ADVERTISEMENT

തിനയിൽ തുടങ്ങി, ഓലപ്പടക്കവും മാലപ്പടക്കവും ഗുണ്ടും അമിട്ടും പൊട്ടിക്കഴിഞ്ഞു കുഴിമിന്നലിനു തീ കൊടുത്താലുള്ള വെടിക്കെട്ടിന്റെ പ്രകമ്പനം പോലെയാണിപ്പോൾ കേരളം. പതിവുള്ള ചെറുവിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കടന്ന്, രാജ്യാന്തര മാനമുള്ള സ്വർണക്കടത്തിന്റെ കടുത്ത മഞ്ഞവെളിച്ചത്തിനു മുന്നിൽ ഭരണപക്ഷം ഇടറിനിന്ന കാഴ്ച. മഹാമാരിക്കു പിന്നാലെ വിവാദങ്ങളുടെ പെരുമഴ. ‘ക്യാപ്സൂളുകൾ’ കൊണ്ടുമാത്രം പ്രതിപക്ഷ ശബ്ദങ്ങളെ പ്രതിരോധിക്കാനാകാത്ത സാഹചര്യം. നാലുവർഷത്തെ പ്രതിച്ഛായ നാലാഴ്ച കൊണ്ടു മങ്ങി. എന്നിട്ടും മടിയിൽ കനമില്ലെന്ന ആത്മവിശ്വാസവുമായി അരയും തലയും മുറുക്കി സിപിഎമ്മും ഇടതുമുന്നണിയും കളത്തിലിറങ്ങി. വികസനത്തിന്റെയും നേട്ടങ്ങളുടെയും പട്ടിക നിരത്തി. പോസ്റ്ററിൽ പടം പോലുമില്ലെങ്കിലും മുഖ്യമന്ത്രിയാണു പടനായകനെന്ന് ഇടതുനേതാക്കൾ ആവർത്തിച്ചു. ഒടുവിൽ, കനൽവഴികളിലും പതറാതെ, തന്റെ പേരിനെ അന്വർഥമാക്കി വിജയശ്രീലാളിതനായി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി പാർട്ടിയിലും സർക്കാരിലും നിലപാടുറപ്പിച്ച് മുന്നോട്ട്. തദ്ദേശത്തിലെ സ്വപ്നസമാന മുന്നേറ്റത്തിന്റെ എതിരില്ലാ നായകനായി.

വോട്ടിങ് യന്ത്രത്തിനു മാത്രമല്ല, വോട്ടർമാർക്കും മുഖമറയുണ്ടായിരുന്ന തിര‍ഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കേട്ടുകേൾവിയോ കണ്ടുപരിചയമോ ഇല്ലാത്ത പിപിഇ കിറ്റ് ധരിച്ചുവരെ വോട്ടർമാർ പോളിങ് ബൂത്തിൽ എത്തിയ നാളുകൾ. ‘സാനിറ്റൈസറിനാൽ സ്നാനം ചെയ്യപ്പെട്ട’ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംപിടിക്കുന്നതു പക്ഷേ, മറയില്ലാതെ ജനം ഒഴുകിയെത്തി മനസ്സ് രേഖപ്പെടുത്തിയതിനാലാണ്. മൂന്നു ഘട്ടങ്ങളിലായി സംസ്ഥാനത്താകെ 75.93 ശതമാനം പോളിങ്. ഈ തിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രവും സംസാരവിഷയവും വില്ലനും ഒരേയൊരാളായിരുന്നു– കോവിഡ് ! മഹാമാരിയുടെ കാലത്തു രാഷ്ട്രീയം പറയാമോ എന്നതായിരുന്നു മുഖ്യ തർക്കം. ആ സ്ഥിതി പെട്ടെന്നു മാറി, രാഷ്ട്രീയം മാത്രമേ പറയൂ എന്നായി. ലോകം മുഴുവൻ വിറങ്ങലിച്ചു നിന്ന മഹാമാരിയിലും കേരളത്തിലെ ഭരണ– പ്രതിപക്ഷങ്ങൾ പോരിലേർപ്പെട്ടു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ലക്ഷ്യം. അതിനുള്ള കളമൊരുക്കലും സെമിഫൈനലുമായാണു തദ്ദേശ തിരഞ്ഞെടുപ്പിനെ കണ്ടതും. തിരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിച്ച പ്രധാന സംഭവങ്ങളിൽ ചിലത് ചുവടെ.

