ADVERTISEMENT

സ്വപ്നയും ശിവശങ്കറും സ്വർണക്കടത്തും ലൈഫ് മിഷൻ ക്രമക്കേടും അടക്കമുള്ള വിവാദങ്ങൾ ഉണ്ടായെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ജനം തള്ളിയില്ല. പ്രതീക്ഷിച്ച വിജയം യുഡിഎഫിനു നേടാൻ കഴിഞ്ഞതുമില്ല. അവകാശപ്പെട്ട സ്ഥാനങ്ങൾ നേടിയില്ലെങ്കിലും ബിജെപി പലയിടത്തും അക്കൗണ്ട് തുറന്നു. തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ തിരിച്ചടി വിലയിരുത്തി കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് സംസാരിക്കുന്നു.

∙ തിരഞ്ഞെടുപ്പു ഫലം എങ്ങനെ വിലയിരുത്തുന്നു? അടിത്തറ ഇളകിയെന്നുതന്നെ കണക്കാക്കേണ്ടതല്ലേ?

തദ്ദേശ തിരഞ്ഞെടുപ്പിൽ 2010 മാറ്റിവച്ചാൽ, 2005 ൽ ആകെയുള്ള ഗ്രാമപഞ്ചായത്തിൽ 221 ൽ മാത്രമേ യുഡിഎഫിനു ജയിക്കാനായുള്ളൂ. വ്യത്യസ്തമായി വന്നത് 2010 ലാണ്. 978 പഞ്ചായത്തുകൾ ഉള്ളതിൽ 384 എൽഡിഎഫിനും 582 യുഡിഎഫിനും ലഭിച്ചു. 2015ൽ വന്നപ്പോൾ 549 എൽ‍ഡിഎഫിനും 365 യുഡിഎഫിനുമായി ചുരുങ്ങിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ എപ്പോഴും എൽഡിഎഫിന് മുൻതൂക്കം ഉള്ളതാണ്. യുഡിഎഫിനെ സംബന്ധിച്ച് ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് ഫലം ഉള്ളപ്പോൾപ്പോലും നഗരസഭകളിൽ 35 ഇടത്തു മാത്രമേ എൽഡിഎഫിന് ജയിക്കാൻ കഴിഞ്ഞുള്ളൂ. 45 ഇടത്ത് യുഡിഎഫ് ആണ്.

കോർപ്പറേഷനിൽ കഴിഞ്ഞ തവണ കണ്ണൂരിൽ നേരിയ ഭൂരിപക്ഷത്തിലാണ് അവസാന ഒരുവർഷം കോൺഗ്രസിന് ഭരിക്കാൻ പറ്റിയത്. എന്നാൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.വി.ജയരാജൻ, പി.ജയരാജൻ, ഇ.പി.ജയരാജൻ, ഗോവിന്ദൻ മാസ്റ്റർ, കെ.കെ.ശൈലജ തുടങ്ങി സിപിഎമ്മിന്റെ എല്ലാ നേതാക്കളും ഉള്ള ജില്ലയിലെ കോർപ്പറേഷൻ വളരെ അനായാസമായി യുഡിഎഫിന് ജയിക്കാൻ പറ്റിയിട്ടുണ്ട്.

കൊച്ചി കോർപ്പറേഷനും പിടിക്കേണ്ട സ്ഥലമായിരുന്നു. അവിടെ ഇപ്പോഴത്തേത് വളരെ ടൈറ്റായ ഫലമാണ്. തൃശൂരും നല്ലരൂപത്തിൽ ജയിക്കുമെന്നു വിശ്വസിച്ചിരുന്നു. വിമതന്റെ കൂടി പിന്തുണ ആവശ്യമാകുന്ന അവസ്ഥയാണ് അവിടെ. എന്നാൽ അടിത്തറ ഇളകുന്ന രൂപത്തിലേക്കു വന്നുവെന്നു ഞങ്ങൾ പറയില്ല. യഥാർഥത്തിൽ യുഡിഎഫിന് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ലഭിക്കുമായിരുന്ന അത്രയും ഗ്രാമപഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ലഭിച്ചില്ല. അതേക്കുറിച്ച് യുഡിഎഫും കോൺഗ്രസും വളരെ ആഴത്തിൽ പഠിക്കുകയും പരിശോധിക്കുകയും വേണം.

∙ സ്വപ്നയും ശിവശങ്കറും ഏറ്റില്ല. ലൈഫ് മിഷൻ വടക്കാഞ്ചേരിയിൽ തിരിച്ചടിച്ചു. തന്ത്രങ്ങൾ പാളിയില്ലേ?

