ADVERTISEMENT

ന്യൂഡൽഹി ∙ 1965 ൽ ഇന്ത്യയെയും കിഴക്കൻ പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന റെയിൽപാത അടച്ചതോടെ നിശ്ചലമായ ഇന്ത്യ– ബംഗ്ലദേശ് പ്രധാന റെയിൽപാത ഇരുരാജ്യങ്ങൾക്കുമായി തുറന്നു. ബംഗാളിലെ ഹരല്‍ദീബാരിയെയും ബംഗ്ലദേശിലെ ചിലാഹതിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റെയിൽ പാതയുടെ ഉദ്ഘാടനം ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ വെർച്വൽ സംവിധാനം വഴി നിർവഹിച്ചു. വൈകാതെ ചരക്കുവണ്ടികൾക്കു പിന്നാലെ യാത്രാ ട്രെയിൻ സർവീസുകളും ആരംഭിച്ചേക്കും. 

ബംഗ്ലദേശിന്റെ രൂപീകരണത്തിനു വഴിയൊരുക്കി 1971ൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ വാർഷികദിനത്തിന്റെ പിറ്റേന്നാണ് ബംഗ്ലദേശിനെ സഹായിക്കുന്ന ഇന്ത്യയുടെ ഉഭയകക്ഷി രാജ്യാന്തര യോഗം സംഘടിപ്പിക്കപ്പെട്ടത്. വെർച്വൽ സംവിധാനം വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. 

1971ലെ യുദ്ധത്തിലെ പോരാട്ടത്തിൽ വീരമൃത്യു വരിച്ച ലക്ഷക്കണക്കിനു സൈനികരെ  ഷെയ്ഖ് ഹസീന അനുസ്മരിക്കുകയും ഇന്ത്യയുടെ പിന്തുണയ്ക്കും സഹവർത്തിത്വത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യ ബംഗ്ലദേശിന്റെ യഥാർഥ സുഹൃത്തെന്നും ബംഗ്ലദേശ് പ്രധാനമന്ത്രി പറഞ്ഞു. 

ബംഗ്ലദേശുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഈ സർക്കാർ അധികാരത്തിൽ എത്തിയ ആദ്യദിവസം മുതൽ സ്വീകരിച്ചു വരുന്നതായും ബംഗ്ലദേശുമായി സഹവർത്തിത്വത്തിലും സാഹോദര്യത്തിലും കഴിയാനാണ് എല്ലായ്പ്പോഴും ഇന്ത്യ ശ്രമിച്ചിട്ടുള്ളതെന്നും മോദി പറഞ്ഞു. 

വികസന കാര്യത്തിലും വാണിജ്യ പ്രതിരോധകാര്യത്തിലും സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിതല യോഗം നടന്നത്. ബംഗ്ലദേശിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ നൽകുന്ന പിന്തുണയ്ക്കും സഹായത്തിനും അവർ നന്ദി പറഞ്ഞു. 

English Summary: PM Modi holds virtual summit with Sheikh Hasina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com