ADVERTISEMENT

കൊച്ചി∙ മക്കള്‍ ‘ബര്‍ത്ത് ഡേ പാര്‍ട്ടി’ എന്നു പറഞ്ഞു വീട്ടില്‍നിന്നു പുറത്തു പോകുന്നുണ്ടോ? സൂക്ഷിക്കണം!. ഇതു പറയുന്നത് ഇടുക്കി വാഗമണിൽ നിശാപാര്‍ട്ടിയിലെ ലഹരി മരുന്നു സംഘത്തെ പിടികൂടിയ ഉന്നത പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍. കോവിഡ് കാലത്തെ ലഹരി വിരുന്നുകളുടെ പുത്തന്‍ പേരാണ് 'ബര്‍ത്ത് ഡേ പാര്‍ട്ടി' എന്ന്. പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ക്കും മാറ്റമുണ്ട്. ഹോട്ടലുകളില്‍ നിന്ന് ഹോംസ്റ്റേകളിലേക്ക്. നഗരത്തിലാണെങ്കില്‍ ഇപ്പോള്‍ അത് വില്ലകളില്‍. പേരിനു കേക്കു മുറി നടക്കുന്നുണ്ട്. പക്ഷെ ആഘോഷങ്ങള്‍ മറ്റൊരു തലത്തിലാണ്. 'ഓണ്‍' ആയി ഓഫ്' ആകുന്നതു വരെയാണ് ആഘോഷം. അതാകട്ടെ സിന്തറ്റിക് ലഹരി ഉപയോഗിച്ചും.

ഓഫാകാതെ രാത്രി മുഴുവന്‍

ഓണ്‍ ആയി ഓഫ് ആകുന്നതാണ് ആഘോഷത്തിന്റെ ഒരു കണക്ക്. പണ്ട് അടിച്ച് ഓഫ് ആകുക എന്നു പറഞ്ഞിരുന്നിടത്തു നിന്ന് അടിച്ച് ഓണ്‍ ആകുക എന്നതിലെത്തി കാര്യങ്ങള്‍. ഓണ്‍ എന്നാല്‍ ലഹരി അടിച്ച് ഉന്മാദത്തിലാകുക. ഓഫ് ആകുക എന്നാല്‍ നീണ്ടു നില്‍ക്കുന്ന ലഹരി ഉന്‍മാദം വിട്ട് സാധാരണ നിലയിലാകുക. എല്‍എസ്ഡി സ്റ്റാംപ് പോലെയുള്ള സിന്തറ്റിക് ലഹരി ഉപയോഗം സ്ഥിരമായ ഡിപ്രഷനിലേയ്ക്കും ശാരീരിക, മാനസിക പ്രശ്‌നങ്ങളിലേയ്ക്കും നയിക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകളെ വകവയ്ക്കാതെയാണ് ഈ ഓണ്‍, ഓഫ് ആകലുകള്‍. ഹാഷിഷ്, എല്‍എസ്ഡി, സ്റ്റാംപ് തുടങ്ങി ഏഴിനം ലഹരി വസ്തുക്കള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയതായാണ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്.

idukki-dj-party-news-image-4

ലിമിറ്റഡ്, അണ്‍ലിമിറ്റഡ് ലഹരി

ഒരാള്‍ക്ക് പതിനായിരം രൂപയാണ് മിക്ക ലഹരി രാത്രികള്‍ക്കായും സംഘാടക സംഘം ഈടാക്കുന്നത്. ഓണായാല്‍ പിന്നെ അണ്‍ലിമിറ്റഡ് കഞ്ചാവ്. സിന്തറ്റിക് ലഹരിക്ക് പരിധിയുണ്ട്. നിശ്ചിത അളവില്‍ മാത്രം. വാഗമണിലോ മൂന്നാറിലോ ഒക്കെ നടക്കുന്ന പാര്‍ട്ടികളില്‍ മാത്രം കഞ്ചാവ് ഇഷ്ടംപോലെ ലഭിക്കും. നഗരത്തില്‍ വില്ലകളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കഞ്ചാവിനു പരിധിയുണ്ട്. - ലഹരി സംഘങ്ങളുടെ നീക്കങ്ങള്‍ പിന്തുടരുന്ന ഒരു ഉദ്യോഗസ്ഥന്റേതാണ് വെളിപ്പെടുത്തല്‍. 

