ADVERTISEMENT

തിരുവനന്തപുരം∙ മാധ്യമപ്രവർത്തകൻ എസ്.വി.പ്രദീപിന്റെ (45) മരണത്തിനിടയാക്കിയ ലോറി കണ്ടെത്തി. ഡ്രൈവർ ജോയിയെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഈഞ്ചയ്ക്കലിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലക്കുറ്റമാണ് ജോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉടമ മോഹനനെയും കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് പറഞ്ഞു. മോഹനന്റെ മകളുടെ പേരിലാണു ലോറി. വെള്ളായണിയില്‍ ലോ‍ഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ മൊഴി നൽകി.

മോഹനനും ജോയിയും വട്ടിയൂർക്കാവിലെ ക്വാറിയിൽനിന്ന് എം സാൻഡ് കയറ്റി ശാന്തിവിള ഭാഗത്തേക്കു പോകുകയായിരുന്നു. വാഹനം ഇടിച്ച കാര്യം അറിഞ്ഞിരുന്നു എന്നും പേടി കാരണമാണ് നിർത്താതെ പോയതെന്നും ജോയി പൊലീസിനോടു പറഞ്ഞു. എം സാൻഡ് ഇറക്കിയശേഷം, അപകടം നടന്ന സ്ഥലം ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് പേരൂർക്കടയിലേക്കു പോയത്. ലോറി നമ്പർ വ്യക്തമല്ലെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞശേഷമാണ് രാവിലെ ലോറി വീണ്ടും എടുത്തത്. ഈ ലോറി ഈഞ്ചക്കലിലൂടെ പോകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്.

sv-pradeep-accident-lorry
ഇടിച്ചിട്ട ലോറി

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു കാരക്കാമണ്ഡപം ജംക്‌ഷനു സമീപത്തുവച്ച് പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിച്ചത്. റോഡിലേക്കു തെറിച്ചു വീണ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ചിട്ട വാഹനത്തിന്റെ നമ്പർ സിസിടിവിയിൽ വ്യക്തമായിരുന്നില്ല. അപകടം നടന്ന സ്ഥലത്ത് ട്രാഫിക് സിസിടിവി ഇല്ലെങ്കിലും എതിർവശത്തെ ഒരു കടയിലെ സിസിടിവിയിൽ ഈ വാഹനം കുടുങ്ങിയിരുന്നു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഫോർട്ട് എസി പ്രതാപൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ കഴിഞ്ഞു വലത്തേക്കു തിരിഞ്ഞ ലോറിയുടെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. പിന്നീട് ലോറി ഉടമകളെയും ക്വാറികളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ലോറി തിരിച്ചറിഞ്ഞത്. പ്രദീപിന്റെ മൃതദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിനു വച്ചു.

233 സിസിടിവി ക്യാമറകൾ; പ്രവർത്തിക്കുന്നത് 35 മാത്രം

തിരുവനന്തപുരം നഗരത്തിലെ സിസിടിവി ക്യാമറകളുടെ തകരാര്‍ പരിഹരിക്കുന്നതില്‍ ആഭ്യന്തരവകുപ്പിനു ഗുരുതര അനാസ്ഥയാണെന്ന ആരോപണവും പ്രദീപിന്റെ മരണത്തോടെ കൂടുതൽ ശക്തമാകുകയാണ്. ഒന്നര വര്‍ഷം മുന്‍പാണ് തലസ്ഥാനത്തെ ഏറ്റവും പ്രധാന റോഡില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാര്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ജീവനെടുത്തത്.

മ്യൂസിയം പൊലീസ് സ്റ്റേഷനില്‍നിന്ന് നൂറു മീറ്റര്‍ മാത്രം അകലെ നടന്ന അപകടമായിട്ടും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നും ലഭിച്ചിട്ടില്ല. ഇതോടെ ഇല്ലാതായത് പ്രതികള്‍ക്കെതിരെയുള്ള ഏറ്റവും വലിയ തെളിവാണ്. എസ്.വി. പ്രദീപിന്റെ അപകടമരണത്തിലും പൊലീസിന്റെ ക്യാമറയില്‍ അപകടം പതിഞ്ഞില്ല. തലസ്ഥാന നഗരത്തിലെ പൊലീസ് ക്യാമറകളെല്ലാം കണ്ണടച്ചിരിക്കുന്നതാണ് കാരണം. ആകെ 233 ക്യാമറകളിൽ 35 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കെല്‍ട്രോണിനായിരുന്നു തകരാര്‍ പരിഹരിക്കാനുള്ള കരാര്‍. അത് 2018 ഓഗസ്റ്റില്‍ തീര്‍ന്നശേഷം പുതുക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

English Sumamry: Kerala SIT searches for truck which hit and killed journalist SV Pradeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com