ഷ്മിയെയും ഭര്‍ത്താവിനെയും ആദ്യം കേസ് അന്വേഷിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിയില്ല.

ഫാത്തിമയെ കാമുകന്‍ ലൈംഗികമായി ചൂഷണം ചെയ്തു: മരണത്തിലേക്കു തള്ളിവിട്ടു

റംസിയുടെ ആത്മഹത്യയ്ക്കു ശേഷം സമാനമായ നിരവധി മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഒടുവിലെത്താണ് മലപ്പുറം മുന്നിയൂരില്‍ 21കാരിയായ ഫാത്തിമയുടെ ദുരൂഹമരണം. ആലിന്‍ചുവട് സ്വദേശിയായ ഫാത്തിമയുടെ മരണത്തില്‍ കാമുകനായ അഷ്‌ക്കറലിക്കു പങ്കുണ്ടെന്നാണ് മാതാവിന്റെ പരാതി. ആറുവര്‍ഷത്തോളം പ്രണയിച്ചതിനു ശേഷം മെച്ചപ്പെട്ട വിവാഹബന്ധത്തിനു വേണ്ടി കാമുകന്‍ ഫാത്തിമയെ ഒഴിവാക്കുകയായിരുന്നു. 

കഴിഞ്ഞ ആഴ്ച അഷ്‌ക്കറലി വിവാഹിതനായതോടെ ഫാത്തിമ ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. ഫാത്തിമയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ യുവതിക്ക് ലഹരിമരുന്ന് നല്‍കിയിരുന്നതായും ബന്ധത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് പരാതിപ്പെടുന്നു.ആത്മഹത്യാപ്രേരണ കുറ്റമടക്കം ചുമത്തി പ്രതി അഷ്‌ക്കറലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

7 വര്‍ഷം പ്രണയം, 101 പവനും കാറും ചോദിച്ച് കാമുകന്‍ ഒഴിവാക്കി; ജീവനൊടുക്കി അര്‍ച്ചന

archana--1
അർച്ചന

കഴിഞ്ഞ സെപ്റ്റംബറില്‍ റംസിയുടെ മരണത്തിനു തൊട്ടുപിന്നാലെയാണ് കായകുളം പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്സി നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21)യുടെ ആത്മഹത്യ. വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറിയതോടെ യുവതി ആത്മഹത്യ ചെയ്തുവെന്നു കുടുംബത്തിന്റെ പരാതി. 

സംഭവത്തില്‍ പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. യുവാവിന്റെ വീട്ടില്‍ മറ്റൊരു വിവാഹത്തിന്റെ നിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്.  ഒതളങ്ങ എന്ന വിഷക്കായ കഴിച്ചായിരുന്നു മരണം. 101 പവനും കാറും ചോദിച്ച് കാമുകന്‍ ഒഴിവാക്കിയതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നു വ്യക്തമായെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. 

എലിവിഷത്തിനൊപ്പം മണ്ണെണ്ണ കുടിച്ചെന്നു ഷഹിന ആരോടും പറഞ്ഞില്ല

1200-shahina-death
ഷഹിന

കഴിഞ്ഞ നവംബര്‍ നാലാം തീയതിയാണ് കുമ്മിള്‍ സ്വദേശി ഷഹിന(21)യെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്  വീട്ടുകാര്‍ പെണ്‍കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എലിവിഷത്തിനൊപ്പം മണ്ണെണ്ണ കുടിച്ചെന്നു പെണ്‍കുട്ടി അപ്പോള്‍ ആരോടും പറഞ്ഞിരുന്നില്ല. ആരോഗ്യ സ്ഥിതി മോശമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികില്‍സയിലിരിക്കേ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മരിച്ചു. 

അടുപ്പമുണ്ടായിരുന്ന യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയതാണ് മരണത്തിനു കാരണമെന്നായിരുന്നു പരാതി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഷഹിന പീഡിപ്പിക്കപ്പെട്ടിരുന്നോ എന്നതുള്‍പ്പടെ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചായിരുന്നു ഷഹിനയുടെ മരണം. അഞ്ചല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഷഹിന ഒരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് ഷഹിനയെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

English Summary: State Crime Branch takes over probe into Ramsi suicide case: developments

( ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com