ADVERTISEMENT

മോസ്കോ ∙ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്കു (44) വിഷബാധയേറ്റ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. തന്നെ കൊല്ലാൻ ശ്രമിച്ചതായി റഷ്യൻ ഏജന്റ് വെളിപ്പെടുത്തിയെന്നും അടിവസ്ത്രത്തിൽ ശത്രുക്കൾ വിഷം ഒളിപ്പിച്ചിരുന്നതായും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ നവൽനി പറഞ്ഞു. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസിലെ (എഫ്എസ്ബി) രാസായുധ വിദഗ്ധനായ കോൺസ്റ്റാറ്റിൻ കുർദിയാസ്റ്റേവുമായാണു സംസാരിച്ചതെന്നു 49 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദ സന്ദേശമടക്കം പുറത്തുവിട്ടു നവൽനി ആരോപിച്ചു.

‘ഞാൻ എന്റെ കൊലപാതകി‌യെ വിളിച്ചു, അയാൾ എല്ലാം എന്നോടു വെളിപ്പെടുത്തി’ എന്നായിരുന്നു നവൽനിയുടെ ട്വീറ്റ്. തന്റെ വ്യക്തിഗത വിവരങ്ങൾ മറച്ചുവച്ചാണു റഷ്യൻ ഏജന്റുമായി നവൽനി സംസാരിച്ചത്. റഷ്യയിൽ ആഭ്യന്തര വിമാനയാത്രയ്ക്കിടെയാണു നവൽനിയുടെ ആരോഗ്യം ഗുരുതരാവസ്ഥയിലായത്. തുടർന്നു വിമാനം അടിയന്തരമായി നിലത്തിറക്കി. ഇതോടെയാണു അപായപ്പെടുത്താനുള്ള പദ്ധതി പൊളിഞ്ഞതെന്നു കോൺസ്റ്റാറ്റിൻ പറയുന്നതു ശബ്ദസന്ദേശത്തിൽ കേൾക്കാം. യാത്ര തുടരാൻ പൈലറ്റ് തീരുമാനിച്ചിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നുവെന്നു നവൽനി പറയുന്നു.

സൈബീരിയയിൽനിന്നു മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽവച്ചാണു നവൽനിയുടെ ശരീരത്തിൽ വിഷം കയറിയത് എന്നായിരുന്നു നിഗമനം. സൈബീരിയൻ നഗരമായ ടോംസ്കിലെ ഹോട്ടൽ മുറിയിൽ വച്ചാണു വിഷബാധയേറ്റതെന്നായിരുന്നു അനുയായികളുടെ അവകാശവാദം. നവൽനി താമസിച്ചിരുന്ന ടോംസ്കിലെ ക്സാൻഡർ ഹോട്ടലിലെ മുറിയിൽ ഒഴിഞ്ഞ വെള്ളക്കുപ്പികളിൽ വിഷത്തിന്റെ അംശം ഉണ്ടായിരുന്നതായി നവൽനിയുടെ അനുയായികൾ അവകാശപ്പെട്ടു.

‘ഹോളി സ്പ്രിങ്’ എന്ന വെള്ളക്കുപ്പിയിലാണു വിഷാംശം കണ്ടെത്തിയത്. ബെർലിനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നവൽനിയുടെ ശരീരത്തിൽ നോവിചോക്ക് എന്ന വിഷപ്രയോഗം നടന്നുവെന്നാണു പരിശോധനയ്ക്കുശേഷം ജർമനി പറഞ്ഞത്. എന്നാൽ വിഷബാധയുടെ തെളിവൊന്നും കിട്ടിയില്ലെന്നായിരുന്നു റഷ്യയുടെ അവകാശവാദം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ രൂക്ഷവിമർശകനായ നവൽനിയെ വിഷരാസവസ്തു പ്രയോഗം മൂലം വകവരുത്താനുള്ള ശ്രമം ആദ്യമല്ല.

2017ൽ പ്രക്ഷോഭത്തിനിടെ പുടിൻ അനുയായികൾ രാസവസ്തു എറിഞ്ഞപ്പോൾ മുഖത്തു പൊള്ളലേറ്റു നവൽനിയുടെ വലതു കണ്ണിന്റെ കാഴ്ച താൽക്കാലികമായി നഷ്ടപ്പെട്ടിരുന്നു. 2019 ജൂലൈയിൽ നവൽനിക്കു ജയിലിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത് വിഷപ്രയോഗം മൂലമാണെന്നു സംശയമുണ്ട്. 2018ലെ തിരഞ്ഞെടുപ്പിൽ പുടിനെതിരെ രംഗത്തിറങ്ങിയ നവൽനിക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് വന്നതിനെത്തുടർന്ന് അഴിമതിവിരുദ്ധ സമരങ്ങൾക്കു പിന്തുണ നൽകി വരികയായിരുന്നു.

russian-president-vladimir-putin
വ്ലാഡിമിർ പുടിൻ

വിഷപ്രയോഗം പുടിന് ‘ശീലം’

തനിക്കു ഭീഷണിയാകുമെന്നു കരുതുന്നവരെ വിഷം പ്രയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പുടിന്റെ ഭരണകാലത്തു പുതുമയല്ല.

∙ യുക്രെയ്‌ൻ പ്രസിഡന്റ് വിക്‌ടർ യൂഷ്‌ചെങ്കോയെ 2004ൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിഷം നൽകി വധിക്കാൻ ശ്രമം. പിന്നിൽ റഷ്യയെന്ന് ആരോപണം.

∙ പുടിന്റെ ഒട്ടേറെ രഹസ്യങ്ങൾ അറിയാമായിരുന്ന മുൻ റഷ്യൻ ചാരൻ അലക്‌സാണ്ടർ ലിത്വിനെങ്കോ 2006ൽ ലണ്ടനിൽ മരിച്ചു. റേഡിയോ ആക്ടീവ് പദാർഥമായ പൊളോണിയം ചേർത്ത ചായ കുടിച്ചപ്പോഴാണു വിഷബാധയേറ്റത്.

∙ 2018ൽ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രീപലിനും മകൾ യുലിയയ്ക്കുംനേരെ ലണ്ടനിൽ നോവിചോക് എന്ന ഉഗ്രരാസവിഷം പ്രയോഗിച്ചതു റഷ്യക്കാരാണെന്നു കണ്ടെത്തിയിരുന്നു.

English Summary: Kremlin critic Navalny says Russian agent admits putting poison in underpants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com