പുതുവർഷത്തിനു മുൻപ് കൊറോണയുടെ ‘യുകെ അവതാരം’; പടര്‍ന്നത് എങ്ങനെ?

SHARE

കോവിഡ്–19 പ്രതിസന്ധി മറികടന്നു ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ പതിയെ പ്രതീക്ഷകളുടെ കരകയറിത്തുടങ്ങുമ്പോഴായിരുന്നു യുകെയിൽനിന്നുള്ള ആശങ്കപ്പെടുത്തുന്ന ആ വാർത്ത. മുൻ വൈറസുകളേക്കാളും വ്യാപനശേഷി കൂടുതലുള്ള പുതിയ കൊറോണ വേരിയന്റ് (Variant Strain) കണ്ടെത്തിയിരിക്കുന്നു. യുകെ ഏറെ പ്രതീക്ഷയർപ്പിച്ച ക്രിസ്മസ്–പുതുവര്‍ഷ  വിപണിക്കു മേൽ കരിമ്പടം പുതപ്പിച്ചായിരുന്നു വൈറസിന്റെ ഈ പുതിയ പരിവർത്തന അവതാരത്തിന്റെ വരവ്. ലോക്ഡൗണല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനു മുന്നിൽ. ഇന്ന് ഇന്ത്യയുൾപ്പെടെ ആശങ്കപ്പെടുന്ന ആ വേരിയന്റിന്റെ ഉറവിടം എവിടെയാണ്? ആരാണത് കണ്ടെത്തിയത്? എന്തുകൊണ്ട് ഈ വൈറസിനെ നാം ഭയക്കണം?

ആരാണ് കണ്ടെത്തിയത്?

ആർഎൻഎ വൈറസായതിനാൽത്തന്നെ ഏതു നിമിഷവും ജനിതക പരിവർത്തനം (ജനറ്റിക് മ്യൂട്ടേഷൻ) സംഭവിക്കാം എന്നതാണ് വൂഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസിന്റെ (സാർസ് കോവ്–2) പ്രത്യേകത. ഇവയെ പ്രതിരോധിക്കാനുള്ള വാക്സീൻ നിർമാണത്തിലെ വലിയ വെല്ലുവിളിയും അതാണ്. ഏതു നിമിഷവും ഇവയുടെ സ്വഭാവം മാറാം. ഈ സാഹചര്യത്തിൽ വൂഹാനിലെ ആദ്യ വൈറസിന്റെ ഉൾപ്പെടെ ജനിതകഘടന ഗവേഷകർ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും. അവയുടെ ജനിതകഘടനയിലെ ഓരോ മാറ്റവും കൃത്യമായി അവർ രേഖപ്പെടുത്തുന്നു. ഈ പഠനറിപ്പോർട്ടുകൾ ആർക്കു വേണമെങ്കിലും ഉപയോഗപ്പെടുത്താൻ ഗ്ലോബൽ ഇനിഷ്യേറ്റിവ് ഓൺ ഷെയറിങ് ഏവിയൻ ഇൻഫ്ലുവൻസ ഡേറ്റ (ജിഐഎസ്എഐഡി–GISAID) എന്ന ഓപൺ ഡേറ്റബേസും തയാറാക്കിയിട്ടുണ്ട്. 

കൊറോണ വൈറസിന്റെ ജനിതക ഘടന സംബന്ധിച്ച് ഈ ഡേറ്റ ബേസിലേക്ക് ഏറ്റവും കൂടുതൽ റിപ്പോർട്ട് നൽകിയിട്ടുള്ളത് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോവിഡ്19 ജീനോമിക്സ്–യുകെ (COG-UK) എന്ന ഗവേഷകരുടെ കൺസോർഷ്യമാണ്. കൊറോണ വൈറസിനെ തുടർച്ചയായി നിരീക്ഷിക്കുന്നതിന്റെ ഫലം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഈ സംഘം ശരിക്കും തിരിച്ചറിയുകയായിരുന്നു. യുകെയിൽ അതിവേഗം പടരുന്നതായി ഇപ്പോൾ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ആദ്യം തിരിച്ചറിഞ്ഞത് ഈ സംഘമായിരുന്നു. ജീനോമിക് സർവൈലൻസ് എന്ന ഈ രീതി ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയതാണ് യുകെയ്ക്ക് അനുഗ്രഹമായത്. എല്ലാം മറന്ന് ആഘോഷിക്കാൻ ജനം തെരുവിലേക്കിറങ്ങുന്ന ക്രിസ്മസ്–ന്യൂഇയർ സമയത്തിനു മുൻപുതന്നെ മാരകവ്യാപകശേഷിയുള്ള ഈ വൈറസിനെ കണ്ടെത്തില്ലായിരുന്നെങ്കിൽ ലോകം 2021നെ വരവേറ്റത് മറ്റൊരു വൻ ദുരന്തത്തോടെ ആയിരുന്നേനെ! തക്കസമയത്തെ ഇടപെടൽ ഫലം കണ്ടതായാണ് നിലവിലെ സൂചന.

