ADVERTISEMENT

ടെഹ്റാൻ ∙ യുഎസിനും ഇസ്രയേലിനുമെതിരെ പടയ്ക്കൊരുങ്ങുകയാണോ ഇറാൻ? രാജ്യാന്തര തലത്തിൽ ചർച്ചകൾ കനക്കുകയാണ്. ഇക്കഴിഞ്ഞ 21നാണ് മേഖലയിലെ സംഘർഷം യുദ്ധത്തിലേക്കു നീങ്ങുകയാണോയെന്ന സംശയം ബലപ്പെടുത്തിയ സംഭവങ്ങളുണ്ടായത്. യുഎസിലെ ആണവ അന്തർവാഹിനികളിലൊന്ന് അന്ന് ഇറാനും അറേബ്യൻ ഉൾക്കടലിനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക് താണ്ടിയെത്തി.

ഗൈഡഡ്–മിസൈൽ സംവിധാനങ്ങളോടെയുള്ള യുഎസ്എസ് ജോർജിയ എന്ന അന്തർവാഹിനി  തന്ത്രപ്രധാന മേഖലയിലേക്കു കടന്നത് ഇറാനെയും ചൊടിപ്പിച്ചു. എന്നാൽ യുദ്ധവുമായി ബന്ധപ്പെടുത്തി അതിനെ കാണേണ്ടതില്ലെന്നാണ് യുഎസ് പക്ഷം. ലോകത്തിലെ ഇന്ധന കൈമാറ്റത്തിന്റെ ഭൂരിപക്ഷവും നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇതുവഴിയാണ് രണ്ട് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ യുഎസ്എസ് ജോർജിയ കടന്നുപോയത്.

ബഹ്റൈനിൽ ക്യാംപ് ചെയ്തിരിക്കുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ ഭാഗമായിരുന്നു ഇത്. ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹ് കൊല്ലപ്പെട്ടതിനു പിന്നാലെ യുഎസുമായി സംഘർഷത്തിലേക്കു നീങ്ങുകയാണെന്ന സൂചനകളുണ്ടായിരുന്നു. ഭീഷണി നിറഞ്ഞ പ്രസ്താവനകളും ഇറാന്റെ ഭാഗത്തുനിന്നുണ്ടായി.

Iran Submarine
ഹോർമുസ് കടലിടുക്കിനു സമീപം അന്തർവാഹിനിയുമായി ഇറാന്റെ സൈനികാഭ്യാസം. സെപ്റ്റംബർ 12ലെ ചിത്രം. Iranian Army office / AFP

എന്നാൽ യുഎസിനെ ഭയപ്പെടുത്താൻ ഇതൊന്നും പോരെന്ന സൂചനയാണ് അന്തർവാഹിനിയുടെ വരവോടെ നൽകിയിരിക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിലൂടെ ഇത്തരം യുദ്ധസമാന സാഹചര്യത്തിലെ നീക്കം അസാധാരണവുമാണ്. ജനുവരിയിൽ ഇറാന്‍ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനി യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്.

രണ്ട് മരണത്തിന്റെ പേരിലും പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ പറഞ്ഞിരുന്നു. എന്നാൽ മേഖലയിലുണ്ടാകുന്ന ഏതു സംഘർഷവും ഒതുക്കാനും ചരക്കു കപ്പലുകളുടെ ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കാനും നാവികസേന പ്രതിജ്ഞാബദ്ധരാണെന്നാണ് യുഎസ് പറയുന്നത്. 154 മിസൈലുകൾ വഹിക്കാനുള്ള ശേഷിയുണ്ട് യുഎസ്എസ് ജോർജിയയ്ക്ക്. 66 സ്പെഷൽ ഓപറേഷൻസ് സേനാംഗങ്ങളെയും വഹിക്കാനാകും. 