ദമ്പതികളും പ്രഫഷണലുകളും മുതല്‍

വാഗമണില്‍ 'ബര്‍ത്ത് ഡേ പാര്‍ട്ടി' കൂടാനെത്തിയവരില്‍ യുവാക്കളായിരുന്നു ഏറെയും. 21 പേര്‍ പെണ്‍കുട്ടികള്‍. ഒരു ഭാര്യാഭർത്താവും ബാക്കി എല്ലാവരും അവിവാഹിതരും. കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ പല വമ്പന്മാരും ആഘോഷിക്കാന്‍ എത്തിയിരുന്നു. കൂട്ടത്തില്‍ ഉൾപ്പെട്ട കൊച്ചിയില്‍ നിന്നുള്ള ബ്രിസ്റ്റി ബിശ്വാസ് മോഡലും ഒരു പ്രമുഖ സംവിധായകന്റെ അസിസ്റ്റന്റുമാണെന്നാണു വിവരം. ഇവര്‍ക്ക് കൊച്ചിയിലെ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പനമ്പള്ളിനഗറിലെ ഷോപ്പിങ് കോംപ്ലക്‌സ് കേന്ദ്രീകരിച്ചു തമ്പടിക്കുന്ന ലഹരി ഉപയോഗ സംഘങ്ങളിലെ കണ്ണിയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇവരുടെ നിയന്ത്രണത്തിലുള്ള തൃപ്പൂണിത്തുറയിലെ ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ചും നിരീക്ഷണമുണ്ട്. 

25ല്‍ പരം കാറുകളിലാണ് ആഘോഷ രാവിലേയ്ക്ക് ആളെത്തിയത്. അതില്‍ ഏറെയും ആഡംബരക്കാറുകള്‍. കോവിഡ് കാലം പൂട്ടിയിട്ട ആഘോഷങ്ങളെ തുറന്നു വിട്ടപ്പോള്‍ ആളൊഴുകി. ഇത്രയധികം വനിതകള്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് എത്തി അകത്തു കടന്നത് എപ്പോഴാണെന്നു കണ്ടതേ ഇല്ലെന്ന് റിസോര്‍ട്ട് ഉടമ പറയുന്നു. 

Night Party Vagamon
പൊലീസ് റെയ്ഡിൽ പിടിയിലായവർ.

ആഘോഷം കളം മാറി; വില്ലകളിലേയ്ക്ക്..

സ്റ്റാര്‍ ഹോട്ടല്‍ മുറിയില്‍ അടുത്ത കൂട്ടുകാര്‍ക്കൊപ്പം കേക്കു മുറിച്ചുള്ള ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ കാലം മാറിയിരിക്കുന്നു.  റിസോര്‍ട്ടുകള്‍ ബുക്കു ചെയ്തും നഗരങ്ങളിലെ വില്ലകള്‍ കേന്ദ്രീകരിച്ചുമാണ് പുത്തന്‍ പാര്‍ട്ടികള്‍. ലഹരി ഒഴുക്കി ഇത്തരം പാര്‍ട്ടികള്‍ ആസൂത്രണം ചെയ്യാനും ആളുകളേറെ. സൗണ്ട് പ്രൂഫ് മുറികളില്‍ ഡിജെയ്‌ക്കൊപ്പം ലഹരിയും കൂട്ടായെത്തും. വാഗമണില്‍ പിടിയിലായ ലഹരി സംഘം കൊച്ചിയില്‍ പാര്‍ട്ടി സംഘടിപ്പിച്ചത് ഇത്തരത്തില്‍ വില്ലയില്‍ ആയിരുന്നെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

vagamon-resort-police

പിടിവീണ ബര്‍ത്ത്‌ഡേ നൈറ്റ്

വാഗമണിലെ ലഹരി വിരുന്നിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സ്ഥലത്തെത്തിയെന്നാണ് റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാട് പറയുന്നത്. താനും ചില സഹായികളും തന്നെയാണ് റിസോര്‍ട്ടിന്റെ പ്രതിദിന നടത്തിപ്പിനുള്ളത്. അതുകൊണ്ടു തന്നെ അതിഥികളെ എല്ലാം കാണാറുണ്ട്. സംഭവം നടന്നതിനു തലേ ദിവസം തന്നെ മുഖ്യ കക്ഷികള്‍ മുറിയെടുത്തു താമസിച്ചു. നേരത്തെ ഇവിടെ താമസിച്ചവരില്‍ നിന്നോ മറ്റോ നമ്പരെടുത്ത് വിളിച്ചാണ് അന്ന് റൂമുകള്‍ ബുക്കു ചെയ്തത്. അടുത്ത ദിവസം ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയുണ്ടെന്നും കുറച്ചു കൂട്ടുകാര്‍ വരുമെന്നും പറഞ്ഞിരുന്നു. റൂം ഒഴിവായാല്‍ തരാമെന്നു പറഞ്ഞു. സംഭവം നടക്കുന്ന ദിവസം വൈകുന്നേരമായപ്പോഴേയ്ക്ക് വാഹനങ്ങള്‍ വന്നു തുടങ്ങിയപ്പോഴേ അപകടം മണത്തു. 