എവിടെനിന്നു വന്നു? എങ്ങനെ പടർന്നു?

സെപ്റ്റംബർ 20 ഓടെ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും ലണ്ടനിലുമാണ് പുതിയ കൊറോണ വൈറസിന്റെ വകഭേദത്തെ വ്യാപകമായി കണ്ടെത്തുന്നത്. എന്നാൽ സെപ്റ്റംബറിൽ ശേഖരിച്ച വൈറസ് സാംപിളിന്റെ റിപ്പോർട്ട് ഒക്ടോബറിൽ ലഭിച്ചപ്പോഴേക്കും പലയിടത്തും പുതിയ വൈറസ് വേരിയന്റ് വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. അതുവരെ കുറഞ്ഞുനിന്നിരുന്ന യുകെയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം സെപ്റ്റംബർ 23 ന് 6899ൽ എത്തിയതോടെ ആദ്യ സൂചനകൾ ലഭിച്ചതാണ്. ഒരാഴ്ച കഴിഞ്ഞ് ഒക്ടോബർ 2ന് അത് 11,754ലും എത്തി. മൂന്നാഴ്ച പിന്നിട്ടതോടെ ആ സംഖ്യ 26,000 കടന്നു. നവംബർ 12ന് പ്രതിദിന ബാധിതർ 33,470 ആയി. അതിനോടകം സൂചന മനസ്സിലാക്കിയ യുകെ പതിയെ പ്രതിരോധ നടപടികളിലേക്കു കടന്നിരുന്നു. എന്നാൽ ഡിസംബർ മൂന്നാമത്തെ ആഴ്ചയോടെ രാജ്യത്തെ സകല റെക്കോർഡുകൾ ഭേദിച്ച് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു. 

ഡിസംബർ 15ന് പ്രതിദിനം 18,450 പേരെ രോഗം ബാധിച്ചപ്പോൾ തൊട്ടടുത്ത ദിവസം അത് ഇരട്ടിയോടടുത്തു– 35,383 പേർ. കോവിഡ് റിപ്പോർട്ട് ചെയ്തതിനു ശേഷം ഇതുവരെ ബ്രിട്ടനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമായിരുന്നു അത്. ഡിസംബർ 18ന് 28,507, ഡിസംബർ 19ന് 27,052 എന്നിങ്ങനെയുമായി ഇത്. ഡിസംബർ 20ന് 35,928 എന്ന പുതിയ റെക്കോർഡുമിട്ടു. 21ന് 33,363 പേർക്കും രോഗം സ്ഥിരീകരിച്ചു. ക്രിസ്മസ് ആഴ്ചയുടെ ആരംഭത്തിൽത്തന്നെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസും പുതുവർഷവും സാമൂഹിക അകലം പാലിച്ച്, വീട്ടിൽനിന്ന് പുറത്തിറങ്ങാതെ ആഘോഷിക്കാനും നിർദേശം വന്നു. 

യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ പുതിയ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയ, നെതർലൻഡ്സ്, ഇറ്റലി, ബെൽജിയം, ഐസ്‌ലൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളെല്ലാം പുതിയ വൈറസ് വേരിയന്റിനെ തിരിച്ചറിഞ്ഞതായി സ്ഥിരീകരിച്ചു. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും യുകെയുമായുള്ള കര–വ്യോമ–സമുദ്രഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ഡിസംബർ 9 വരെയുള്ള കണക്കനുസരിച്ച് യുകെയിൽ റിപ്പോർട്ട് ചെയ്ത 62% കേസുകളും പുതിയ കൊറോണ വൈറസ് വേരിയന്റ് ബാധിച്ചതാണ്. തൊട്ടു മുൻപത്തെ ആഴ്ച അത് 28% മാത്രമായിരുന്നു! എവിടെവച്ചാണ് ഇവയ്ക്ക് ജനിതക പരിവർത്തനം സംഭവിച്ചത് എന്നു മാത്രം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പുതിയ വേരിയന്റ് വ്യാപകമായ ക്ലസ്റ്ററുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ മാത്രമേ ഇതു സംബന്ധിച്ച നേരിയ സൂചനയെങ്കിലും ലഭിക്കുകയുള്ളൂ.

എന്താണീ വൈറസ് വേരിയന്റ്?

