ADVERTISEMENT

ത്ര ആത്മവിശ്വാസത്തോടെ യുഡിഎഫ് സമീപകാലത്ത് ഒരു തദ്ദേശ തിരഞ്ഞെടുപ്പു നേരിട്ടിട്ടില്ല. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും നേടി വൻവിജയം കൊയ്ത മുന്നണി, 2020ലും ജയം ആവർത്തിക്കുമെന്ന് ആത്മവിശ്വാസത്തോടെ വിളിച്ചുപറഞ്ഞു. ജയിക്കുമെന്ന വിശ്വാസത്തിനു കാരണം നിരത്താൻ നേതൃത്വത്തിന് സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫലം വന്നപ്പോൾ എല്ലാം മാറിമറിഞ്ഞു. യുഡിഎഫ് തരംഗം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ‘ഇടിത്തീ’ പോലെ ഇടതുതരംഗം.

വോട്ടെണ്ണൽ മേശകൾ ഒഴിഞ്ഞപ്പോൾ നഗരസഭകളിലും കോർപ്പറേഷനുകളിലും ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിഭാഗത്തിലും യുഡിഎഫ് പിന്നിലായി. ചിലയിടത്ത് ബിജെപിക്കും പിന്നിൽ മൂന്നാമതായി. ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് ഉണ്ടായത് ഭരണത്തിന് മാറ്റുകൂട്ടുന്ന എൽഡിഎഫ് തേരോട്ടം. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വഴിപിരിയൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ നഷ്ടമാണ് മുന്നണിക്കുണ്ടാക്കിയത്. 2020ൽ 2010 ആവർത്തിക്കുമെന്ന് അവകാശപ്പെട്ട യുഡിഎഫ് നേതൃത്വത്തിനേറ്റ പ്രഹരം വലുതാണ്.

വിവാദങ്ങളുടെ 2020, എന്നിട്ടും

‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് ഇത്തവണ ജനവിധി തേടിയത്. പ്രാദേശിക വിഷയങ്ങളേക്കാൾ ഉപരി സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ സർക്കാരിലെ ഉന്നതരടക്കം സംശയത്തിന്റെ മുൾമുനയിൽ ആയപ്പോൾ ഉടലെടുത്ത ഭരണവിരുദ്ധ വികാരം തദ്ദേശ തിരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്ന് യുഡിഎഫ് വിശ്വസിച്ചു. ഈ വികാരം പരമാവധി താഴേത്തട്ടിലേക്ക് എത്തിക്കാനും ശ്രമിച്ചു.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സിപിഎം സംസ്ഥാന നേതാക്കൾ നേരിട്ടുള്ള പ്രചാരണത്തിൽനിന്ന് വിട്ടുനിന്നപ്പോൾ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, എം.എം.ഹസൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ വാർഡ് തലങ്ങളിൽ വരെ സജീവമായി പ്രചാരണത്തിൽ പങ്കെടുത്തു. സർക്കാരിനെതിരായ ആരോപണങ്ങൾ ചർച്ചയാക്കുക മാത്രമായിരുന്നു യുഡിഎഫ് ലക്ഷ്യം.

thrissur-udf
തൃശൂരിൽ നടന്ന യുഡിഎഫ് റാലി

കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടപ്പോൾ ഉണ്ടായ വിള്ളൽ പരിഹരിക്കാനും നേതൃത്വം കിണഞ്ഞു പരിശ്രമിച്ചു. സിപിഎമ്മിന്റേത് പോലെ താഴെത്തട്ടിലെ അണികളിൽ കേഡർ സ്വഭാവം ഇല്ലാത്തത് പ്രചാരണത്തിൽ തിരിച്ചടിയാകാതിരിക്കാനുള്ള ജാഗ്രത യുഡിഎഫ് സംസ്ഥാന നേതൃത്വം പരമാവധി പുലർത്തി. തദ്ദേശീയമായി പാർട്ടിയിൽ ഉണ്ടാകുന്ന പടലപ്പിണക്കങ്ങൾ ഒഴിവാക്കി മുന്നേറാൻ ശ്രമിച്ചെങ്കിലും വേണ്ടത്ര ഫലംകണ്ടില്ല. സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെങ്കിലും വിമതശല്യം കുറയ്ക്കാനുമായില്ല.