∙ മുഖംമിനുക്കാൻ പിആർ ഏജൻസി

മാറ്റങ്ങളോടു പെട്ടെന്ന് ഇണങ്ങുന്നവരാണു രാഷ്ട്രീയക്കാർ, മാറ്റം മുൻകൂട്ടി കാണുന്നവർ എന്നും വിശേഷണം. രാഷ്ട്രീയ മുന്നൊരുക്കങ്ങൾക്കു കോവിഡ് തടസ്സമാകരുത് എന്നതിലേക്കു സംസ്ഥാന രാഷ്ട്രീയം പെട്ടെന്നാണു ചുവടുമാറിയത്. മുന്നണി രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലായ കേരളത്തിൽ പാർട്ടികളുടെയും മുന്നണികളുടെയും മന്ത്രിസഭയുടെയും യോഗങ്ങൾ വരെ വിഡിയോ കോൺഫറൻസിലൂടെ നടത്താമെന്നായി. ലക്ഷങ്ങൾ അണിനിരന്ന വെബ് റാലികൾക്കും കേരളം സാക്ഷി. ഓഖിയും നിപ്പയും പ്രളയങ്ങളും അതിജീവിച്ച ജനതയെന്ന അഭിമാനത്തിൽ മലയാളികളും സർക്കാരും മുന്നോട്ടു പോകുമ്പോഴായിരുന്നു ഇടിത്തീയായി കൊറോണ വൈറസിന്റെ വരവ്. ഏവരും വീടിനകത്തായിപ്പോയ നാളുകൾ. ദിവസവും വൈകിട്ട് ആറിനു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനായി ലോകമെമ്പാടും മലയാളികൾ കാത്തിരുന്ന സമയം.

പ്രതിരോധ പ്രവർത്തനങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ക്രമേണ വാർത്താസമ്മേളനങ്ങൾ സർക്കാർ രാഷ്ട്രീയ പ്രചാരണത്തിനാണോ ഉപയോഗിക്കുന്നതെന്നു പ്രതിപക്ഷത്തിനു സംശയമായി. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷ നേതാവു മുതൽ കെഎസ്‌യു പ്രസിഡന്റ് വരെയുള്ളവർ പ്രതികരിക്കുമ്പോൾ ഒരു വാക്ക് ആവർത്തിച്ചു– ‘പിആർ ഏജൻസി’. പ്രതിച്ഛായ കൂട്ടാനും തിരഞ്ഞെടുപ്പു നേട്ടത്തിനു സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാനുമായി മുഖ്യമന്ത്രി ഒരു ഏജൻസിയുടെ സഹായം തേടി എന്നതായിരുന്നു ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ പ്രയോഗത്തിന്റെ പൊരുൾ. സിപിഎമ്മും സർക്കാർ കേന്ദ്രങ്ങളും പിന്നീട് മുഖ്യമന്ത്രി തന്നെയും ഇതു നിഷേധിച്ചു. പരസ്യ ഏജൻസിക്കാർ പറയുന്നതിനൊത്തു തുള്ളുന്നയാളായി പിണറായിയെ സങ്കൽപിക്കാനാകുമോ എന്ന ചോദ്യം കൊണ്ടു സിപിഎം പ്രതിരോധമുയർത്തിയെങ്കിലും ആരോപണം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്.