പുതിയ കൊറോണ വൈറസല്ല ഇത്. പഴയ വൈറസിനു ജനിതക പരിവർത്തനം സംഭവിച്ചുണ്ടായ പുതിയ വകഭേദം മാത്രമാണ്. എന്നാൽ മുൻ വേരിയന്റിനെ അപേക്ഷിച്ച് ഇതിനു വ്യാപകശേഷി കൂടിയതാണ് തിരിച്ചടിയായത്. പുതിയ വേരിയന്റ് കൊറോണവൈറസിന്റെ ബി.1.1.7 തലമുറ(lineage)യിൽപ്പെട്ടതാണെന്നാണ് ഗവേഷകർ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തേ ഇതിന് മറ്റൊരു പേരുമുണ്ടായിരുന്നു–വിയുഐ–202012/01. Variant Under Investigation in December 2020 എന്നതിന്റെ ചുരുക്കപ്പേരാണിത്. ഇപ്പോഴിതിന് മറ്റൊരു പേരാണ് – വിഒസി–202012/01. അതായത് Variant of Concern 202012/01. നിരീക്ഷണത്തിൽനിന്നു ഗവേഷകർ തിരിച്ചറിഞ്ഞത് പുതിയ വേരിയന്റിന്മേൽ ആശങ്ക വേണം എന്നതാണെന്ന് ഈ പേരുമാറ്റത്തിൽനിന്നുതന്നെ വ്യക്തം. 

പുതിയ വേരിയന്റിന്റെ ജനിതകകോഡിൽ ഇതുവരെ 23 മ്യൂട്ടേഷനാണു സംഭവിച്ചതെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റങ്ങളിൽ ചിലതാണ് ഇപ്പോൾ വ്യാപനശേഷി കൂട്ടാൻ ഇടയാക്കിയത്. യുകെയിലെ മുൻ വൈറസിന്റെ വ്യാപകശേഷി 50% ആണെങ്കിൽ ഇപ്പോഴത്തേതിന്റേത് 70 ശതമാനമാണ്. അത്രയേറെ വേഗത്തിൽ ഇവ കൂടുതൽ പേരിലേക്കെത്തുന്നു. കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടിനു മാത്രം ഇതുവരെ നാലായിരത്തോളം തവണ ജനിതക പരിവർത്തനം സംഭവിച്ചതായാണ് ഗവേഷകർ കണക്കാക്കുന്നത്. ആഗോളതലത്തിൽ കണ്ടെത്തിയ വൈറസ് വേരിയന്റുകൾക്കെല്ലാം മാസത്തിൽ രണ്ടോ മൂന്നോ തവണ മ്യൂട്ടേഷൻ സംഭവിക്കുന്നുമുണ്ട്. 

കൊറോണ വൈറസിന്റെ പുറത്തുള്ള സ്പൈക്ക് പ്രോട്ടിൻ പോലുള്ള ‘ജീനോമിക് റീജ്യനുകളിലാണ്’ പ്രധാനമായും ജനിതക മാറ്റമുണ്ടാകുന്നത്. മനുഷ്യ ശരീരകോശങ്ങളിൽ കാണപ്പെടുന്ന (പ്രധാനമായും ശ്വാസകോശത്തിലെ കോശങ്ങൾ) ഏസ് 2 (ACE2) റിസപ്റ്റർ എന്നറിയപ്പെടുന്ന പ്രോട്ടിനുകളുമായി ‘ബന്ധം’ സ്ഥാപിക്കാൻ കൊറോണ വൈറസ് ഉപയോഗിക്കുന്നത് ഈ സ്പൈക്ക് പ്രോട്ടിനാണ്. വൈറസിനെ ശരീരകോശങ്ങളിലേക്ക് കൈപിടിച്ചു കയറ്റുന്നത് ഈ ഏസ്2 പ്രോട്ടിനാണെന്നു ചുരുക്കം. മനുഷ്യശരീരത്തിലെ പല കോശങ്ങളുടെയും പുറത്ത് ഏസ്2 പ്രോട്ടിനുണ്ട്. ശരീരത്തിലേക്കു പ്രവേശിച്ച കൊറോണ വൈറസിന്റെ ദേഹത്തിനു പുറത്തുള്ള സ്പൈക്ക് പ്രോട്ടിൻ ഏസ്2 പ്രോട്ടിനുമായി ഒട്ടിച്ചേർന്ന് കോശത്തിനകത്തേക്ക് നുഴഞ്ഞു കയറി സ്വയം പെരുകുന്നതാണ് കോവിഡിനു കാരണമാകുന്നത്. അതിനാൽത്തന്നെ വാക്സീൻ ഗവേഷകരും പ്രധാനമായും ലക്ഷ്യമിടുന്നത് ഈ സ്പൈക്ക് പ്രോട്ടിനുകളെയാണ്. 

എന്താണ് പുതിയ വൈറസിലെ മാറ്റം?

