ADVERTISEMENT

വിവാദമായ മൂന്നു കർഷക നിയമങ്ങളും പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലൂടെ ട്രാക്ടര്‍ പരേഡ് നടത്തുമെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകസംഘടനയുടെ മുന്നറിയിപ്പ്. സംഘടനയുടെ പേര് ഭാരതീയ കിസാന്‍ യൂണിയന്‍ എന്നാണ്. 32 വര്‍ഷം മുൻപ് രാജ്യതലസ്ഥാനത്തിന്റെ ഹൃദയത്തിലൂടെ ട്രാക്ടര്‍ ഓടിച്ച് രാജ്പഥും വിജയ്ചൗക്കും പാര്‍ലമെന്റ് പരിസരവും കീഴടക്കിയ മഹേന്ദ്രസിങ് തിക്കായത്തിന്റെ അനുയായികളുടെതാണ് മുന്നറിയിപ്പ് എന്ന് കൂടി ഓര്‍ക്കണം.

1988 ഒക്ടോബര്‍ 25 രാജീവ് ഗാന്ധി സര്‍ക്കാരിനെ അമ്പരപ്പിച്ചാണ് തിക്കായത്തും രണ്ടുലക്ഷത്തോളം കര്‍ഷകരും ഡല്‍ഹിയുടെ നഗരഹൃദയം കീഴടക്കിയത്. ശൈത്യകാല പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു സമരം. ഇന്ത്യാഗേറ്റ് മുതല്‍ റെയ്സീനാ കുന്ന് വരെയുള്ള ബോട്ട് ക്ലബ് പരിസരത്ത് ട്രാക്ടറിലിരുന്ന് കര്‍ഷകര്‍ പ്രതിഷേധിച്ചതോടെ ചരിത്രകാരന്മാരും പത്രങ്ങളും അതിനെ ബോട്ട് ക്ലബ് സമരം എന്നു വിശേഷിപ്പിച്ചു. സമരം ഒരാഴ്ചയിലേറെ നീണ്ടുനിന്നു. 30 ഇന ആവശ്യങ്ങളില്‍ മിക്കതിലും അനുകൂല നടപടികളും ഉറപ്പുകളും നേടിയാണ് സമരം അവസാനിപ്പിച്ചത്. ആ സമരം നയിച്ചതോടെ മഹേന്ദ്രസിങ് തിക്കായത് കര്‍ഷകരുടെ രണ്ടാം മിശിഹയായി വാഴ്‍ത്തപ്പെട്ടു.

ആ സമരം നയിച്ച മഹേന്ദ്രസിങ് തിക്കായത് 2011ല്‍ വിടവാങ്ങിയതോടെ ഭാരതീയ കിസാന്‍ യൂണിയനില്‍ പിളര്‍പ്പുണ്ടായി. പക്ഷേ, പശ്ചിമ ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്കിടയില്‍ ഇപ്പോഴും കരുത്ത് തിക്കായതിന്റെ മക്കളായ നരേഷ് തിക്കായത്തും രാകേഷ് തിക്കായത്തും നയിക്കുന്ന ഭാരതീയ കിസാന്‍ യൂണിയന് തന്നെയാണ്. ആ സംഘടനയാണ് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് രാകേഷ് തിക്കായത്ത് മനോരമന്യൂസിനോട് പറഞ്ഞു.

English Summary : Farmers organisation plans to conduct tractor parade on Republic day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com