∙ കോവിഡിനെ കുരുക്കാൻ സ്പ്രിൻക്ലർ

കോവിഡ് കാലം വിവാദങ്ങളുടെ കൂടി കാലമാണ്. സർക്കാരിനെ കുരുക്കിലാക്കിയ വൻ സംഭവങ്ങൾക്കു വേദിയൊരുക്കിയതും കോവിഡാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആദ്യം പൊട്ടിച്ച വെടികളിലൊന്നായിരുന്നു സ്പ്രിൻക്ലർ. കോവിഡ് വിവരവിശകലനത്തിനു യുഎസിലെ സ്പ്രിൻക്ലർ കമ്പനിക്കു കരാർ നൽകിയതിലെ സർക്കാർ ഒളിച്ചുകളിയാണു പ്രതിപക്ഷം വിഷയമാക്കിയത്. കോവിഡ് ബാധിതരുടെ വിവരവിശകലനത്തിനാണ് അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറുമായി 2020 ഏപ്രിൽ 2ന് കരാർ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മുൻകയ്യെടുത്താണു കരാർ ഉണ്ടാക്കിയത്. ഐടി സെക്രട്ടറി എന്ന നിലയിൽ ശിവശങ്കർ തന്നെയാണു കരാറിൽ ഒപ്പിട്ടതും.

സോഫ്റ്റ്‌വെയർ 6 മാസം സൗജന്യം; തുടർന്ന് ഉപയോഗിക്കണമെങ്കിൽ പണം നൽകണം എന്നായിരുന്നു വ്യവസ്ഥ. വിവാദമായതോടെ 6 മാസത്തിനു ശേഷം കരാർ പുതുക്കിയില്ല. മാർച്ച് 24 മുതൽ പ്രാബല്യമുണ്ടായിരുന്ന കരാർ സെപ്റ്റംബർ 24ന് അവസാനിച്ചു. ഇതിനിടയിൽ സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ലെന്നു സി–ഡിറ്റ് സ്ഥിരീകരിച്ചു. കരാർ വിവാദമായതിനെത്തുടർന്ന് ഹൈക്കോടതി നിർദേശമനുസരിച്ച് ഡേറ്റ ഏപ്രിൽ 22ന് സി–ഡിറ്റിന്റെ ആമസോൺ ക്ലൗഡ് അക്കൗണ്ടിലേക്കു മാറ്റി. ഇതിനായി ക്ലൗഡ് ശേഷി വർധിപ്പിക്കാൻ ലക്ഷങ്ങൾ ചെലവാക്കി. കോവിഡ് വിവരവിശകലനത്തിനു സ്പ്രിൻക്ലർ കമ്പനിക്കു കരാർ നൽകിയതിൽ ഒട്ടേറെ വീഴ്ചകളെന്നു ചൂണ്ടിക്കാണിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ട് വീണ്ടും പഠിക്കാൻ മറ്റൊരു സമിതിയെ വച്ചതും പ്രതിപക്ഷം ആയുധമാക്കി.

∙ പ്രതിപക്ഷത്തിനും സിപിഐയ്ക്കും അന്തർധാരയോ?

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിവാദം ചൂടുപിടിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊഴിമുഖം സന്ദർശിച്ചു. കടപ്പുറത്തുനിന്നു മണലെടുക്കുന്നതിനെ ചെറുക്കുന്നതിൽ പ്രതിപക്ഷവും സിപിഐയും ഒറ്റക്കൈയായിരുന്നു. ന്യായീകരണങ്ങളുമായി സിപിഎം മറുവശത്തും. അടുത്ത കാലത്തായി പ്രതിപക്ഷവും സിപിഐയും തമ്മിൽ അന്തർധാരകളുണ്ടെന്ന ആരോപണവും ഉയർന്നു; ഇരുപക്ഷവും എതിർത്തെങ്കിലും. സർക്കാരിനെതിരെ ഉയർന്നുവന്ന വിവാദങ്ങളിലെല്ലാം ഇരുകൂട്ടരുടെയും നിലപാടുകളിലെ സമാനതകളാണ് ആരോപണത്തിനു വഴിതുറന്നത്. സർക്കാരും സിപിഎമ്മും ഒരുഭാഗത്തു നിൽക്കുമ്പോൾ പ്രതിപക്ഷവും സിപിഐയും മറുവശത്തു ‘കൈകോർക്കാതെ’ പൊരുതുകയും ആ പോരാട്ടം പലപ്പോഴും വിജയിക്കുകയും ചെയ്തു. സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഏറെ പ്രതിസന്ധിയിലാക്കിയ എം.ശിവശങ്കറിനെതിരെ ആദ്യം അതൃപ്തി അറിയിച്ചും സിപിഐ സ്വന്തം മുഖം രക്ഷിച്ചു.