പുതിയ വൈറസ് വേരിയന്റിന്റെ ജനിതക മേഖലകളിലുണ്ടായ മാറ്റങ്ങളെ എൻ501വൈ, എച്ച്69/വി70 ഡിലീഷൻ എന്നൊക്കെയാണ് ഗവേഷകർ അടയാളപ്പെടുത്തുന്നത്. ഇതിൽ എച്ച്69/വി70 ഡിലീഷൻ എന്നത് ജനിതക പരിവർത്തനത്തിലൂടെ സ്പൈക്ക് പ്രോട്ടിനിലെ രണ്ട് അമിനോ ആസിഡ് ഘടകങ്ങൾ ‘ഡീലീറ്റ്’ ചെയ്യപ്പെട്ടു അഥവാ ഇല്ലാതായി എന്നാണ് സൂചിപ്പിക്കുന്നത്. ഇത് വൈറസിന് നേരത്തേതന്നെ സംഭവിച്ചതാണ്. എന്നാൽ എൻ501വൈ മ്യൂട്ടേഷനിലൂടെ വൈറസിലെ സ്പൈക്ക് പ്രോട്ടിന് വളരെ എളുപ്പത്തിൽ മനുഷ്യകോശങ്ങളുമായി ബന്ധം സ്ഥാപിക്കാനും അവയിലേക്കു കടന്നു കയറാനും സാധിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അത് പുതിയ കണ്ടെത്തലാണ്. പുതിയ വേരിയന്റിന്റെ ഫുൾ ജീനോം സീക്വൻസിങ്ങിൽനിന്നുൾപ്പെടെയുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഇവയ്ക്ക് വ്യാപകശേഷി കൂടുതലാണെന്നു ഗവേഷകർ കണ്ടെത്തിയത്. 

UK Prime Minister
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ചിത്രം: Tolga Akmen / AFP / POOL

കോവിഡ് ഗുരുതരമാകാനോ കൂടുതൽ മരണത്തിനോ പുതിയ വേരിയന്റ് ഇടയാക്കില്ല. എന്നാൽ ഇവയുടെ വ്യാപനശേഷി എങ്ങനെ കൂടി എന്നതിന്റെ ‘മെക്കാനിസം’ പിടിച്ചെടുക്കാൻ ഇതുവരെ കഴിയാത്തത് ആശങ്കയ്ക്ക് ഇട നൽകുന്നുണ്ട്. സ്പൈക്ക് പ്രോട്ടിനിലെ മാറ്റമാണ് വ്യാപകശേഷി കൂടാൻ കാരണമായതെന്നു മാത്രം അറിയാം. വൈറസിനെ സംബന്ധിച്ച കൂടുതൽ ഡേറ്റ ലഭ്യമായാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമറിപ്പോർട്ട് ഉണ്ടാവുകയുള്ളൂ. ഇപ്പോൾ തയാറായിട്ടുള്ള ഫൈസർ വാക്സീനുൾപ്പെടെ പുതിയ വേരിയന്റിനെതിരെയും ഫലപ്രദമാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം. 

സ്പൈക്ക് പ്രോട്ടിനിലുണ്ടായിരിക്കുന്ന പുതിയ മ്യൂട്ടേഷന് വാക്സീനെ പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്നും വിലയിരുത്തപ്പെടുന്നു. വൈറസിൽ താൽക്കാലികമായുണ്ടാകുന്ന ജനറ്റിക് ഡ്രിഫ്റ്റ് മാത്രമാണിത്. എന്നാൽ രണ്ടോ മൂന്നോ കൊറോണ വൈറസ് സ്ട്രെയിനുകൾ പരസ്പരമോ മറ്റു വൈറസുകളുടെ സ്ട്രേയിനുകളുമായോ കൂടിച്ചേർന്ന് പുതിയ വൈറസ് വകഭേദമുണ്ടാകുന്ന ‘ജനറ്റിക് ഷിഫ്റ്റ്’ വരുമ്പോഴാണു പ്രശ്നം. അതുപക്ഷേ വർഷങ്ങളെടുത്തു മാത്രം സംഭവിക്കുന്നതാണ്. ഇൻഫ്ലുവൻസ വൈറസിലുണ്ടാകുന്ന മാറ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ കൊറോണവൈറസിൽ കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ലെന്നും ഗവേഷകർ ലോകത്തിനു ധൈര്യം പകരുന്നു.

കൊറോണ വാക്സിനും ജീനോം സീക്വന്‍സിങ്ങും

എന്താണ് ജീനോം?

തുടരെത്തുടരെ ‘ജനിതക സ്വഭാവം’ മാറ്റുന്നുവെന്നതാണ് കൊറോണ പോലുള്ള ആർഎന്‍എ വൈറസുകളുടെ പ്രശ്നം. ഒരു ജനിതക സ്വഭാവം പഠിച്ച് ഗവേഷകർ മരുന്ന് തയാറാക്കുമ്പോഴേക്കും അതു മാറിയിട്ടുണ്ടാകും. പുതിയ കൊറോണ വൈറസിലും പല തവണ ജനിതക തിരുത്തലുകൾ (മ്യൂട്ടേഷൻ) സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവയുടെ ജീനോം സീക്വൻസിങ് ഗവേഷകർക്കു മുന്നിലുള്ള വലിയ വെല്ലുവിളിയാകുന്നത്.