തന്ത്രങ്ങൾ പാളിയതായി തോന്നുന്നില്ല. നാട്ടുമ്പുറത്തെ സ്ഥാനാർഥികൾ മത്സരിക്കുമ്പോൾ വ്യക്തിബന്ധങ്ങളും സാമൂഹിക ബന്ധങ്ങളുമൊക്കെയാണ് പരിഗണനയിൽ വരിക. ശബരിമല പ്രശ്നം, പ്രളയത്തിലെ സർക്കാരിന്റെ കെടുകാര്യസ്ഥതയുമെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയായി. സ്വർണക്കടത്ത്, സ്പ്രിൻക്ലർ അഴിമതി, മണൽക്കടത്ത്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ജയിലിൽ കിടക്കുന്ന അവസ്ഥ, മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി അന്വേഷണത്തിൽനിന്ന് ഒളിച്ചോടുന്ന സാഹചര്യം തുടങ്ങിയവ ഉണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലേക്കു വരുമ്പോൾ സംസ്ഥാന രാഷ്ട്രീയം ചർച്ച ചെയ്യപ്പെടാറില്ല.

ഇപ്പോഴിവർ ജയിച്ചതെല്ലാം സർക്കാരിനെതിരെ പ്രതിപക്ഷം ആരോപിച്ചതോ അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവന്നതോ ഒക്കെ ജനങ്ങൾക്കു പ്രശ്നമില്ലെന്നും ഇനിയും ഇതിനേക്കാൾ വലിയ കള്ളക്കടത്തു ചെയ്തോളൂ ജനങ്ങൾ അംഗീകരിച്ചോളും എന്ന് തെറ്റിദ്ധരിച്ചാൽ ജനങ്ങളുടെ പ്രഹരം നിയമസഭാ തിരഞ്ഞെടുപ്പിൽ അതിരൂക്ഷമായിരിക്കും. ഈ കാര്യങ്ങൾ ഇതിലും ശക്തിയോടുകൂടിത്തന്നെ ഇനിയും ഉയർത്തിക്കൊണ്ടുവരും.

∙ യുഡിഎഫ് അപ്രസക്തമായെന്ന് മുഖ്യമന്ത്രി പറയുന്നു. പ്രവർത്തകരിലെ ആത്മവിശ്വാസത്തെ ബാധിക്കില്ലേ?

കണ്ണൂർ കോർപ്പറേഷനിൽ ദയനീയമായി എൽഡിഎഫ് പരാജയപ്പെട്ടപ്പോൾ അവർ അപ്രസക്തമായി എന്നർഥമുണ്ടോ? അതൊക്കെ മുഖ്യമന്ത്രിയുടെ സ്വപ്നമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ തിരിച്ചടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് യാതൊരു സംശയവുമില്ലാതെ പറയാം. നായനാർ സർക്കാരിന്റെ കാലത്ത് ഇതിനേക്കാൾ വലിയ വിജയം ഉണ്ടായപ്പോൾ ഒരു വർഷം സമയം ഉണ്ടായിട്ടും നിയമസഭ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പിനെ സമീപിച്ചപ്പോൾ ദയനീയമായി പരാജയപ്പെട്ട ചരിത്രം എൽഡിഎഫിനുണ്ട്.

2010ൽ ഞങ്ങൾക്ക് ഉയർന്ന വിജയമായിരുന്നു തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു വന്നപ്പോൾ ആ വിജയം വളരെ നേരിയതായി. 72 സീറ്റേ കിട്ടിയുള്ളൂ. തദ്ദേശ തിരഞ്ഞെടുപ്പിലെ ആ വലിയ വിജയം നിയമസഭയിൽ മറ്റൊരു പാറ്റേണിലാണ് വന്നത്. നിയമസഭയുടെ പാറ്റേണും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പാറ്റേണും രണ്ടും രണ്ടാണ്.

സർക്കാരിന്റെ നേട്ടങ്ങളായി അവർ എടുത്തു പറഞ്ഞ കാര്യങ്ങൾ പോലും യഥാർഥത്തിൽ അങ്ങനെയല്ലെന്നു ബോധ്യപ്പെടുത്താൻ യുഡിഎഫിന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കണം. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തുവെന്നു പറഞ്ഞ് വലിയ പ്രചാരണം നടത്തി. ഉമ്മൻ ചാണ്ടിയുടെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ഒരു രൂപയ്ക്ക് അരി കൊടുത്തിട്ടുണ്ട്.

