ഒവൈസി തമിഴകത്തേക്ക്; കമലുമായി രാഷ്ട്രീയ സഖ്യം, 25 സീറ്റിൽ മത്സരിക്കും
Mail This Article
ചെന്നൈ ∙ അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടുകയാണ്. അതികായരായ കരുണാനിധിയും ജയലളിതയും ഇല്ലാതെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്. സൂപ്പർതാരങ്ങളായ കമൽഹാസനും രജനീകാന്തും അങ്കത്തട്ടിൽ. വേൽയാത്രയുമായി ബിജെപിയും സജീവം. ബിഹാർ തിരഞ്ഞെടുപ്പിൽ അമ്പരപ്പിച്ച അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം കൂടി തമിഴകത്തു മത്സരിക്കാനൊരുങ്ങുന്നു എന്നാണു റിപ്പോർട്ടുകൾ.
കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി സഖ്യമുണ്ടാക്കിയാണ് ഒവൈസി മത്സരിക്കുന്നതെന്ന് അറിയുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 2021 ഏപ്രിൽ- മേയ് മാസങ്ങളിലാണു തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുക. കമലും പാർട്ടിയും മുന്നോട്ടു വയ്ക്കുന്ന നിലപാടുകളോടു മുൻപുതന്നെ ഒവൈസി പിന്തുണ അറിയിച്ചിരുന്നു. 25 സീറ്റുകളിലാകും എഐഎംഐഎം മത്സരിക്കുക എന്നാണ് ഒവൈസിയുമായി അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.
രജനി ഈ മാസം അവസാനം പാർട്ടി പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കിയതിനു പിന്നാലെ, റോഡ് ഷോ അടക്കമുള്ള പ്രചാരണ തന്ത്രങ്ങളുമായി കമലും സംസ്ഥാനത്തു സജീവമാണ്. വെല്ലൂർ, റാണിപത്, തിരുപട്ടുർ, കൃഷ്ണഗിരി, രാമനാഥപുരം, പുതുകോട്ടൈ, ട്രിച്ചി, മധുര, തിരുനെൽവേലി തുടങ്ങിയ ജില്ലകളിൽ മുസ്‍ലിം ജനസംഖ്യ കൂടുതലാണ്. ഇവിടങ്ങളിൽ നേട്ടം കുറിക്കാമെന്ന ലക്ഷ്യത്തിലാണ് ഒവൈസി കമലുമായി കൂട്ടുകൂടുന്നത് എന്നാണു റിപ്പോർട്ടുകൾ
English Summary: Owaisi’s AIMIM May Join Hands With Kamal Haasan’s MNM for Tamil Nadu Polls, Likely to Contest At Least 25 Seats