ഒരു വൈറസിനെ രൂപപ്പെടുത്തുന്ന എല്ലാ ജീനുകളും ചേർന്നതാണ് ഒരു ജീനോം. ഈ ജീനോമിനോ അതിന്റെ ഭാഗങ്ങൾക്കോ സംഭവിക്കുന്ന മാറ്റങ്ങളാണു ഗവേഷകർ പുതിയ വാക്സിൻ കണ്ടെത്തുന്നതിനു മുൻപു തിരിച്ചറിയേണ്ടത്. ഒരു ജീനിലെ ന്യൂക്ലിയോടൈഡുകളുടെ സീക്വൻസ് തയാറാക്കുന്നതിനെയാണ് ജീനോം സീക്വൻസിങ് എന്നുവിളിക്കുന്നത്. എ, ബി,സി,ഡി...അക്ഷരങ്ങൾ പോലെയാണത്. ആർഎൻഎയുടെയോ ഡിഎൻഎയുടേയോ അടിസ്ഥാന ഘടകമാണ് ന്യൂക്ലിയോടൈഡുകൾ.

കയറു പിരിച്ചതു പോലെ രണ്ടു നാരുകളായാണ് (strand) ഡിഎൻഎയുടെ രൂപം. എന്നാൽ ഒരൊറ്റ നാരിനാലാണ് ആർഎൻഎ രൂപപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഗവേഷകർ ഇപ്പോഴും ജീനോം സീക്വൻസിങ് നടത്തിക്കൊണ്ടിരിക്കുന്ന ആർഎൻഎ വൈറസായ ഇൻഫ്ലുവൻസ വൈറസിന്റെ കാര്യമെടുക്കാം. പരസ്പരം ചേർന്നിരിക്കുന്ന ന്യൂക്ലിയോടൈഡ് ചെയിനുകളാലാണ് ഇവയുടെ ആർഎൻഎ രൂപപ്പെട്ടിരിക്കുന്നത്. ഇവയെ കോഡ് ചെയ്തിരിക്കുന്നതാകട്ടെ എ, സി, ജി, യുഎന്നീ അക്ഷരങ്ങളാലും. അഡനിൻ, സൈറ്റസീൻ, ഗ്വാനീൻ, യുറേസിൽ എന്നീ നൈട്രജൻ ബേസുകളെയാണ് ഈ അക്ഷരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ അഡനിൻ, ഗ്വാനിൻ, സൈറ്റോസിൻ, തൈമീൻ എന്നിവയാണ് ഡിഎൻഎയിൽ കാണപ്പെടുന്നത്. ആർഎൻഎയിൽ തൈമീനു പകരം കാണപ്പെടുന്നതാണ് യുറേസിൽ.

ഇങ്ങനെ ഓരോ വൈറസ് ജീനിലെയും ന്യൂക്ലിയോടൈഡുകളുടെ കൂടിച്ചേരൽ (composition) പ്രത്യേകതരത്തിലായിരിക്കും. ഇതിനെ മറ്റു വൈറസുകളുടേതുമായി താരതമ്യം ചെയ്താണ് അവ തമ്മിലുള്ള ജനിതക വ്യത്യാസം മനസ്സിലാക്കുന്നത്. ഇവിടെയാണ് ജീനോം സീക്വൻസിങ്ങിന്റെ പ്രസക്തിയും. വൈറസുകളുടെ ജീനോമിലെ ഓരോ ജീനിലും ന്യൂക്ലിയോടൈഡുകൾ എങ്ങനെ കൂടിച്ചേർന്നിരിക്കുന്നു എന്നു കണ്ടെത്തുന്നതാണ് ജീനോം സീക്വൻസിങ്. അഡനിൻ, ഗ്വാനിൻ, സൈറ്റോസിൻ, യുറേസിൽ തുടങ്ങിയവയുടെ ശ്രേണീകരണം എന്നു പറയാം.

എന്താണ് ഫുൾ ജീനോം സീക്വൻസിങ്?

വൈറസിന്റെ ജീനോമിലെ മൊത്തം ജീനുകളുടെ ശ്രേണീകരണം നടത്തുന്നതാണ് ഫുൾ ജീനോം സീക്വൻസിങ്. ഏകദേശം 13,500 വാക്കുകൾ ചേർന്നതാണ് ഈ സീക്വന്‍സിങ്. ഈ സീക്വൻസിലെ മാറ്റം നോക്കിയാണ് വൈറസുകൾക്ക് തിരുത്തൽ (മ്യൂട്ടേഷൻ) സംഭവിച്ചോയെന്നു മനസ്സിലാക്കുന്നത്. വൈറസുകളിലെ ജനിതക തിരുത്തൽ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. വൈറസുകളുടെ പുറത്തുള്ള പ്രോട്ടീനുകളുടെ രൂപമാറ്റവും ഈ തിരുത്തലിലൂടെ സംഭവിക്കും. അങ്ങനെയാണ് പുതിയ ജീവികളിലെ കോശങ്ങളിലെ പ്രോട്ടീനുകളുമായി ബന്ധം സ്ഥാപിക്കാന്‍ വൈറസ് പ്രോട്ടീനുകൾക്കു സാധിക്കുന്നത്.

