കിഴക്കമ്പലത്ത് മർദനമേറ്റ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ സമ്മാനിച്ച് ട്വന്റി ട്വന്റി– വിഡിയോ

Mail This Article
കൊച്ചി∙ മുന്നണികളുടെ ഭീഷണി വകവയ്ക്കാതെ വോട്ടുചെയ്യാൻ പോയ വയനാട് സ്വദേശികളായ ദമ്പതികൾക്ക് ട്വന്റി ട്വന്റിയുടെ ഒരു ലക്ഷം രൂപ സമ്മാനം. തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ വിളിച്ചു ചേർത്ത അനുമോദന യോഗത്തിൽ അപ്രതീക്ഷിതമായിട്ടായിരുന്നു സമ്മാന വിതരണം. ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് ഇവരെ വേദിയിലേക്ക് വിളിച്ച് ഒരു ലക്ഷം രൂപയുടെ സമ്മാനം കൈമാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ മർദിക്കുകയും ഭാര്യയുടെ ചുരിദാർ ഉൾപ്പെടെ വലിച്ചു കീറുകയും ചെയ്തിട്ടും അതെല്ലാം സഹിച്ച് വീണ്ടും പോയി വോട്ടു ചെയ്ത ദമ്പതികളെയാണ് അഭിനന്ദിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ കിഴക്കമ്പലത്തിന്റെ ധീരപുത്രൻമാരാണ് ഇവർ, ട്വന്റി ട്വന്റിയുടെ ധീരപുത്രന്മാർ, മർദിച്ച് അവശരാക്കിയിട്ടും വോട്ടു ചെയ്യണം സാറെ എന്നു പറഞ്ഞ് ഉച്ചയ്ക്കു ശേഷം പൊലീസ് സഹായത്തോടെ പോയി വോട്ടു ചെയ്തു.
ഡൽഹിയിൽനിന്ന് വയനാട്ടിൽ വന്ന് ഒരാൾക്ക് മത്സരിക്കാമെങ്കിൽ വയനാട്ടിൽ നിന്ന് കിഴക്കമ്പലത്ത് വന്ന് 14 വർഷമായി ജീവിക്കുന്ന ഒരാൾ വോട്ടു ചെയ്യരുതെന്ന് പറയുന്നതിൽ എന്തു ന്യായമാണുള്ളത്? ഈ രാഷ്ട്രീയക്കാരെയാണ് തിരിച്ചറിയേണ്ടത്. അതിനുവേണ്ടിയാണ് ട്വന്റി ട്വന്റി മുന്നോട്ടു വന്നിരിക്കുന്നത്. ഇവരെ തളച്ചേ പറ്റൂ. അതിനായി ആരെങ്കിലും മുന്നിട്ടിറങ്ങാതെ നാടു നന്നാവില്ല’ – സാബു ജേക്കബ് പറഞ്ഞു.

കഴിയുന്നത് ഭയത്തോടെ
ഇടത് വലത് മുന്നണികൾ പിന്തുണച്ച കുമ്മനോട് വാർഡിൽ വോട്ടു ചെയ്യാനെത്തി മർദനത്തിന് ഇരയായ ദമ്പതികൾ വീട്ടിൽ കുഞ്ഞുങ്ങളുമായി കഴിയുന്നത് ജീവഭയത്തോടെ. ഫോൺകോൾ എടുക്കുന്നതു പോലും ഭയത്തോടെയാണെന്ന് വയനാട് മാനന്തവാടി സ്വദേശി പ്രിന്റു മനോരമ ഓൺലൈനോടു പറഞ്ഞു. പത്രത്തിലൂടെ മാത്രം രാഷ്ട്രീയ ആക്രമണങ്ങൾ കണ്ടിട്ടുള്ള തനിക്ക് ഇവർ എന്തു ചെയ്യുമെന്ന ഭീതിയാണുള്ളത്. അന്നു നടന്ന സംഭവത്തിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വോട്ടു ചെയ്യണ്ടേ സാറെ
തല്ലു കിട്ടിയിട്ടും നിങ്ങൾ പിന്നെയും എന്തു ധൈര്യത്തിലാണ് വോട്ടു ചെയ്യാൻ പോയതെന്ന ചോദ്യത്തിന് ‘വോട്ടു ചെയ്യണ്ടേ സാറേ..?’ എന്നായിരുന്നു പ്രിന്റുവിന്റെ ഭാര്യ ബ്രിജിത്തയുടെ നിഷ്കളങ്കമായ ചോദ്യം. വോട്ടു ചെയ്ത് എത്രയും പെട്ടെന്ന് കുഞ്ഞുങ്ങളുടെ അടുത്തെത്താമെന്നു കരുതിയാണ് വോട്ടു ചെയ്യാൻ പോയത്. വോട്ടർ കാർഡും ആധാർ കാർഡുമെല്ലാമായാണ് വോട്ടു ചെയ്യാൻ പോയത്. ആക്രമിക്കപ്പെട്ടതോടെ വീണ്ടും പൊലീസ് സഹായത്തിൽ വോട്ടു ചെയ്യുകയായിരുന്നു. ഇവിടെ ജീവിക്കാൻ പേടിയുണ്ടെന്നും അവർ പറഞ്ഞു.
English Summary : Voters attacked in Kizhakkambalam get Rs one lakh from twenty twenty