ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ ജനാധിപത്യമില്ലെന്നു പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലുള്ള ചിലർക്ക് എന്നെ ജനാധിപത്യ പാഠങ്ങൾ പഠിപ്പിക്കണമെന്നാണ് ആഗ്രഹമെന്നു മോദി പരിഹസിച്ചു. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത് ആണെങ്കിൽപ്പോലും പ്രധാനമന്ത്രിക്കെതിരെ നിന്നാൽ അവരെ ഭീകരരായി മുദ്ര കുത്തുമെന്നും ഇന്ത്യയിൽ ജനാധിപത്യമില്ലെന്നും കഴിഞ്ഞദിവസം രാഹുൽ അഭിപ്രായപ്പെട്ടിരുന്നു.

‘ഡൽഹിയിലുള്ള ചിലയാളുകൾ എപ്പോഴും എന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയുമാണ്. ജനാധിപത്യത്തിന്റെ പാഠങ്ങൾ എന്നെ പഠിപ്പിക്കാൻ അവരാഗ്രഹിക്കുന്നു. ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉദാഹരണമായി അവരെ ഞാൻ കാണിക്കുന്നു. ചില രാഷ്ട്രീയ ശക്തികൾ ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുക്കും, പക്ഷേ അവരുടേത് തട്ടിപ്പും വഞ്ചനയുമാണ്. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും പുതുച്ചേരി ഭരിക്കുന്ന സർക്കാരിനു തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനായില്ല. കേന്ദ്രഭരണ പ്രദേശമായി ഒരു വർഷത്തിനുശേഷം ജമ്മു കശ്മീരിൽ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നു’– പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിലെ തദ്ദേശ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വേരുകളെ ശക്തിപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായ വോട്ടർമാർക്കു നന്ദി. യുവാക്കളും പ്രായമായവരും ഒരുപോലെ വോട്ട് ചെയ്യാനെത്തിയെന്നും മോദി പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്തു താമസിക്കുന്ന എല്ലാവർക്കും ആയുഷ്മാൻ ഭാരത് പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രത്യേക പദവി റദ്ദാക്കപ്പെട്ട ശേഷം ജമ്മു കശ്മീരിലെ 20 ഡിഡിസികളിലേക്കു നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുല്ല നയിക്കുന്ന ഗുപ്കർ സഖ്യം 13 ഇടത്ത് വിജയിച്ചപ്പോൾ ആറിടത്ത് ബിജെപിക്കാണു ജയം. താഴ്‍വരയിൽ താമര വിടർന്നു എന്നായിരുന്നു വിജയത്തെക്കുറിച്ചു ബിജെപിയുടെ പ്രതികരണം.

English Summary: "Some In Delhi Try To Teach Me Democracy": PM Hits Back At Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com