അതിനുശേഷം അതു പൂർണമായി സൗജന്യമാക്കി. ഈ സർക്കാർ വന്നപ്പോൾ റേഷൻകട വഴി വിതരണം ചെയ്യുന്ന സാധാരണക്കാരുടെ ഭക്ഷ്യധാന്യങ്ങളുടെ വില വർധിപ്പിച്ചു. കോവി‍ഡ് വന്നശേഷം മൂന്നോ നാലോ തവണ ഭക്ഷ്യക്കിറ്റ് കൊടുത്തു. നാലുതവണ ഭക്ഷ്യക്കിറ്റ് കിട്ടിയാൽ ഒരു കുടുംബത്തിന്റെ പട്ടിണി മാറുമോ? മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമോ?

ഇതിനേക്കാൾ വലിയ പദ്ധതികൾ ഇതിനു മുൻപുള്ള സർക്കാർ പാവപ്പെട്ടവർക്കായി കൊടുത്തിട്ടുണ്ട്. കാരുണ്യ, സ്നേഹപൂർവം, ശ്രുതിതരംഗം പോലുള്ള നിരവധി പദ്ധതികൾ മുൻ സർക്കാരിനുണ്ടായിരുന്നു. മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് സർക്കാരിന്റെ സാമ്പത്തിക സഹായമായ സ്നേഹപൂർവം എന്ന പദ്ധതിക്ക് ഒരു വർഷമായി ഫണ്ട് അനുവദിക്കുന്നില്ല.

കിടപ്പുരോഗികളെ സംരക്ഷിക്കുന്നവർക്കുള്ള സർക്കാരിന്റെ പെൻഷൻ കൊടുക്കുന്നില്ല. ഡയാലിസിസ് ചെയ്യുന്നവർക്കുള്ള ആനുകൂല്യം കുടിശ്ശികയാണ്. പദ്ധതികൾ തന്നെ അട്ടിമറിക്കുകയാണ്. ജനങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതായത് ഒരു ചർച്ചയാക്കുന്നതിൽ യുഡിഎഫ് വിജയിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്.

പാവങ്ങളുടെ പേരിൽ പ്രളയഫണ്ട് തട്ടിയെടുക്കുകയായിരുന്നു. അതുപോലെ കോവിഡ് പ്രതിരോധത്തിൽ എന്താണ് സർക്കാർ ചെയ്തത്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിദിന കേസുകളുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവുമുയർന്ന രോഗവ്യാപന നിരക്കുള്ള സംസ്ഥാനവും കേരളമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെല്ലാം കോവിഡ് ഭീഷണിയിൽനിന്ന് മാറുമ്പോഴും ആ ഭീഷണിയിൽത്തന്നെ കഴിയാൻ വിധിക്കപ്പെട്ടവരായി ജനം മാറി.

പഞ്ചായത്തുകളുടെ അധികാരം കവർന്നെടുക്കുന്ന സ്ഥിതിയാണ്. ലൈഫ് മിഷൻ എന്നുപറഞ്ഞാൽ എന്താണ്? മുഖ്യമന്ത്രി വിദേശത്തുപോയി പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി സമാഹരിച്ച പദ്ധതിയുടെ പണം പോലും കള്ളക്കടത്തുകാരുടെ കൈവശം എത്തുകയാണ്. ഇത്തരം സർക്കാരിന്റെ നേട്ടങ്ങളാണെന്നു പറഞ്ഞ കാര്യങ്ങളിൽപ്പോലും അവർ പരാജയമാണ്. അതു ശരിയാംവണ്ണം താഴേത്തട്ടിൽ വരെ എത്തിക്കാൻ കഴിഞ്ഞോയെന്ന സംശയമുണ്ട്.

∙ വെൽഫെയർ പാർട്ടിയുമായുള്ള പ്രാദേശിക നീക്കുപോക്ക് മറ്റിടങ്ങളിൽ ബാധിച്ചതായി തോന്നുന്നുണ്ടോ?

മാർക്സിസ്റ്റ് പാർട്ടി എത്രയോ കാലമായി വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്‌ലാമിയുമായി ധാരണയിൽ മത്സരിക്കുന്നുണ്ട്. പലയിടത്തും അവർ ഒരുമിച്ചാണ് അധികാരം പങ്കിട്ടത്. അൻപതോളം തദ്ദേശഭരണ സ്ഥാപനങ്ങളിൽ അവർ മുന്നണിയായാണ് മൽസരിച്ചിരിക്കുന്നതും. ഇരട്ടത്താപ്പ് എന്താണെന്നു വച്ചാൽ, 5 വർഷം മുൻപ് തിരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിച്ചതും അധികാരം പങ്കിട്ടതും ഇതേ പാർട്ടിയോടാണ്.