‘സ്പ്രിൻക്ലർ’ വിവാദം ഉയർത്തിക്കൊണ്ടുവന്നതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെങ്കിൽ, ഇടതുപക്ഷത്തിനുള്ളിൽ തിരുത്തലിനായി ശബ്ദിച്ചത് കേരളത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയതലത്തിൽ ജനറൽ സെക്രട്ടറി ഡി.രാജയുമായിരുന്നു. പമ്പാ ത്രിവേണിയിൽനിന്നുള്ള മണലെടുപ്പിനു പിന്നിലെ ‘ചെളി’ പുറത്തു കൊണ്ടുവന്നതും പ്രതിപക്ഷം തന്നെ. അതിരപ്പിള്ളി അണക്കെട്ടിന്റെ കാര്യത്തിൽ സർക്കാരും കെഎസ്ഇബിയും ചെയ്തതു സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന മുഖ്യമന്ത്രിയുടെയും മന്ത്രി എം.എം.മണിയുടെയും വിശദീകരണം തള്ളുന്നില്ലെങ്കിലും പദ്ധതി ആവശ്യമില്ലെന്ന നിലപാടാണു സിപിഐയുടേത്. അമിത ബില്ലിനെതിരെ കേരളം മുഴുവൻ വൈദ്യുതവിളക്കുകൾ അണച്ചുള്ള സമരം പ്രതിപക്ഷം പ്രഖ്യാപിച്ചപ്പോൾ, വിഷയത്തിൽ സിപിഐ നിർവാഹകസമിതി പ്രമേയം പാസാക്കി പരസ്യമാക്കി. തൊട്ടുപിറ്റേന്നു ബില്ലിലെ ഇളവുകൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

∙ സ്വർണത്തിളക്കമുള്ള രാജ്യാന്തര വിവാദം

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റേതിൽനിന്നു നേർവിപരീതമായ ഭരണ, വികസന സമീപനങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തിയത്. സ്വകാര്യ സംരംഭകർക്കു വാതിൽ തുറന്നിട്ടു; വിദേശ കുത്തകകളോടുള്ള അയിത്തം മാറ്റിവച്ചു; വിമർശനങ്ങൾക്കു വില കൽ‍പിക്കാതെ ലോക കേരളസഭകളിലൂടെ വിദേശ വമ്പന്മാരുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചു. ആ ചുവപ്പൻ പരവതാനിയിലൂടെ ഒരു ‘അവതാരവും’ കടന്നുവരാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എവിടെയോ പാളിയെന്നു സ്വർണക്കടത്ത് വിവാദം തെളിയിച്ചു. സ്വപ്ന സുരേഷ് എന്ന ഗൂഢാവതാര ലക്ഷണങ്ങളൊത്ത വ്യക്തി ഉന്നത ഭരണകേന്ദ്രങ്ങളുമായി നടത്തിയ സമ്പർക്കങ്ങൾ അഞ്ചാം വർഷം സർക്കാരിനെ വലിയ കുരുക്കിലാക്കി.

