ADVERTISEMENT

കോഴിക്കോട്∙ തൃക്കോട്ടൂർ ദേശത്തെ നാട്ടുമനുഷ്യരുടെ ചൂരും ചൂടും കഥകളിൽ നിറച്ച യു.എ. ഖാദർ (85) ഓർമയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചിത്രകാരന്‍, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം സംസ്ഥാന ആരോഗ്യവകുപ്പു ജീവനക്കാരനുമായിരുന്നു. നോവലുകളും കഥകളുമടക്കം എഴുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു.

1935 നവംബർ 16ന് ബർമയിലെ (മ്യാൻമർ) മോൺ സ്റ്റേറ്റിൽ ബില്ലിൻ എന്ന ഗ്രാമത്തിൽ കൊയിലാണ്ടി ഉസ്സങ്ങാന്റകത്ത് മൊയ്തീൻകുട്ടിയുടെയും ബർമക്കാരിയായ മാമൈദിയുടെയും മകനായാണ് ജനിച്ചത്. ഖാദർ ജനിച്ച് മൂന്നാംദിവസം അമ്മ മരിച്ചു. ഏഴാമത്തെ വയസ്സിൽ പിതാവിനൊപ്പം കൊയിലാണ്ടിയിലെത്തി.

കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽനിന്ന് പത്താം ക്ലാസ് പാസായ ശേഷം മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചെങ്കിലും ബിരുദപഠനം പൂർത്തിയാക്കിയില്ല. സ്കൂൾ പഠനകാലത്തുതന്നെ സി.എച്ച്. മുഹമ്മദ്കോയയുടെ പ്രോൽസാഹനത്തിൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാലപംക്തിയിൽ എഴുതിത്തുടങ്ങി. 1952ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1957ൽ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി. പല നാടുകളിൽ പല ജോലികൾ ചെയ്ത് തിരികെയെത്തി 1964–ൽ സർക്കാർ സർവീസിൽ ചേർന്നു. ആരോഗ്യവകുപ്പിലായിരിക്കെ ഡെപ്യൂട്ടേഷനിൽ 5 വർഷം കോഴിക്കോട് ആകാശവാണിയിലും പ്രവർത്തിച്ചു. 1990ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിനിസിട്രേഷൻ വിഭാഗത്തിൽനിന്ന് വിരമിച്ചു.

കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റായും പ്രവർത്തിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയിൽ നാലു തവണ അംഗമായി.

1984ൽ ‘തൃക്കോട്ടൂർ പെരുമ’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 2009ൽ ‘തൃക്കോട്ടൂർ നോവെല്ലകൾ’ എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. അബുദാബി ശക്തി പുരസ്കാരം, എസ്.കെ. പൊറ്റെക്കാട് പുരസ്കാരം, മലയാറ്റൂർ പുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി. അഘോരശിവം, നേടിയ കഥപോലെ ജീവിതം, ഒരുപിടി വറ്റ്, വായേ പാതാളം, മേശവിളക്ക്, കലശം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, ഖുറൈശിക്കൂട്ടം, ഓർമകളുടെ പഗോഡ (യാത്രാവിവരണം), കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും തുടങ്ങിയവയാണു മുഖ്യകൃതികൾ. ആത്മകഥാംശമുള്ള കുറിപ്പുകളുടെ സമാഹാരമാണ് ‘ഖാദർ എന്നാൽ’.

കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജിനു സമീപം ‘അക്ഷര’ത്തിലായിരുന്നു താമസം. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലേഖ. മരുമക്കൾ: കെ.സലാം (ബേബി കെയർ), സഗീർ അബ്ദുല്ല (ദുബായ്), സുബൈദ, ഷെരീഫ, റാഹില. സംസ്കാരം ഞായറാഴ്ച നടക്കും.

English Summary : U.A. Khader passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com