വീഴ്ച സമ്മതിച്ച് ഹൈക്കമാന്‍ഡ്; കടുത്ത അതൃപ്തി; തിരുത്തല്‍ അനിവാര്യം: കെ.സി. വേണുഗോപാൽ

Mail This Article
ന്യൂഡൽഹി∙ തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡ്. തിരുത്തലുകള്‍ അനിവാര്യമാണെന്നും എന്നാല്‍ നേതൃമാറ്റമുണ്ടാകില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി പ്രശ്നം ചര്‍ച്ചയാക്കി നിര്‍ത്തിയത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് തിരിച്ചടിയല്ലെന്നാണ് സംസ്ഥാനനേതാക്കളുടെ പ്രതികരണമെങ്കിലും തിരഞ്ഞെടുപ്പില്‍ പക്ഷെ വീഴ്ചയുണ്ടായെന്ന് സമ്മതിക്കുകയാണ് ഹൈക്കമാൻഡ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം പാളിച്ചയുണ്ടായി. ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ യുഡിഎഫ് അപ്രസക്തമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം അംഗീകരിക്കാനാകില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം അനാവശ്യ വിവാദമുണ്ടാക്കി. ജോസ് കെ. മാണിയുടെ മുന്നണിമാറ്റം മധ്യകേരളത്തില്‍ തിരിച്ചടിയായോ എന്നതടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് പാഠമാണെന്നും ആത്മപരിശോധന നടത്തി മുന്നോട്ടു പോകുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
English Summary : KC Venugopal on UDF failure in Kerala local body elections 2020