പാർട്ടിക്കാര്യങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരിൽ പാർട്ടിയും പരിധിവിട്ട് ഇടപെടാനില്ലെന്ന ധാരണയിലാണു പിണറായിയും സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണനും പ്രവർത്തിച്ചത്. നയതന്ത്ര പാഴ്സലുകളിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്നതുപോലെയുള്ള വലിയ കുറ്റകൃത്യത്തിനു തുനിഞ്ഞ ക്രിമിനൽ റാക്കറ്റിലെ മുഖ്യകണ്ണി പക്ഷേ ഇടതുസർക്കാരിന്റെ ഭാഗമായി; മുഖ്യമന്ത്രിയുടെ വിശ്വസ്ത ഉദ്യോഗസ്ഥൻ അവരുടെ തലതൊട്ടപ്പനുമായി. പാലക്കാട് എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ നേതാവിൽനിന്നു പിണറായിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായുള്ള വളർച്ചയിൽ എം.ശിവശങ്കർ ആർജിച്ച വിശ്വാസ്യത ദുരുപയോഗം ചെയ്തതായി പാർട്ടിയും മുന്നണിയും വിലയിരുത്തി.

Election Results

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സ്വർണക്കടത്ത് കേസിലെടുത്ത താൽപര്യവും നരേന്ദ്ര മോദി സർക്കാരിന്റെ മനോഭാവവും ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രിയെയും ആ നിലയ്ക്കും വാർത്താതലക്കെട്ടിൽ പ്രതിഷ്ഠിച്ചു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഉന്നത ഉദ്യോഗസ്ഥ വൃന്ദങ്ങളിലും സ്വപ്ന സുരേഷ് നടത്തിവന്ന സമ്പർക്കങ്ങളെക്കുറിച്ചു സർക്കാരിന് ഒരു അപകടസൂചനയും മുൻകൂട്ടി ലഭിച്ചിരുന്നില്ലേ എന്ന ചോദ്യം സാധാരണക്കാർ വരെ ചോദിച്ചു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു തട്ടിപ്പുകാരി യുഎഇ കോൺസുലേറ്റിലെ പദവിയും സംസ്ഥാന ഭരണത്തിലെ സ്വാധീനവും കരുവാക്കി ഒരു അധോലോക ശൃംഖലതന്നെ നെയ്തു. തൽഫലമായി കേരളത്തിന്റെ മുഖ്യമന്ത്രി പ്രതിസന്ധിയിലായ ഗുരുതര സാഹചര്യം മുൻകൂട്ടിക്കണ്ട് സർക്കാരിനെ ബോധ്യപ്പെടുത്താൻ സംസ്ഥാന ഇന്റലിജൻസിന് എന്തുകൊണ്ടു കഴിഞ്ഞില്ലെന്ന് എതിരാളികളും ചോദ്യമെറിഞ്ഞു.

സിബിഐയും എൻഐഎയും ഇഡിയും അടക്കമുള്ള കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്റിനു ചുറ്റും വട്ടമിട്ടു കറങ്ങുകയാണ്. കേന്ദ്ര ഏജൻസികളെ കത്തെഴുതി ക്ഷണിച്ച മുഖ്യമന്ത്രി, ഒടുക്കം അവരെ കേരളത്തിൽ ‘മേയാൻ’ അനുവദിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കേണ്ട അവസ്ഥയായി. സ്വപ്ന സുരേഷ് കമ്മിഷൻ വാങ്ങിയ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലേക്ക് റെഡ് ക്രസന്റിനെ എത്തിച്ചത് ശിവശങ്കറാണെന്ന് ലൈഫ് മിഷൻ സിഇഒ യു.വി.ജോസ് വ്യക്തമാക്കിയതോടെ ആ പദ്ധതിയും അന്വേഷണ പരിധിയിലായി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എൻഐഎ അന്വേഷണം തുടങ്ങിയതെങ്കിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതു പാർട്ടിയെയും പ്രതിസന്ധിയിലാക്കി. സ്പീക്കർ പി.ശ്രീരാമകൃഷ്ണനിലേക്കും കെ.ടി.ജലീൽ ഉൾപ്പെടെയുള്ള മന്ത്രിമാരിലേക്കും ആരോപണമുനകൾ നീണ്ടു.