മലബാറിൽ വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ളവരുമായി പ്രാദേശിക നീക്കുപോക്കിനു വരെ മുന്നണി തയാറായെങ്കിലും അത്തരം പരീക്ഷണങ്ങൾക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഇത്തരം നീക്കുപോക്ക് അംഗീകരിച്ചിരുന്നില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം സാഹചര്യങ്ങളുടെ ഭാഗ്യം സമ്മാനിച്ചതല്ല എന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുണ്ടായിരുന്നു. അതു സാധിക്കാതിരുന്നതു കൊണ്ടുതന്നെ സംഘടനാ തലത്തിൽ അഴിച്ചുപണിക്കു പാർട്ടിയിൽ ചർച്ചകൾ ഉയർന്നേക്കും.

അനുകൂല രാഷ്ട്രീയ കാലാവസ്ഥയിൽ യുഡിഎഫിനു ജയം ഉറപ്പാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിനു സാധിക്കാതിരുന്നതും ചർച്ചയാകും. 2010ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചതിനു പിന്നാലെ, 2011ൽ ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2015 ൽ എൽഡിഎഫ് പിടിച്ചപ്പോൾ 2016 ൽ പിണറായി വിജയനായി ഊഴം. തദ്ദേശ തിരഞ്ഞെടുപ്പിലെ 2020 ലെ ജേതാവിന് 2021ലും പ്രതീക്ഷ പുലർത്താം എന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വീണ്ടും മോഹിപ്പിക്കും. യുഡിഎഫിനെ ഏറെ അലട്ടുന്നതും ഈ കണക്ക് തന്നെ.

2015ൽ സംഭവിച്ചത്

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തകർന്നടിഞ്ഞില്ലെങ്കിലും 2010ലെ വൻ തോൽവിയിൽനിന്നു തിരിച്ചുവന്ന എൽഡിഎഫിനായിരുന്നു മേധാവിത്തം. 21,865 തദ്ദേശ വാർഡുകളിലെ ഫലത്തിൽ 7,982 വാർഡുകളിൽ സിപിഎമ്മിനായിരുന്നു വിജയം. 5784 വാർഡുകളിൽ കോൺഗ്രസ് വിജയിച്ചു. 2120 വാർഡുകളിലെ വിജയത്തിലൂടെ മുസ്‌ലിം ലീഗ് മൂന്നാം സ്ഥാനത്തെത്തി.

1273 സീറ്റുകൾ നേടിയ സിപിഐയ്ക്കു പിന്നാലെ എൽഡിഎഫിൽ മൂന്നാമതെത്തിയതാകട്ടെ പാർട്ടി പിന്തുണയോടെ മൽസരിച്ച സ്വതന്ത്രരും. 824 എൽഡിഎഫ് സ്വതന്ത്രരാണ് വിജയിച്ചത്. യുഡിഎഫിൽ മൂന്നാം സ്ഥാനം ഒന്നിച്ചുനിന്ന കേരള കോൺഗ്രസിനായിരുന്നു. തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ ബിജെപി സംസ്ഥാന തലത്തിൽ ആറാമതെത്തി.

എൽഡിഎഫിനു ലഭിച്ച വാർഡുകളിൽ 77 ശതമാനവും സിപിഎമ്മിന്റെ കൈവശമാണ്. യുഡിഎഫിൽ കോൺഗ്രസിന് 65% വാർഡുകളുണ്ട്. 23% വാർഡുകളിലെ വിജയത്തിലൂടെ ലീഗാണ് യുഡിഎഫിൽ രണ്ടാം സ്ഥാനത്ത്. എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തിയ ജെഡി(യു) 97 വാർഡ് നേടിയപ്പോൾ ഇടതുചേർന്നു നിന്ന ജെഡി(എസ്) 81 വാർഡിൽ വിജയിച്ചു. ഒരു പാർട്ടിയുടെയും താങ്ങില്ലാതെ 1344 സീറ്റിൽ വിജയിച്ച് സ്വതന്ത്രർ സംസ്ഥാനത്തു നാലാം സ്ഥാനത്തെത്തി.

