ADVERTISEMENT

പട്ന∙ ജനതാദൾ യുണൈറ്റഡ്(ജെഡിയു) ദേശീയ പ്രസിഡന്റായി രാജ്യസഭ എംപി രാമചന്ദ്ര പ്രസാദ് സിങ്ങിനെ തിരഞ്ഞെടുത്തു. ദേശീയ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ഇന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് രാമചന്ദ്ര പ്രസാദ് സിങ്ങിന്റെ പേര് നിർദേശിച്ചതെന്നാണും വിവരം. നിതീഷ് കുമാർ പ്രസിഡന്റ് പദവി ഒഴിഞ്ഞിടത്തേക്കാണ് സിങ്ങിനെ തിരഞ്ഞെടുത്തത്.

നിതീഷ് കുമാറിന്റെ വിശ്വസ്തനായ ആർ.സി.പി. സിങ് ഉത്തർപ്രദേശ് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. നിതീഷ് കുമാറിനൊപ്പം വളരെ കാലമായി പ്രവർത്തിക്കുന്ന ആളാണ് സിങ്. നിതീഷ് കുമാർ റെയിൽവേ മന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പഴ്സനൽ സെക്രട്ടറി ആയിരുന്നു. 2005ൽ നിതീഷ് ബിഹാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 

2010ൽ സിങ്ങിനെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തു. അതിനു ശേഷം രാജ്യതലസ്ഥാനത്ത് നിതീഷിന്റെ രാഷ്ട്രീയ ദൂതനായിരുന്നു സിങ്, പ്രത്യേകിച്ച് ജെഡിയു എൻഡിഎയിലേക്ക് മടങ്ങിയ ശേഷം. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി–ജെഡിയു സഖ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമാണ്. ബിഹാർ തിരഞ്ഞെടുപ്പിൽ ജെഡിയു 43 സീറ്റിൽ ഒതുങ്ങിയതിൽ ബിജെപിയുമായി അസ്വാരസ്യങ്ങൾ നടക്കുന്നതിനിടെയാണു പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് സിങ് എത്തുന്നത്. അരുണാചൽ പ്രദേശിൽ ജെഡിയു വിട്ട് ആറ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു.

English Summary:  Amid Alliance Strain, Nitish Kumar Appoints RCP Singh Party Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com