അന്ന് അവർക്കത് നല്ല പാർട്ടിയായിരുന്നു. യുഡിഎഫുമായല്ല, പ്രാദേശികമായി ഒരുപാട് സംഘടനകളുമായി ചില നീക്കുപോക്കുകൾ നടത്താറുണ്ട്. അതു മാത്രമേ ഇപ്പോഴും നടത്തിയിട്ടുള്ളൂ. എന്നാൽ അതിനെ രാഷ്ട്രീയ വിമർശനമായി ഉയർത്തിക്കൊണ്ടുവന്ന് ഒരു ഇരട്ടത്താപ്പാണ് മാർക്സിസ്റ്റ് പാർട്ടി സ്വീകരിച്ചത്. ആ ഒരു ആശയകുഴപ്പം ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതുണ്ടാക്കുന്ന കാര്യത്തിൽ അവർ ശ്രദ്ധിച്ചിട്ടുണ്ട്.

∙ കണ്ണൂർ കോർപ്പറേഷൻ പോലെ പലയിടത്തും ബിജെപി അക്കൗണ്ട് തുറന്നു. ഈ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു.

അവരുടെ അവകാശവാദത്തിന് അനുസരിച്ച് വിജയം ഉണ്ടായിട്ടില്ല. അവരുടെ വോട്ട് വർധിച്ചിട്ടുണ്ട്. പ്രാദേശികമായി സീറ്റുകൾ ലഭിച്ചിട്ടുണ്ട്. സർക്കാർ വിരുദ്ധ വോട്ടുകൾ ചില സ്ഥലങ്ങളിൽ വിഭജിച്ചു പോയിട്ടുണ്ട്. അതിന്റെ ദോഷം യുഡിഎഫിനു ഉണ്ടായിട്ടുണ്ട്. അതു വലിയൊരളവിൽ യുഡിഎഫിനെ ബാധിച്ചിട്ടുണ്ടാകാം. അതിൽത്തന്നെ വിജയത്തിലേക്ക് എത്തുന്ന ശതമാനം പുതിയതായി ബിജെപിയുടെ വോട്ടായി മാറിയിട്ടുണ്ട്. ആ മാറിയ സ്ഥലങ്ങളിൽ യുഡിഎഫിന് ദോഷമാകുകയും എൽഡിഎഫിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

∙ നാലു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് ഇങ്ങെത്തും. പാർട്ടിയെ എങ്ങനെ സജ്ജമാക്കണം?

പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി വ്യാഴാഴ്ച ചേരുന്നുണ്ട്. വളരെ വിശദമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. ഈ സാഹചര്യത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കണം എന്നതൊക്കെ ചർച്ചയിൽ വരും. ഗൗവരമുള്ള ചർച്ചയുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിനു സമാനമായി സർക്കാരിനെതിരായ ജനവികാരം ഉണ്ടാകും. യുഡിഎഫ് വളരെ കൃത്യമായ ഭൂരിപക്ഷത്തിൽ കേരളത്തിൽ അധികാരത്തിൽ വരും. രാഷ്ട്രീയത്തിൽ നാലു മാസമല്ല, ഒരു മാസം തന്നെ പ്രധാനപ്പെട്ടതാണ്.

∙ പാർട്ടി സ്വയം തിരുത്തേണ്ടതല്ലേ? 

ഈ തിരഞ്ഞെടുപ്പിനെ പഠിക്കുക, അവലോകനം ചെയ്യുക. അതിനുശേഷം എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്നു തീരുമാനമെടുക്കും. വ്യാഴാഴ്ചത്തെ യോഗത്തിനുശേഷം ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും.

∙ തിരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കുമോ?

ഈ ഫലത്തിന് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ ഫലം മാത്രമേ ഉണ്ടാകൂ. ഇതിനു മുൻപുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലത്തെ അവലോകനം ചെയ്താൽത്തന്നെ ഈ പറഞ്ഞതിന്റെ യുക്തി മനസ്സിലാകും. അടുത്തതു നിയമസഭാ തിരഞ്ഞെടുപ്പാണ്. അവിടെ ചർച്ച ചെയ്യുന്ന രാഷ്ട്രീയവും ജനങ്ങൾ എടുക്കുന്ന നിലപാടുകളും വ്യത്യസ്തമാണ്. ആ നിലപാട് യുഡിഎഫിന് അനുകൂലമാകുമെന്ന ശുഭപ്രതീക്ഷ ഞങ്ങൾക്കുണ്ട്. സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്. ആ അതൃപ്തി പ്രതിഫലിക്കും.

English Summary: PC Vishnunadh on Kerala Local Body Election Results and UDF's chances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com