അമിനോആസിഡുകളുടെ ശ്രേണിയാലാണ് ഈ പ്രോട്ടിനുകൾ നിർമിക്കപ്പെട്ടിരിക്കുന്നത്. ഈ അമിനോ ആസിഡുകളിലുണ്ടാകുന്ന മാറ്റമാണ് എത്രമാത്രം ശക്തമായി ഇവ മറ്റുള്ളവയിലേക്കു പടരും എന്നു നിശ്ചയിക്കുന്നത്. പൊതുവായുള്ള ഇൻഫ്ലുവൻസ എ, ബി വൈറസുകളിൽ എട്ട് ജീൻ സെഗ്മെന്റുകളാണുള്ളത്. ഇവയ്ക്കുള്ളിലാണ് ഒരു മനുഷ്യ ശരീര കോശത്തെ ആക്രമിക്കേണ്ടത് എങ്ങനെയാണെന്നും പുതിയ വൈറസുകളെ ഉൽപാദിപ്പിക്കേണ്ടതിനെക്കുറിച്ചുമുള്ള ‘നിർദേശങ്ങൾ’ ഉളളത്.

ഒട്ടകങ്ങളെ മാത്രം ആക്രമിച്ചിരുന്ന കൊറോണ വൈറസുകൾക്കു ജനിതക തിരുത്തൽ സംഭവിച്ച് അവ മനുഷ്യരിലേക്കും പടർന്നതാണ് മെർസ്. വെരുകുകളെ മാത്രം ആക്രമിച്ചിരുന്നവയ്ക്ക് തിരുത്തൽ സംഭവിച്ചതാണ് സാർസ് കോവ് 1 വൈറസ്. ഇതെല്ലാം വൈറസുകളുടെ പുറത്തുള്ള പ്രോട്ടീനുകൾക്ക് ജനിതക തിരുത്തൽ സംഭവിച്ചപ്പോൾ സാധ്യമായതാണ്. സാർസ് കോവ് 2 വൈറസ് എവിടെനിന്നാണു വന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

രോഗികളുടെ മരണത്തിലേക്കു നയിക്കും വിധം വൈറസിന്റെ ഘടനയിൽ സങ്കീർണ മാറ്റമുണ്ടാകുമ്പോഴാണ് കൂടുതൽ ഭയക്കേണ്ടത്. വാക്സീനുകളെ പ്രതിരോധിക്കാനാകും വിധം ശക്തിയാര്‍ജിക്കുന്നതും ഭയക്കണം. ഈ രണ്ട് പ്രശ്നങ്ങളിലേക്കു നയിക്കുന്ന മ്യൂട്ടേഷൻ പുതിയ വേരിയന്റിൽ സംഭവിച്ചിട്ടില്ല. നേരത്തേ ദക്ഷിണാഫ്രിക്ക, ഡെന്മാർക്ക്, സ്പെയിൻ എന്നിവിടങ്ങളിൽ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് സ്ട്രെയിനുകളിലും അപകടകരമായ ജനിതക മാറ്റം സംഭവിച്ചിരുന്നില്ല. വ്യാപനശേഷി കൂടുതലുള്ള വേരിയന്റുകൾ നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. സ്പാനിഷ് കർഷകരിൽ കണ്ടെത്തിയ 20എ.ഇയു1 എന്ന വേരിയന്റ് യൂറോപ്പിൽ ഇക്കഴിഞ്ഞ വേനലിൽ അതിവേഗം വ്യാപിച്ചിരുന്നു. മറ്റൊരു വേരിയന്റായ ഡി614ജിയും വ്യാപനശേഷി കൂടുതലുള്ളതായിരുന്നു. എന്നാൽ ക്രിസ്മസും ന്യൂഇയറും പോലെ ജനം ആഘോഷത്തിനായി കൂട്ടത്തോടെ പുറത്തിറങ്ങുന്ന സമയത്ത് വ്യാപനശേഷിയുള്ള വൈറസിനെ കണ്ടെത്തിയതാണ് ആശങ്കപ്പെടുത്തുന്നത്. 

മരണസംഖ്യയും കൂടാം, എങ്ങനെ?

