ADVERTISEMENT

കൊച്ചി∙ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ നേട്ടം കൊയ്ത് ജനകീയ കൂട്ടായ്മയായ ട്വന്റി20. 2015ലെ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത് മത്സരിച്ച് വൻ ലീഡുമായി ഭരണം പിടിച്ച് ഞെട്ടിച്ച ട്വന്റി20, ഇത്തവണ കിഴക്കമ്പലത്ത് ഉൾപ്പെടെ മത്സരിച്ച നാലു പഞ്ചായത്തുകളിലും ഭരണം പിടിച്ചു. ഇതിൽ ആദ്യമായി മത്സരിച്ച ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷം പോലുമില്ലാതെ ട്വന്റി20 മുഴുവൻ സീറ്റുകളും തൂത്തുവാരി. ആകെയുള്ള 14 വാർഡുകളിലും ഇവിടെ ട്വന്റി20 സ്ഥാനാർഥികൾ തന്നെ വിജയിച്ചു.

കിഴക്കമ്പലത്ത് കഴിഞ്ഞ തവണ 19 വാർഡുകളിൽ 17 ഇടത്തും വിജയിച്ച ട്വന്റി20, ഇത്തവണയും സമാനമായ നേട്ടം ആവർത്തിക്കുമെന്നാണ് റിപ്പോർട്ട്. വോട്ടെണ്ണുന്ന എട്ടു വാർഡുകളിലും ട്വന്റി20 സ്ഥാനാർഥികളാണ് മുന്നിൽ. വോട്ടെടുപ്പു ദിനത്തിൽ കിഴക്കമ്പലത്ത് വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനും ഭാര്യയ്ക്കും മർദനമേറ്റതിലൂടെ മാധ്യമശ്രദ്ധ നേടിയ ഏഴാം വാർഡിലും ട്വന്റി20 ജയിച്ചു. യുഡിഎഫ്–എൽഡിഎഫ് സംയുക്ത സ്ഥാനാർഥിയായ അമ്മിണി രാഘവനാണ് ഇവിടെ പരാജയപ്പെട്ടത്.

ഐക്കരനാടിനു പുറമെ ട്വന്റി20 ആദ്യമായി മത്സരരംഗത്തെത്തിയ മഴുവന്നൂർ പഞ്ചായത്തിൽ ഫലം അറിവായ 12 വാർഡുകളിൽ ഒൻപത് സീറ്റും ട്വന്റി20 നേടി. ഇതിനു പുറമെ ബാക്കിയുള്ള ഏഴു സീറ്റിലും ട്വന്റി20 സ്ഥാനാർഥികളാണ് മുന്നിൽ. രണ്ട് സീറ്റിൽ എൽഡിഎഫും ഒരിടത്ത് യുഡിഎഫും ജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെ 18 വാർഡുകളിൽ ഫലം അറിവായ 13 സീറ്റുകളിൽ ഒൻപതും ട്വന്റി20 സ്വന്തമാക്കി. മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു. വോട്ടെണ്ണൽ തുടരുന്ന അഞ്ച് വാർഡുകളിൽ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് ട്വന്റി20യുമാണ് മുന്നിൽ.

ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നിടത്തും ട്വന്റി20 സ്ഥാനാർഥികൾക്ക് ലീഡുണ്ട്. വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി20 സ്ഥാനാർഥി ലീഡ് ചെയ്യുന്നു. ട്വന്‍റി20യെ വീഴ്ത്താന്‍ മൂന്നു മുന്നണികളും കിഴക്കമ്പലത്ത് ഉള്‍പ്പെടെ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടും സീറ്റും ഉറപ്പിച്ചാണ് ഇത്തവണ ട്വന്‍റി20 കളത്തിൽ ഇറങ്ങിയത്. വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സംഘടന പ്രചാരണ രംഗത്ത് സജീവമായിരുന്നു.

2015ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഇതുവരെ കാണാത്ത രാഷ്ട്രീയ മാതൃകയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു കിഴക്കമ്പലം പഞ്ചായത്തിലെ വോട്ടര്‍മാര്‍. വികസന മുദ്രാവാക്യവുമായെത്തിയ ജനകീയ കൂട്ടായ്മ ട്വന്‍റി20ക്ക് പിന്നില്‍ വോട്ടര്‍മാര്‍ അണിനിരന്നപ്പോള്‍ 19ല്‍ 17 സീറ്റും നേടി അവര്‍ പഞ്ചായത്ത് ഭരണം പിടിച്ചു.

∙ തരംഗമായി ‘ട്വന്റി20’

രാഷ്ട്രീയ കേരളത്തിന് അത്ര പരിചയമില്ലാത്തൊരു രാഷ്ട്രീയ മാതൃകയായിരുന്നു 2015ൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ട്വന്റി20 എന്ന സംഘടന പിടിച്ചെടുത്തതോടെ കേരളം കണ്ടത്. ഒരു രാഷ്ട്രീയ മുന്നണികളുടെയും പിന്തുണയില്ലാതെ ട്വന്റി ട്വന്റി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്തിലെ 19ൽ 17 സീറ്റുകളും പിടിച്ച് അധികാരത്തിലേറി. കിറ്റക്സ് എന്ന കോർപ്പറേറ്റ് സ്ഥാപന ഉടമകളുടെ നേതൃത്വത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റിയാണ് ട്വന്റി20.

ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി 2015-ലാണ് ട്വിന്റി ട്വന്റി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവച്ചത്. കോർപ്പറേറ്റുകൾ രാഷ്ട്രീയാധികാരം പിടിക്കുന്നത് സ്വേച്ഛാധിപത്യത്തിലേയ്ക്കു നയിക്കുമെന്ന് ഒരുഭാഗത്ത് വിമർശനം ഉയരുമ്പോഴാണ് ട്വന്റി20 കിഴക്കമ്പലം പഞ്ചായത്തിൽ വ്യത്യസ്തമായ ഭരണം കാഴ്ചവച്ചത്.

തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾക്ക് സർക്കാർ നൽകുന്ന ഓണറേറിയത്തിനു പുറമേ 15,000 രൂപ ശമ്പളമായി നൽകി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും യഥാക്രമം 25,000 രൂപയും 20,000 രൂപയും ശമ്പളം. കുറഞ്ഞ വിലയ്ക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന സൂപ്പർമാർക്കറ്റ് കൂടി അവതരിപ്പിച്ചതോടെ സംസ്ഥാനമൊട്ടാകെ പരീക്ഷിക്കപ്പെടേണ്ട മാതൃകയാണെന്ന് പലരും ചൂണ്ടിക്കാട്ടി.

ഇതിനിടെ പഞ്ചായത്തിന്റെ നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കാനാവില്ലെന്നു കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചതും വാർത്തയായി. കോർപ്പറേറ്റുകൾ രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നത് ദോഷമാകുന്നത് ജനാധിപത്യത്തിന് ഗുണമാണോ ദോഷമാണോ എന്ന ചർച്ച ഇതിനിടെ ശക്തമായി. വിമർശനങ്ങൾ കൂടിയപ്പോഴും ജനസേവന പ്രവർത്തനങ്ങളുമായി ട്വന്റി20 മുന്നോട്ടു പോയി. ഈ പ്രവർത്തനങ്ങളെ സമീപ പഞ്ചായത്തുകളിലെ ജനങ്ങളും അംഗീകരിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് വ്യക്തം.

English Summary: Kerala local body election results live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com