തദ്ദേശം: ആരു ജയിക്കും? ഫലം എപ്പോൾ, എങ്ങനെ അറിയാം? സമ്പൂർണ വിവരങ്ങൾ

SHARE

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധിയറിയാന്‍ മണിക്കൂറുകൾ മാത്രം. ഡിസംബർ 16നു രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും. വളരെ സൂക്ഷ്മതയോടെയാണ് വരണാധികാരികൾ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കുന്നത്. കോവിഡ് സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കി. കൗണ്ടിങ് ഓഫിസർമാർ, സ്ഥാനാർഥികൾ, കൗണ്ടിങ് ഏജന്റുമാർ എന്നിവർക്കെല്ലാം കയ്യുറ, മാസ്ക് എന്നിവ നിർബന്ധമാണ്. ഫെയ്‌സ് ഷീൽഡും തിരഞ്ഞെടുപ്പ് കമ്മിഷൻ ലഭ്യമാക്കുന്നുണ്ട്. വോട്ടെണ്ണൽ ഹാളിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം. അതത് വിതരണ–സ്വീകരണ കേന്ദ്രങ്ങളിൽവച്ചാണു വോട്ടെണ്ണൽ. സാമൂഹിക അകലം പാലിച്ചു വേണം കൗണ്ടിങ് ടേബിളുകൾ സജ്ജമാക്കേണ്ടതെന്നും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വി.ഭാസ്കരൻ നിർദേശം നൽകിയിട്ടുണ്ട്.

kerala-local-body-elections-Counting-Tables
ഇല‌സ്‌ട്രേഷനുകൾ: ജെയിൻ ഡേവിഡ് എം.

‘അകലം പാലിച്ച്’ ഹാളുകളിൽ ആരെല്ലാം?

ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിങ് ഹാൾ ഉണ്ടാകും. റിട്ടേണിങ് ഓഫിസർക്കൊപ്പം മേശയിൽ 2 പോളിങ് അസിസ്റ്റന്റുമാര്‍ക്കും സീറ്റുണ്ടാകും. സമീപത്തെ മേശയിൽ സ്ഥാനാർഥികളും ഇലക്‌ഷൻ ഏജന്റുമാരും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ സ്ഥാനാർഥികൾക്ക് ഓരോ കൗണ്ടിങ് ഏജന്റിനെക്കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് ഓരോ ഗ്രാമപ്പഞ്ചായത്തിനും ഓരോ കൗണ്ടിങ് ഏജന്റിനെ വീതം ചുമതലപ്പെടുത്താം.

kerala-local-body-elections-polling-officers-vote-counting

പരമാവധി 8 പോളിങ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടിങ് ടേബിൾ എന്ന രീതിയിലാകും സാമൂഹിക അകലം പാലിച്ചുള്ള മേശ ക്രമീകരണം. ഒരു ടേബിളിൽ ഒന്നുവീതം കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റും. ത്രിതലപഞ്ചായത്തുകളിൽ ഓരോ ടേബിളിനും ഒരു കൗണ്ടിങ് സൂപ്പർവൈസറും 2 കൗണ്ടിങ് അസിസ്റ്റന്റുമാരും. മുനിസിപ്പാലിറ്റികളിൽ ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും.

ആദ്യം തപാല്‍ വോട്ട്

ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണു വോട്ടെണ്ണൽ. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്– കോവിഡ് സ്പെഷൽ വോട്ടർമാരുടെ ഉൾപ്പെടെ 2,11,846 തപാൽ വോട്ടുകളാണ് ഇത്തവണയുള്ളത്. സത്യപ്രസ്താവനയില്ലാത്തവ, വോട്ട് രേഖപ്പെടുത്താത്തവ, അവ്യക്തമായവ തുടങ്ങിയ തപാൽ വോട്ടുകൾ എണ്ണില്ല. ഗ്രാമ–ബ്ലോക്ക്–ജില്ലാ പഞ്ചായത്തുകളിലെ തപാൽ വോട്ടുകൾ അതത് കേന്ദ്രങ്ങളിലെ വരണാധികാരികളാണ് എണ്ണുക.

