ADVERTISEMENT

കൊൽക്കത്ത ∙ ബിജെപിയുടെ ‘വേട്ടയാടൽ’ കഴിവ് ചൂണ്ടിക്കാട്ടി ബിഹാർ മുഖ്യമന്ത്രിക്ക് കോൺഗ്രസിന്റെ മുന്നറിയിപ്പ്. ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിന് മുന്നറിയിപ്പ് നൽകിയത്. ‘അരുണാചൽ സിൻഡ്രമിൽ’ നിന്നു രക്ഷപ്പെടാനുള്ള മറുമരുന്നായി ബിഹാറിൽ പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കുക മാത്രമാണ് നിതീഷിന് മുന്നിലുള്ള വഴിയെന്നും അധീർ ചൂണ്ടിക്കാട്ടി.

ബിഹാറിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെയാണ് അധീർ ‘അരുണാചൽ സിൻഡ്ര’മെന്ന് വിശേഷിപ്പിച്ചത്. 2019ൽ അരുണാചലിൽ 41 സീറ്റുമായി ബിജെപി അധികാരത്തിലെത്തിയപ്പോൾ ഏഴ് സീറ്റ് നേടിയ ജെഡിയു ആയിരുന്നു മുഖ്യ പ്രതിപക്ഷ കക്ഷി. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജെഡിയുവിന്റെ ഏഴ് എംഎൽഎമാരിൽ ആറു പേരും ബിജെപിയിൽ ചേർന്നു.

അതോടെ 60 അംഗ നിയമസഭയിൽ ബിജെപിക്ക് 48 എംഎൽഎമാരായി. ഒരാൾ മാത്രമായി ജെഡിയു ശോഷിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയെന്ന സ്ഥാനവും നഷ്ടമായി. കോൺഗ്രസ്, എൻപിപി പാർട്ടികൾക്ക് ഇവിടെ 4 വീതം സീറ്റുകളാണുള്ളത്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ ‘അസാമാന്യ വേട്ടയാടൽ’ കഴിവിനെ പരാമർശിച്ച് അധീറിന്റെ ട്വീറ്റ്.

‘പ്രിയപ്പെട്ട നിതീഷ് കുമാർ, വടക്കുകിഴക്കൻ മേഖലയിലെ കാടുകളിലെ കുപ്രസിദ്ധി നേടിയ വേട്ടക്കാരെപ്പോലെയാണ് ബിജെപി. ഏതു സാഹചര്യങ്ങളോടും ചേർന്നുനിൽക്കുന്നവർ, അതീവ ചാതുര്യമുള്ള വേട്ടക്കാർ...’ അധീർ കുറിച്ചു. അരുണാചലിൽ സംഭവിച്ചത് വൈകാതെ ബിഹാറിലും നടക്കും. അവിടെ സംഭവിച്ചതുപോലെ, പലതായി കീറിമുറിക്കപ്പെട്ട് ഉണങ്ങി ഇല്ലാതാകുന്ന അവസ്ഥ ബിഹാറിലും ജെഡിയു നേരിടേണ്ടി വരും.

അതിനു മുന്നോടിയായി രക്ഷപ്പെടാനുള്ള ഒരു മറുമരുന്നേയുള്ളൂ, സംസ്ഥാനത്തെ പ്രതിപക്ഷവുമായി ബന്ധം സ്ഥാപിക്കുക. അല്ലെങ്കിൽ അരുണാചൽ സിൻഡ്രത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകില്ല– ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ അധീർ പറഞ്ഞു. ബിജെപിയെ മാത്രം നിലനിർത്തുകയും മറ്റു പാർട്ടികളെയെല്ലാം നശിപ്പിക്കുകയുമാണ് നിലവിൽ പാർട്ടിയുടെ ലക്ഷ്യം. ബിജെപിയുടെ ഈ ദാഹം അടങ്ങുംവരെ അരുണാചലിനു സമാനമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കാമെന്നും അധീർ കൂട്ടിച്ചേർത്തു.

സഖ്യകക്ഷിയായി മത്സരിച്ചെങ്കിലും ബിജെപിയേക്കാളും എംഎൽഎമാർ കുറവാണ് ബിഹാറിൽ ജെഡിയുവിന്. എങ്കിലും എൻഡിഎയുടെ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ നിയോഗിക്കുകയായിരുന്നു. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ ആർജെഡി, നിലവിലെ സാഹചര്യത്തിൽ നിതീഷുമായി സഖ്യത്തിന് താൽപര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. അരുണാചലിൽ ബിജെപിയിൽനിന്നേറ്റ അപമാനം മനസ്സിലുണ്ടെങ്കിൽ എൻഡിഎ സഖ്യം വിട്ടുവരാനാണ് ആവശ്യം. 

English Summary: Keep in touch with opposition in Bihar, Adhir advises Nitish following Arunachal developments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com