പുതിയ വൈറസ് വേരിയന്റ് ബാധിക്കുന്ന രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരണ സംഖ്യ കൂടുന്നില്ല എന്നാണ് യുകെയിലെ കണക്കുകൾ ചൂണ്ടിക്കാട്ടി ചില വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. എന്നാൽ രോഗിയുടെ മരണത്തിനു കാരണമാകുന്നതിൽ പഴയ കൊറോണവൈറസിന്റെ അതേ ശക്തിയാണ് പുതിയ വേരിയന്റിനും. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതാണ് ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി. രോഗികൾക്ക് ആവശ്യമായത്ര െവന്റിലേറ്ററോ ഐസിയുവോ പോലും പല രാജ്യങ്ങളിലും ഇല്ല. എണ്ണം കൂടുകയും ചികിത്സാ സൗകര്യങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നതോടെയാണ് കോവിഡ് മരണസംഖ്യ കൂടുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ യുകെയിലും ഇറ്റലിയിലുമെല്ലാം സംഭവിച്ചതും അതാണ്. അങ്ങനെയാണ് രോഗവ്യാപനം കുറയ്ക്കാനായി ലോകം ലോക്‌ഡൗണിലേക്കു പോയതും. 

വൈറസിന്റെ വ്യാപനശേഷി കൂടുതലാണ് എന്നു പറഞ്ഞാൽ അതിനർഥം അവ വിചാരിച്ചതിനേക്കാളും വേഗത്തിൽ പടരുമെന്നാണ്. സ്വാഭാവികമായും, പ്രതീക്ഷിച്ചതിലും കൂടുതല്‍ പേരെ രോഗം ബാധിക്കും. ആവശ്യത്തിന് മെഡിക്കൽ സൗകര്യങ്ങളില്ലെങ്കിൽ മരണനിരക്കും കൂടും. അതിനാലാണ് ഓരോ രാജ്യവും പുതിയ വൈറസ് വേരിയന്റിനു മുന്നിൽ അതീവജാഗ്രതയിലായിരിക്കുന്നതും. ഏതെല്ലാം പ്രായക്കാരെയാണ് കൂടുതലായി പുതിയ വേരിയന്റ് വൈറസ് ബാധിക്കുന്നത്? പല പ്രായക്കാരിൽ എത്രമാത്രം ഗുരുതരമാണ് രോഗം? തുടങ്ങിയ കാര്യങ്ങളെല്ലാം അറിഞ്ഞാൽ മാത്രമേ വേരിയന്റ് വഴിയുള്ള മരണനിരക്കിനെപ്പറ്റിയും അറിയാനാവുകയുള്ളൂ. 

നേരത്തേ കോവിഡ് ബാധിച്ചവരെ ഈ പുതിയ വേരിയന്റ് വീണ്ടും ബാധിച്ചോ എന്നും പരിശോധിക്കണം. ശരീരത്തിൽ വൈറസ് എത്തുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയെ പ്രതിരോധിക്കാൻ പുതിയ വേരിയന്റിന് ശേഷിയുണ്ടോ എന്നറിയാനാണിത്. രോഗം പെട്ടെന്നു പടരുന്നതിൽ വൈറസിന്റെ പങ്ക് എത്രമാത്രമുണ്ട്, രോഗം ബാധിക്കുന്ന മനുഷ്യശരീരത്തിന്റെ എന്തെല്ലാം പ്രത്യേകതകൾ പരിഗണിക്കണം, എന്നീ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇതിനെല്ലാമായി ഡബ്ല്യുഎച്ച്ഒ വിദഗ്ധരും യുകെയിലെ ഡോക്ടർമാരും മെഡിക്കൽ വിദഗ്ധരും ചേർന്ന നിരീക്ഷണ സംവിധാനത്തിനും രൂപം നൽകിക്കഴിഞ്ഞു.

കോവിഡ് ടെസ്റ്റിനെ ബാധിക്കുമോ?

വൈറസിന്റെ ജനിതകഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പിസിആർ ടെസ്റ്റിൽ പരിശോധിക്കുന്നത്. അത്തരത്തിൽ പരിശോധനയ്ക്കു വിധേയമാകുന്ന മൂന്ന് ജീനോമിക് ഘടകങ്ങളിൽ ഒന്നിന് പുതിയ വേരിയന്റിൽ മാറ്റം വന്നിട്ടുണ്ട്. ഈ വൈറസ് ബാധിച്ച ഒരാളെ പരിശോധിക്കുമ്പോൾ ചിലപ്പോൾ ആ ജനിതക ഭാഗം (Target Area) നെഗറ്റിവ് ആയി ഫലം നൽകാൻ സാധ്യതയുണ്ട്. ചില ടെസ്റ്റുകളിലെങ്കിലും ഇത് വൈറസിന്റെ സാന്നിധ്യം ഉറപ്പിക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കും. എന്നാൽ ഒരൊറ്റ ജനിതക ഭാഗം മാത്രം പരിശോധിച്ച് വിധിയെഴുതുന്ന രീതിയല്ല നിലവിൽ ഉള്ളത്. മറ്റ് ജീൻ ടാർഗറ്റുകളും അടിസ്ഥാനപ്പെടുത്തി ഫലം ഉറപ്പിക്കുന്നതിനാൽ പിസിആർ പരിശോധനയിൽ പ്രശ്നമുണ്ടാകില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. സ്പൈക്ക് പ്രോട്ടിനിലുണ്ടാകുന്ന മാറ്റം പോലും ഫലത്തെ കാര്യമായി ബാധിക്കില്ല. തെറ്റായ നെഗറ്റിവ് റിപ്പോർട്ടിന് അപ്പോഴും സാധ്യതയുണ്ട്, പക്ഷേ കുറവായിരിക്കുമെന്നു മാത്രം. 

