ADVERTISEMENT

ന്യൂഡൽഹി∙ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം 23–ാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിരോധ മാർഗങ്ങളുമായി കേന്ദ്രസർക്കാർ. നിയമത്തിന് അനുകൂലമായ പ്രചാരണം ശക്തമാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കര്‍ഷകരുമായി ഇന്ന് ആശയവിനിമയം നടത്തും. ഉച്ചയ്ക്ക് രണ്ടിന് വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. 23,000 ഗ്രാമങ്ങളില്‍ മോദിയുടെ പരിപാടി പ്രദര്‍ശിപ്പിക്കും.

അതേസമയം, നിയമത്തിന് അനുകൂലമായ പ്രചാരണം ശക്തമാക്കാന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ബിജെപി ജനറല്‍ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എട്ടു പേജ് കത്ത് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പീയുഷ് ഗോയൽ, നിർമല സീതാരാമൻ, ജെ.പി.നഡ്ഡ എന്നിവരടങ്ങിയ യോഗത്തിൽ തോമർ പുറത്തുവിട്ടു.

കർഷക സഹോദരീ സഹോദരന്മാർക്ക് കത്തെഴുതി തികച്ചും സമാധാനപരമായ ചർച്ചയ്ക്കു വഴിയൊരുക്കുകയായിരുന്നു നരേന്ദ്ര തോമറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. എല്ലാവരും അത് വായിക്കണം. പറ്റുന്നത്രയും ആളുകളിലേക്ക് ഇതെത്തിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷകരുമായി ചർച്ച നടത്തുന്നതിന് സർക്കാർ സജ്ജമാണെന്നും പ്രതിപക്ഷ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. കാർഷിക പരിഷ്കരണങ്ങളെക്കുറിച്ചു പറഞ്ഞു കർഷകരെ പ്രതിപക്ഷം വഴിതെറ്റിക്കുകയാണ്. കാർഷിക ഉൽപ്പന്നങ്ങൾക്കു മികച്ച വില ലഭിക്കാൻ മാർഗങ്ങളില്ലെന്നു പറയുന്ന ഏതെങ്കിലുമൊരു പ്രസ്താവന കഴിഞ്ഞ 25 വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. ഏതെങ്കിലും കർഷക നേതാവിന്റെയോ സംഘടനയുടെയോ ഇത്തരം പ്രസ്താവന കാണിക്കാൻ സാധിക്കുമോയെന്നും കത്തിൽ ചോദിക്കുന്നു.

മേഖലയിൽ വൻ പരിഷ്കരണങ്ങളാണ് പുതിയ കാർഷിക നിയമങ്ങൾ ലക്ഷ്യമിടുന്നത്. ഇടനിലക്കാരിൽനിന്നു മോചിപ്പിച്ച് രാജ്യത്തെവിടെയും ഏത് മാർക്കറ്റിലും ഉൽ‌പന്നങ്ങൾ വിൽക്കാൻ അനുവദിക്കുന്നതിലൂടെ വരുമാനം വർധിപ്പിക്കുന്നതാണു നിയമങ്ങൾ‌ ലക്ഷ്യം വയ്ക്കുന്നതെന്നും കത്തിൽ വിശദീകരിക്കുന്നു.

English Summary: PM Modi's Appeal To Farmers As Minister Pens 8-Page Outreach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com