kerala-local-body-elections-2020-postal-votes

പോസ്റ്റൽ വോട്ട് എണ്ണിത്തീരാൻ കാത്തിരിക്കാതെ വോട്ടിങ് യന്ത്രങ്ങളും എണ്ണിത്തുടങ്ങും. ഇതിനായി വോട്ടിങ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റുകൾ സ്ട്രോങ് റൂമുകളിൽ നിന്നു പുറത്തെത്തിക്കും. വോട്ടെടുപ്പിനു ശേഷം പൊലീസ് കാവലിലാണ് സ്ട്രോങ് റൂമുകളില്‍ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്. വോട്ടെണ്ണുന്ന മേശയിലേക്ക് സീല്‍ ചെയ്ത കൺട്രോൾ യൂണിറ്റ് മാത്രമാണ് കൊണ്ടു വരുന്നത് (ബാലറ്റ് യൂണിറ്റിലാണ് നാം വോട്ടു ചെയ്യുക. അതിനു പക്ഷേ വോട്ടെണ്ണലിൽ റോളില്ല. വോട്ടുകളെല്ലാം കൺട്രോൾ യൂണിറ്റിൽ ഭദ്രമായിരിക്കും). കൺട്രോൾ യൂണിറ്റിനൊപ്പം രണ്ട് കവറും വരും. 24എ (അക്കൗണ്ട് ഓഫ് വോട്ട്സ്), കാൻസൽ ചെയ്ത ബാലറ്റ് ലേബൽ എന്നിവയാണ് അതിലുണ്ടാകുക. സീൽ പൊട്ടിയില്ലെന്ന് ഉറപ്പാക്കി കൺട്രോൾ യൂണിറ്റുകൾ ടേബിളിലേക്കു നൽകുന്നത് റിട്ടേണിങ് ഓഫിസറാണ്.

kerala-local-body-election-2020-vote-counting

വോട്ടെണ്ണൽ എങ്ങനെ?

ആദ്യം കാരിയിങ് കെയ്സിലെ സീൽ പൊട്ടിച്ച് കൺട്രോൾ യൂണിറ്റ് പുറത്തിറക്കും. കൺട്രോൾ യൂണിറ്റിന്റെ നമ്പറും സ്ട്രിപ് സീലിന്റെയും ഗ്രീൻ പേപ്പർ സീലിന്റെയും നമ്പറുകൾ പരിശോധിച്ചശേഷം കൗണ്ടിങ് സൂപ്പർവൈസർ കൺട്രോൾ യൂണിറ്റ് മെഷീൻ സ്വിച്ച് ഓൺ ചെയ്യും. മെഷീനിലെ സ്ക്രീനിൽ ഇലക്‌ഷൻ കമ്മിഷനെന്ന വാചകവും തീയതിയും സമയവും മറ്റു വിവരങ്ങളും തെളിയും. ത്രിതല പഞ്ചായത്തിൽ ഉപയോഗിച്ച മെഷീനാണെങ്കില്‍ സ്ക്രീനിൽ വോട്ടുകളുടെ എണ്ണം 3 എന്നു കാണിക്കും. അതായത് പഞ്ചായത്ത്, ബ്ലോക്ക്, ജില്ല. ഓരോ തലത്തിലേക്കും ഓരോ ഐഡി മെഷീനിൽ ഉണ്ടാകും. സ്ഥാനാർഥികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും ബാറ്ററി ചാർജും ഡിസ്പ്ലേയിൽ കാണിക്കും.

Kerala Local Body Election Graphics
ഇല‌സ്‌ട്രേഷനുകൾ: ജെയിൻ ഡേവിഡ് എം.

റിട്ടേണിങ് ഓഫിസർ മെഷീനിലെ സ്ട്രിപ് സീലും പുറകിലെ സീലും മാറ്റി മുകൾഭാഗത്തെ കവർ ഊരും. പ്രതലത്തിൽ റിസൾട്ട് 1, 2 എന്നു രേഖപ്പെടുത്തിയ രണ്ട് ബട്ടൺ ഉണ്ടാകും. അതിൽ റിസൾട്ട് 1 ബട്ടൺ പേപ്പർ സീലിനെ തുളച്ചു കൊണ്ട് അമർത്തുമ്പോൾ വോട്ടെണ്ണൽ ആരംഭിച്ച സമയവും അവസാനിച്ച സമയവും, വോട്ടർമാരുടെ എണ്ണം, ഏത് തലത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്, എത്ര വോട്ടർമാർ, എത്രപേർ വോട്ടു ചെയ്തു, എൻഡ് ബട്ടൻ എത്രപേർ ഉപയോഗിച്ചു, എത്ര സ്ഥാനാർഥി തുടങ്ങിയ വിവരങ്ങൾ കാണിക്കും. ഇതിനുശേഷം, ഓരോ തലത്തിലും ബാലറ്റ് പേപ്പറിൽ അടയാളപ്പെടുത്തിയിരുന്ന ക്രമത്തിൽ സ്ഥാനാർഥികൾക്കു ലഭിച്ച വോട്ട് മെഷീനില്‍ തെളിയും.