∙ രണ്ടിലയിൽ നെയ്ത സ്വപ്നം

യുഡിഎഫ്–കേരള കോൺഗ്രസ് (എം) വഴിപിരിയൽ അതീവ പ്രാധാന്യമുള്ള സമീപകാല സംഭവമായാണു സിപിഎം കാണുന്നത്. എൽഡിഎഫിനു വൻഭൂരിപക്ഷം കിട്ടിയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം, എറണാകുളം ജില്ലകളിൽ യുഡിഎഫ് ആധിപത്യം നിലനിർത്തിയതു കോൺഗ്രസ്–കേരള കോൺഗ്രസ് സഖ്യത്തിന്റെ ബലത്തിലാണ്. ആ കൂട്ടുകെട്ടിലാണു വിള്ളൽ വീണത്. പി.ജെ.ജോസഫ് പക്ഷം യുഡിഎഫിൽ നിലയുറപ്പിച്ചപ്പോൾ, പുറത്തേക്കുപോയ ജോസ് കെ.മാണി പക്ഷത്തെ രണ്ടുകയ്യും നീട്ടിയാണു സിപിഎം സ്വീകരിച്ചത്. 1957ലെ ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട ശേഷം 60ലെ തോറ്റ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേടിയ 39.14% വോട്ട് നേടാൻ, തനിച്ചോ സിപിഐയുമായി ചേർന്നോ സിപിഎമ്മിന് പിന്നീടായിട്ടില്ല.

40 ശതമാനത്തിലേറെ വോട്ട് സമാഹരിക്കുന്നതു മറ്റു കക്ഷികളുടെ പിന്തുണയോടെയാണ്. എൽഡിഎഫ് എന്ന നിലയിൽ ആദ്യം മത്സരിച്ച 1980 നു ശേഷം ഇതുവരെ 50 ശതമാനത്തിൽ കൂടുതൽ വോട്ട് മുന്നണി നേടിയിട്ടില്ല. ജനസംഖ്യയുടെ 26% വരുന്ന മുസ്‌ലിം വിഭാഗത്തിലും 22% വരുന്ന ക്രിസ്ത്യൻ വിഭാഗത്തിലും മുസ്‌ലിം ലീഗിന്റെയും കേരള കോൺഗ്രസിന്റെയും സ്വാധീനമാണു ഭരണത്തുടർച്ചയ്ക്കുള്ള പ്രധാന തടസ്സമെന്നാണു സിപിഎം വിലയിരുത്തൽ. പോരടിക്കുന്ന കേരള കോ‍ൺഗ്രസിലെ ഇരുവിഭാഗങ്ങളിൽ ഒന്നായ, കെ.എം.മാണിയുടെ മകൻ ജോസ് കെ.മാണി നയിക്കുന്ന പക്ഷത്തിനു ചേക്കേറാൻ എൽഡിഎഫ് പച്ചക്കൊടി കാട്ടിയത് ഈ പശ്ചാത്തലത്തിലാണ്.

മാണിയുടെ രാഷ്ട്രീയ പിൻഗാമി ജോസ് കെ.മാണിയെ എൽഡിഎഫിൽ ഉൾപ്പെടുത്താനായി ബാർ കോഴക്കേസിനെ തള്ളിപ്പറയുകയും അതിന്റെ പ്രസക്തി ചോദ്യം ചെയ്യുകയും ചെയ്ത അതേ മുന്നണിയുടെ സർക്കാർ കരണം മറിഞ്ഞത് ആഴ്ചകൾക്കുള്ളിലായിരുന്നു. അതേ ബാർ കോഴയിൽ പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കാനാണു നീക്കം. നേരത്തേ മാണിക്കെതിരെ ആരോപണമുന്നയിച്ച ബാറുടമ ബിജു രമേശിന്റെ ആരോപണങ്ങൾ തന്നെയാണ് ഇതിനും ആധാരം. പിണറായിയും കോടിയേരിയും ചേർന്നു ബാർ കേസ് അട്ടിമറിച്ചുവെന്ന ബിജുവിന്റെ ആക്ഷേപവും അതും അന്വേഷിക്കണമെന്ന പരാതിയും പാർട്ടിയും സർക്കാരും കണ്ടതായി നടിക്കുന്നില്ല. മാണിക്കെതിരെയുള്ള ആദ്യ ആരോപണം പിൻവലിക്കാൻ ജോസ്  10 കോടി രൂപ വാഗ്ദാനം ചെയ്തുവെങ്കിൽ, ശേഷം എന്തു സംഭവിച്ചു എന്നതും അന്വേഷണ പരിധിയിലില്ല.