ഒരാളിൽനിന്ന് എത്ര പേരിലേക്ക്?

ഒരാളിൽനിന്ന് ശരാശരി എത്രപേരിലേക്കു രോഗം പകരും എന്നു കണക്കാക്കുന്നതാണ് റീപ്രൊഡക്‌ഷൻ റേറ്റ്  അഥവാ ആർ റേറ്റ്. ഇത് ഒന്നിനു മുകളിലേക്കു പോയാൽത്തന്നെ അപകടകരമാണ്. ആർ റേറ്റ് 0.4 ശതമാനത്തിനു മുകളിലേക്ക് പോകുമെന്നായിരുന്നു തുടക്കത്തിൽ ബ്രിട്ടൺ മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഡിസംബർ 18ന് യുകെയുടെ ന്യൂ ആൻഡ് എമേർജിങ് റെസ്പിരേറ്ററി വൈറസ് ത്രെറ്റ്സ് അഡ്വൈസറി ഗ്രൂപ്പ് നൽകിയ മുന്നറിയിപ്പ് പ്രകാരം രാജ്യത്തെ ആർ റേറ്റ് 0.93% വരെ കൂടാം. എന്നാൽ ആർ റേറ്റ് ബ്രിട്ടണിൽ ഇതിനോടകം 1.3 മുതൽ 1.4 വരെയെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ലണ്ടനിലാണ് ഇത് ഏറ്റവും ഉയർന്നിട്ടുള്ളത്. പുതിയ വൈറസ് ബാധിച്ച ഒരാളിൽനിന്ന് 1.5 പേരിലേക്ക് രോഗം എത്താമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) പ്രതിനിധി മരിയ വാൻ കെർഖോവും മുന്നറിയിപ്പ് നൽകുന്നു. സാധാരണ അത് 1.1 പേരിലേക്കാണ്. 

ഇന്ത്യ ഭയക്കേണ്ടതുണ്ടോ?

ഇന്ത്യയിലേക്കും ഇതിനോടകം ഈ വൈറസ് വേരിയന്റ്  എത്തിക്കാണുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. അതു കണ്ടെത്തുന്നതിന് രോഗികളിൽനിന്നുള്ള കൊറോണ വൈറസ് സാംപിളുകളുടെ ജനിതക ഘടന കൃത്യമായി പരിശോധിക്കണം. പുതുതായി രാജ്യത്തേക്കു വരുന്നവരെ പരിശോധിക്കുന്നതിനൊപ്പം വൈറസുകളുടെ ജനിതകഘടനയും ഗവേഷകർ പരിശോധിക്കുന്നുണ്ട്. എന്നാൽ ഇതിനോടകം രാജ്യത്തേക്ക് വൈറസ് എത്തിയിട്ടുണ്ടോയെന്നറിയാൻ യുകെയ്ക്കു സമാനമായ ‘ജീനോമിക് സർവൈലൻസ്’ വേണ്ടിവരും. ഒക്ടോബറിൽത്തന്നെ ഈ വൈറസ് ബ്രിട്ടനിൽ വ്യാപിച്ചിരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്. 

ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, ശാരീരിക അകലം പാലിക്കുക എന്നതു മാത്രമാണ് പുതിയ വൈറസ് വേരിയന്റിൽനിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി. പുറത്തേക്കിറങ്ങുമ്പോൾ മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം. സ്വയം സ്വീകരിക്കുന്ന ഈ മുൻകരുതലിനൊപ്പം ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ അനുസരിക്കുകയും വേണം. പുതിയ വൈറസ് വേരിയന്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:

‘‘പുതിയ വേരിയന്റിനെതിരെ നമ്മുടെ രാജ്യം പെട്ടെന്നുതന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചു. പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയി. ഇനി ഇതിനെ തിരികെ നിയന്ത്രണത്തിലേക്കു കൊണ്ടുവരേണ്ടതുണ്ട്...’’ മാറ്റ് ചൂണ്ടിക്കാട്ടിയ ഈ ‘കൈവിട്ടുപോകൽ’ പ്രശ്നം  ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളുടെയും തലയ്ക്കു മുകളിലെ വാളാണ്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ കൈവിട്ടു പോകാതെ കാക്കേണ്ടത് അടിയന്തര പരിഗണന നൽകേണ്ട വിഷയവും.

English Summary: Where and Who identified the new variant of coronavirus strain been identified? How rapidly has it spread? Will it impact vaccination? What do we know?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.