സംഘാടകരോട് ചോദിച്ചപ്പോള്‍ കുറച്ചു പേര്‍ വരുന്നുണ്ട്, കേക്ക് മുറിച്ച് എട്ടുമണിയാകുമ്പോഴേയ്ക്ക് പൊയ്‌ക്കൊള്ളും എന്നു പറഞ്ഞു. അതു വിശ്വസിച്ച് വീട്ടിലേയ്ക്ക് പോയി. തിരികെ വന്നപ്പോള്‍ വഴി അടഞ്ഞ് നിറയെ വാഹനങ്ങള്‍. ഇനി വാഹനങ്ങള്‍ വരാതിരിക്കാന്‍ സ്വന്തം വണ്ടിയിട്ട് വഴി ബ്ലോക്ക് ചെയ്തു. ഒരു കണക്കിന് അതു നന്നായി. വാഹനങ്ങള്‍ അകത്തു കടക്കാതിരുന്നതിനാല്‍ ലഹരി മരുന്നുകളെല്ലാം പിടികൂടിയത് വാഹനത്തില്‍ നിന്നു തന്നെയാണ്. മാനക്കേടുണ്ടായത് വസ്തുതയാണെങ്കിലും ഇവരെ പിടികൂടിയത് നന്നായി എന്നാണു കരുതുന്നത്.  നാടിനെത്തന്നെ നശിപ്പിക്കുന്ന ലഹരി സംഘം വലയിലായതില്‍ സന്തോഷമാണുള്ളതെന്ന് ഷാജി പറയുന്നു. 

vagamon-resort-raid-1

പൊലീസ് വരില്ലെന്ന പാര്‍ട്ടി ഉറപ്പ്

അതേസമയം റിസോര്‍ട്ടിനെതിരെയും നാട്ടുകാര്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. പാര്‍ട്ടിക്കാരനായതിനാല്‍ പൊലീസ് കയറില്ലെന്ന ഉറപ്പ് അവിടെ പലതിനും അവസരം ഒരുക്കുന്നുണ്ടെന്നാണ് ആരോപണം. ബന്ധപ്പെട്ട അധികൃതര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടെന്നാണു നാട്ടുകാരുടെ വാദം. അതുകൊണ്ടു തന്നെയാകണം ലോക്കല്‍ പൊലീസിനെ അറിയിക്കാതെ അന്വേഷണ സംഘം സ്ഥലത്തെത്തിയതും. എറണാകുളത്തു നിന്നും നെടുങ്കണ്ടത്തു നിന്നും 150-ഓളം പൊലീസുകാരെത്തിയാണ് റിസോര്‍ട്ട് വളഞ്ഞത്.

ലഹരിക്കേസില്‍ റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസില്ലെങ്കിലും കോവിഡ് കാലത്തെ ആള്‍ക്കൂട്ടത്തിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. റിസോര്‍ട്ട് പൊലീസ് പൂട്ടിച്ചു.' കോവിഡ് കാലത്തെ കൊടും നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ ഒരു കോടി രൂപയിലേറെ ലോണെടുത്ത് എല്ലാം ഒന്ന് ശരിയാക്കി വരുന്നതിനിടെയാണ് വെള്ളിടി പോലെ ഈ സംഭവം. പൊലീസ് പരിശോധനയ്ക്ക് കയറിയിറങ്ങിയപ്പോള്‍ ബെഡ്ഷീറ്റും ടവ്വലുകളും വരെ പുതിയത് വാങ്ങേണ്ട സ്ഥിതിയായി' അദ്ദേഹം പറയുന്നു. 