∙ ഓർഡിനൻസും റിപ്പീലിങ് ഓർഡിനൻസും

വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊലീസ് നിയമഭേദഗതി സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതു ദേശീയ തലത്തിൽതന്നെ വൻചർച്ചയായി. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ പേരുപറഞ്ഞു പൊലീസ് നിയമത്തിൽ കേരളം കൊണ്ടുവന്ന ഭേദഗതി എല്ലാ വിനിമയ ഉപാധികൾക്കും ബാധകമാക്കിയതാണു വിവാദമായത്. ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി എന്നീ ലക്ഷ്യങ്ങളോടെ ഏതു വിനിമയ ഉപാധിയിലൂടെയും മറ്റുള്ളവർക്കെതിരെ വ്യാജപ്രചാരണം നടത്തിയാൽ മൂന്നു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ നൽകാനാണു നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കോഗ്നിസബിൾ വകുപ്പാണിത്. ആരും പരാതി ഉന്നയിക്കാതെതന്നെ പൊലീസിനു സ്വമേധയാ കേസെടുക്കാൻ കഴിയുന്ന തരത്തിൽ നിയമം കൊണ്ടുവരുന്നതിൽ ദുരുപയോഗ സാധ്യതകളേറെയുണ്ടെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. മാധ്യമമാരണ നിയമമായി വ്യാഖ്യാനിക്കപ്പെട്ടതോടെ വിവാദമായ പൊലീസ് നിയമഭേദഗതി ഓർഡിനൻസ് ഒടുവിൽ റദ്ദാക്കി. ഭേദഗതി പിൻവലിക്കാനുള്ള റിപ്പീലിങ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഒരു ഓർഡിനൻസ് റദ്ദാക്കാനായി റിപ്പീലിങ് ഓർഡിനൻസ് ഇറക്കുന്നതു സംസ്ഥാന ചരിത്രത്തിൽ ആദ്യമായിരുന്നു. 5 ദിവസം മാത്രം ആയുസ്സുള്ള നിയമഭേദഗതിയായി അതു മാറിയത് ആശ്വാസം.

∙ 2015ലെ കണക്കുകൾ ഇങ്ങനെ

യുഡിഎഫ് തകർന്നടിഞ്ഞില്ലെങ്കിലും 2010ലെ വൻ തോൽവിയിൽനിന്നു തിരിച്ചുവന്ന എൽഡിഎഫിനായിരുന്നു 2015ൽ മേധാവിത്തം. വോട്ടിങ് ശതമാനം: എൽഡിഎഫ് – 41.85%, യുഡിഎഫ് – 40.23%, ബിജെപി – 14.21%. 2010ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചതിനു പിന്നാലെ, 2011ൽ ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2015ൽ എൽഡിഎഫ് പിടിച്ചപ്പോൾ 2016ൽ പിണറായി വിജയനായി ഊഴം. അപ്പോൾ 2020ലെ ജേതാവിന് 2021ലും പ്രതീക്ഷ പുലർത്താം. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ രത്നച്ചുരുക്കം ഇങ്ങനെ.