പോസ്റ്റ് 1 പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഓരോ ഘട്ടമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഫലം പുറത്തുവരും. മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ ഒരു വോട്ടു മാത്രമായതിനാൽ ഒരു ഫലം മാത്രം. കൺട്രോൾ യൂണിറ്റിൽ തെളിയുന്ന ഫലം അതതു സമയത്തുതന്നെ കൗണ്ടിങ് ഏജൻറുമാരും സ്ഥാനാർഥികളും കാണും. ഈ ഫലവും തപാൽ വോട്ടിന്റെ എണ്ണവും ചേർത്തു വിജയിയെ പ്രഖ്യാപിക്കുന്നത് റിട്ടേണിങ് ഓഫിസറാണ്. അവിടെവച്ചുതന്നെ വിജയിക്കു സർട്ടിഫിക്കറ്റ് നൽകും. സംശയമുണ്ടെങ്കിൽ എത്രതവണ വേണമെങ്കിലും റിസൽട്ട് പരിശോധിക്കാം.

kerala-local-body-elections-2020-vote-counting

വോട്ടെണ്ണിക്കഴിഞ്ഞാൽ...

കൗണ്ടിങ് അസിസ്റ്റന്റ് ഫലം ടാബുലേഷൻ ഫോമിൽ രേഖപ്പെടുത്തും. തുടർന്ന് വോട്ടെണ്ണൽ രേഖകൾ സീൽ ചെയ്യലാണ്–അതിന് പാക്കിങ് ആൻഡ് സീലിങ് യൂണിറ്റുമുണ്ട്. മെഷീൻ ഓഫ് ചെയ്ത് ബാറ്ററി ഭാഗം തുറന്ന് സീൽ ഇളക്കി ബാറ്ററി മാറ്റും. ഡിഎംഎം (ഡിറ്റാച്ചബിൾ മെമറി മൊഡ്യൂൾ) ഇളക്കി ഓരോ തലത്തിലും ഉപയോഗിക്കേണ്ട കവറിൽ ആക്കി റിട്ടേണിങ് ഓഫിസർ ഒപ്പിട്ട് സീൽ ചെയ്യും. കൺട്രോൾ യൂണിറ്റിന്റെ മെമറി കാർഡിനു കേടുവന്നാൽ പകരം സംവിധാനമായാണ് ഡിഎംഎം ഉപയോഗിക്കുന്നത്. തദ്ദേശ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കവറിനു പുറത്ത് രേഖപ്പെടുത്തിയിരിക്കും. ഒരു പഞ്ചായത്തിലെ എല്ലാ ഡിഎംഎമ്മും ഒരു കവറിലാക്കി സീൽ ചെയ്ത് ട്രഷറിയിലേക്കു മാറ്റും. കൺട്രോൾ യൂണിറ്റ് ഗോഡൗണിലേക്കും മാറ്റും. കനത്ത കാവലിലായിരിക്കും ഇത് സൂക്ഷിക്കുക. ഓരോ വാർഡിലെ കൗണ്ടിങ് കഴിഞ്ഞാൽ ആ വാർഡിലെ സ്ഥാനാർഥിയും ഏജന്റും പുറത്തു പോകണം.

kerala-local-body-elections-2020-strong-room
ഇലസ്ട്രേഷൻ: ജെയിൻ ഡേവിഡ്.എം.

ഓരോ വാർഡിലെയും ലീഡ് നില അപ്പപ്പോൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ട്രെൻഡ് യൂണിറ്റുകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ട്രെൻഡ് വെബ്‌സൈറ്റിലൂടെ പൊതുജനത്തിന് ഫലമറിയാനാകും. മനോരമ ഓൺലൈനും എല്ലാ ജില്ലയിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ഏറ്റവും പുതിയ വാർത്തകളും ഫലവും ചിത്രങ്ങളും വായനക്കാർക്കു മുന്നിലേക്ക് 16നു രാവിലെ മുതൽ എത്തിക്കുന്നുണ്ട്.

സംസ്ഥാനത്തൊട്ടാകെ 244 വോട്ടണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കൊല്ലം 16 വീതം, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂർ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട്, കണ്ണൂർ 20 വീതം, വയനാട് 7, കാസർകോട് 9 എന്നിങ്ങനെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഡിസംബർ 21നാണ് തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ.

English Summary: How Kerala Conducting it's Local Body Election 2020 Vote Counting During Covid19 - Visual Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.