ആഡ്രാ.. ആഡ്രാ.. വാട്‌സാപ് സൗഹൃദം

തെക്കന്‍ കേരളത്തിലെ ലഹരി മരുന്നു വിതരണത്തിനു ചുക്കാന്‍ പിടിക്കുന്നത് ആലുവ, പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ്്. വാഗമണിലേയ്ക്ക് ലഹരി എത്തിയതും ഇവിടെ നിന്നു തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നുമെല്ലാം സിന്തെറ്റിക് ലഹരി സംഘടിപ്പിച്ച് വില്‍പന നടത്തുന്നതിലാണ് ഇവരുടെ വൈദഗ്ധ്യം. തൊടുപുഴ സ്വദേശി അജ്മലിന്റെ ഈ ബന്ധങ്ങളാണ് ലഹരി എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ആഡ്രാ.. ആഡ്രാ.. എന്ന വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവിടെ സംഗമിച്ചത്. ഇവരില്‍ അധികം പേരും പരസ്പരം അറിയാത്തവര്‍. പലരും സമൂഹമാധ്യമങ്ങളിലൂടെ മാത്രം പരിചയക്കാര്‍. ലഹരിയുടെ ചങ്ങലയില്‍ കുരുങ്ങിക്കിടക്കുന്ന കണ്ണികള്‍. സമാന തല്‍പരരെ ചേര്‍ത്തുകൊണ്ട് കോഴിക്കോട് സ്വദേശി അജയനും തൊടുപുഴ സ്വദേശി അജ്മലും ഉണ്ടാക്കിയതാണ് വാട്‌സാപ് ഗ്രൂപ്പ്. സംഘം പത്തിലേറെ പാര്‍ട്ടികള്‍ ഇത്തരത്തില്‍ നടത്തിയെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

1200-vagamon-night-party-2

ആഘോഷം തുടങ്ങും മുന്നേ വലവിരിച്ച് പൊലീസ്

ഏതാനും ദിവസം മുമ്പ് കൊച്ചിയില്‍ പിടിയിലായ ഒരാളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നതിനിടെയാണ് വിജിലന്‍സ് സംഘത്തിന് ഇത്തരത്തില്‍ ഒരു പാര്‍ട്ടി നടക്കാന്‍ പോകുന്ന വിവരം ലഭിക്കുന്നത്. വിവരം മുകളിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലാ പൊലീസ് മേധാവി പദ്ധതിയൊരുക്കി. ലോക്കല്‍ പൊലീസിനെ വിവരം അറിയിക്കണ്ട എന്നായിരുന്നു തീരുമാനം. വിവരം ചോര്‍ന്നു പോകും എന്നതു തന്നെ കാരണം. 

കഴിഞ്ഞ 20ന് പ്രതികള്‍ വലയിലാകും മുന്നേ റിസോര്‍ട്ട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. തലേ ദിവസവും സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും റിസോര്‍ട്ട്് ഉടമയോ നടത്തിപ്പു സംഘത്തില്‍ ആരെങ്കിലുമോ അറിഞ്ഞില്ല. ആഘോഷം കൊഴുക്കും മുന്നേ എത്തിയതിനും കാരണമുണ്ട്. ലഹരി മരുന്ന് നിശ്ചിത അളവിനു മുകളില്‍ ലഭിച്ചില്ലെങ്കില്‍ കേസ് നിലനില്‍ക്കില്ല. പ്രതികള്‍ ഉപയോഗിച്ചു തുടങ്ങും മുമ്പേ ഇത് പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഇക്കാര്യത്തില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഒമ്പതു പേരില്‍ നിന്നാണ് ലഹരി കണ്ടെത്തിയത്. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്ത് കോടതിയല്‍ ഹാജരാക്കി. ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന മറ്റുള്ളവരെ മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീത് നല്‍കി തിരിച്ചയച്ചു.

വിശദമായ അന്വേഷണം വരുന്നു

ഇടുക്കിയില്‍ പിടിയിലായവരുടെ മാഫിയ ബന്ധങ്ങള്‍ തേടി എക്‌സൈസ്, പൊലീസ് സംഘം ഇതിനകം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ഇവരുടെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും അന്വേഷണ പരിധിയിലാണ്. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം ശക്തമാക്കുന്നതിനാണ് തീരുമാനം. റിസോര്‍ട്ടുകളും ഹോട്ടലുകളും വില്ലകളും കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളില്‍ പരിശോധന നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

English Summary: Detailed Enquiry on Rave Parties in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com