∙ ജില്ലാ പഞ്ചായത്ത് (14):
യുഡിഎഫ്– 7, എൽഡിഎഫ്– 7

∙ ബ്ലോക്ക് പഞ്ചായത്ത് (152):
എൽഡിഎഫ്– 92, യുഡിഎഫ്– 60

∙ ഗ്രാമപഞ്ചായത്ത് (941):
എൽഡിഎഫ്– 577, യുഡിഎഫ്– 347, ബിജെപി– 12, മറ്റുള്ളവർ– 5

∙ മുനിസിപ്പാലിറ്റി (86):
എൽഡിഎഫ്– 45, യുഡിഎഫ്– 40

∙ കോർപറേഷൻ (6):
എൽഡിഎഫ്– 5, യുഡിഎഫ്– 1.

∙ ‘ഈ സർക്കാരിനു ഭരണത്തുടർച്ച വേണ്ടേ?’

പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്കു പ്രവേശിച്ചതുമായി ബന്ധപ്പെട്ട ഗൃഹസന്ദർശന പരിപാടിയിൽ ഒരു സന്ദേശം ഓരോ വീട്ടിലും ഇടതു പ്രവർത്തകർ എത്തിച്ചിരുന്നു: ‘ഈ സർക്കാരിനു ഭരണത്തുടർച്ച വേണ്ടേ?’ ഫൈനലിന്റെ ഫലം സെമിയിൽനിന്ന് അറിയാനാവില്ലെങ്കിലും ജനം ‘ഭരണത്തുടർച്ചയാവാം’ എന്നൊരു സന്ദേശം കൈമാറുന്നതായി ഇടത് കേന്ദ്രങ്ങൾ തദ്ദേശഫലത്തിലൂടെ ആശ്വസിക്കുന്നു. പാലായും വട്ടിയൂർക്കാവും പോലെ, സാമുദായിക സമവാക്യങ്ങൾ യുഡിഎഫിന് അനുകൂലമായ നിയമസഭാ മണ്ഡലങ്ങളിലെ അട്ടിമറിജയത്തിനൊപ്പം ഈ മുന്നേറ്റവും ഇടതു പ്രതീക്ഷ ഏറെ വളർത്തുന്നു.

1200-pinarayi-vijayan-ramesh-chennithala-k-surendran
പിണറായി വിജയൻ, രമേശ് ചെന്നിത്തല, കെ.സുരേന്ദ്രൻ

കോവിഡ് നിയന്ത്രണം മൂലം മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ നേരിട്ടു വോട്ടു തേടിയില്ല. ഓൺലൈൻ പ്രചാരണത്തിലായിരുന്നു സജീവം. അവസാന ദിനങ്ങളിൽ കണ്ണൂരിൽ മാത്രമാണു പുറത്തിറങ്ങിയത്. മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദനും പിണറായിയും കോടിയേരിയും പൊതുപ്രസംഗം നടത്താത്ത, പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത തിര‍ഞ്ഞെടുപ്പ് എന്ന വിശേഷണവും ഇക്കുറിയുണ്ട്. കേരളത്തിന്റെ രാഷ്ട്രീയമണ്ണിൽ ഇടതുമുന്നണി വിത്തിട്ടു കിളിർപ്പിച്ചതും നനച്ചു വളർത്തിയതും വാടിയിട്ടില്ലെന്നു തദ്ദേശഫലം വിളിച്ചോതുന്നു. വിവാദസൂര്യൻ ഉദിച്ചാലും മണ്ണിൽ ആഴത്തിൽ പടർന്ന ഇടതുവേരുകൾ ജീവജലം കണ്ടെത്തി മുന്നണിയെ ഉയിർപ്പിക്കുമെന്ന ആശ്വാസമാണ് തിരഞ്ഞെടുപ്പ് എൽഡിഎഫിന് നൽകുന്നതും.

English Summary: How Kerala Local Election Results 2020 affect LDF and CM Pinarayi Vijayan ahead of Legislative Assembly Election- Political Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com