∙ഗ്രാമപഞ്ചായത്ത് (941)
എൽഡിഎഫ് 577
യുഡിഎഫ് 347
ബിജെപി 12
മറ്റുള്ളവർ 5

∙ബ്ലോക്ക് പഞ്ചായത്ത് (152)
എൽഡിഎഫ് 92
യുഡിഎഫ് 60

∙ജില്ലാ പഞ്ചായത്ത് (14)
എൽഡിഎഫ് 7
യുഡിഎഫ് 7

∙നഗരസഭ (86)
എൽഡിഎഫ് 45
യുഡിഎഫ് 40
ബിജെപി 1

∙കോർപറേഷൻ (6)
എൽഡിഎഫ് 5
യുഡിഎഫ് 1

സ്വപ്നതുല്യം 2010

‘2010 ആവർത്തിക്കും’– ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിന് അരങ്ങുണർന്നപ്പോൾ മുതൽ യുഡിഎഫ് നേതാക്കളുടെ അവകാശവാദം ഇങ്ങനെയായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഐക്യജനാധിപത്യ മുന്നണി ഏറ്റവും നേട്ടം കൈവരിച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു 2010ലേത്. 2005നെ അപേക്ഷിച്ച് 3161 വാർഡുകളാണു കോൺഗ്രസ് അന്നു കൂടുതലായി നേടിയത്. രണ്ടു തിരഞ്ഞെടുപ്പും താരതമ്യം ചെയ്യുമ്പോൾ അസാധാരണ നേട്ടം. 2005 ജനവിധിയിൽ 4454 വാർഡിൽ ജയിച്ച കോൺഗ്രസ് 2010ൽ 7615 വാർഡുകളിൽ വിജയിച്ചു.

2235 വാർഡിൽ വിജയവുമായി 2010ൽ മുസ്‌ലിംലീഗ് യുഡിഎഫിൽ മാത്രമല്ല, സംസ്ഥാനത്തു തന്നെ രണ്ടാം സ്‌ഥാനത്ത് എത്തി. 2005ൽ മുസ്‌ലിം ലീഗിന് 1719 സീറ്റു മാത്രമാണ് ഉണ്ടായിരുന്നത്. 2005ൽ 411 സീറ്റ് മാത്രമുണ്ടായിരുന്ന കേരള കോൺഗ്രസ്(എം) 2010ൽ അത് ഇരട്ടിയാക്കി - 818. അക്കാലയളവിൽ എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തിയ സോഷ്യലിസ്‌റ്റ് ജനത, 174 വാർഡിൽ ജയിച്ചു. ഐഎൻഎൽ 46 വാർഡിലും. രണ്ടുപേർക്കും 2005നെ അപേക്ഷിച്ചു വാർഡുകൾ കുറഞ്ഞു.

തിരിച്ചടി നേരിട്ട സിപിഎമ്മിന് 1055 സിറ്റിങ് സീറ്റുകൾ നഷ്‌ടപ്പെട്ടു. 8056 വാർഡ് ഉണ്ടായിരുന്നത് 7001 ആയി ചുരുങ്ങി. സിപിഐയും അതേ ക്ഷീണം നേരിട്ടു. 1392 വാർഡിൽ ജയിച്ച സിപിഐയ്ക്ക് 2010ൽ 1017 സീറ്റേയുള്ളൂ. അന്ന് എൽഡിഎഫിൽ ആയിരുന്ന ആർഎസ്‌പി 77ൽ നിന്ന് 71 ആയി. അന്നുണ്ടായിരുന്ന 5 കോർപറേഷനുകളിൽ തൃശൂരും കൊച്ചിയും വൻഭൂരിപക്ഷത്തിൽ പിടിച്ചെടുത്തതാണു യുഡിഎഫ് നേടിയ ഏറ്റവും തിളക്കമാർന്ന വിജയം. കൊല്ലം കോർപറേഷൻ നിലനിർത്താൻ കഴിഞ്ഞ ഇടതുമുന്നണിക്കു തിരുവനന്തപുരം കോർപറേഷനിൽ 2010 ൽ ഒരു സീറ്റിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ.

നഗരസഭകൾ ഭൂരിപക്ഷവും യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞു. 39 നഗരസഭകളിൽ ഭരണം നേടി വൻ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്. ഇടതുമുന്നണി 18 നഗരസഭകളിലാണു ഭരണം നേടിയത്. ജില്ലാ പഞ്ചായത്തിലും യുഡിഎഫ് മേധാവിത്വമാണ്. എട്ടു ജില്ലാ പഞ്ചായത്തുകൾ യുഡിഎഫ് നേടി. ആറിടത്താണ് എൽഡിഎഫ്. ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് - 77, എൽഡിഎഫ് - 63. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആകെ നേടിയതു 11,200 വാർഡാണ്. എൽഡിഎഫിനു കിട്ടിയത് 8527 വാർഡും. ബിജെപി കരസ്‌ഥമാക്കിയതു 480 സീറ്റ്.

English Summary: UDF Fails to Mark Expected Performance in Local Body Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com