ഡിസംബർ ആദ്യം രണ്ട് ബോംബർ വിമാനങ്ങളും മധ്യപൗരസ്ത്യ ദേശത്തിന്റെ ആകാശത്തേക്ക് യുഎസ് അയച്ചിരുന്നു. അതും ഇറാനുള്ള മുന്നറിയിപ്പായാണു കണക്കാക്കുന്നത്. ഇറാഖിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും ആയിരക്കണക്കിനു സൈനികരെ പിൻവലിക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഗ്ദാനം നടപ്പാക്കാനിരിക്കെയാണു യുഎസിന്റെ പുതിയ നീക്കം. സൈനികരെ മാറ്റിയാലും മേഖലയിലെ നിർണായക ശക്തിയായി തുടരുമെന്നതിന്റെ സൂചന കൂടിയാണിത്.

അധികാരമൊഴിയുന്നതിനു മുൻപ് ഇറാനു വീണ്ടും ട്രംപ് തിരിച്ചടി നൽകുമോയെന്ന ആശങ്കയും നിലവിലുണ്ട്. അധികാരത്തിൽനിന്നു മാറുംമുൻപ് ട്രംപിനുള്ള സൈനിക ‘സമ്മാനം’ ഇറാൻ നൽകുമോയെന്നും ഭയക്കുന്നവരുണ്ട്. രണ്ടാണെങ്കിലും വരാനിരിക്കുന്ന ബൈഡന്‍ ഭരണകൂടത്തിനു മേൽ മധ്യപൗരസ്ത്യ ദേശത്തെ സ്ഥിതിഗതികൾ കൂടുതൽ സമ്മർദമേൽപിക്കുമെന്നത് ഉറപ്പാണെന്നും നിരീക്ഷകര്‍ പറയുന്നു.

പേർഷ്യൻ ഉൾക്കടൽ, ചെങ്കടൽ, ഒമാൻ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗങ്ങൾ എന്നിവ ഉൾപ്പെടെ ഏകദേശം 25 ലക്ഷം ചതുരശ്ര മൈൽ പ്രദേശം നിലവിൽ യുഎസിന്റെ അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ പരിധിയിലുണ്ട്. ഇതോടൊപ്പം പേർഷ്യൻ ഉൾക്കടലിൽ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട ഇസ്രയേൽ അന്തർവാഹിനികളുടെ സാന്നിധ്യവും ആശങ്ക ശക്തമാക്കുന്നു.

ഇസ്രയേലിനും യുഎസിനും എതിരെ ഇറാൻ യുദ്ധസന്നാഹമൊരുക്കുകയാണെന്ന ഇന്റലിജൻസ് റിപ്പോർട്ടും ഇരു രാജ്യങ്ങൾക്കും മുന്നിലുണ്ട്. ഇറാഖിലെ യുഎസ് എംബസിക്കു നേരെ അടുത്തിടെ നടന്ന റോക്കറ്റ് ആക്രമണത്തെ ശക്തമായ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. ഒരു അമേരിക്കക്കാരനെങ്കിലും ആക്രമണത്തിൽ മരിക്കാനിടയായാൽ ഇറാൻ എല്ലാം തീർന്നെന്നു കരുതിയാൽ മതിയെന്നു വ്യക്തമായിത്തന്നെ ട്രംപ് പറഞ്ഞു.

മേഖലയിൽ നിലവിൽ യുദ്ധസമാന സാഹചര്യം പക്ഷേ യുഎസും ഇസ്രയേലും ആഗ്രഹിക്കുന്നില്ല. കോവിഡ് വാക്സീൻ ഉൾപ്പെടെ ലോകവ്യാപകമായി എത്തിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്. അതേസമയം, ഇറാനിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാത്രി കർഫ്യൂ കൂടുതൽ ഇടങ്ങളിലേക്കു വ്യാപിപ്പിച്ചു. രാത്രി 9 മുതൽ പുലർച്ചെ 4 വരെയാണ് കർഫ്യൂ.

ശക്തമായ പ്രതിരോധമുള്ള 108 നഗരങ്ങൾ കൂടാതെ നിലവിൽ 330 നഗരങ്ങളിലേക്കു കൂടിയാണ് കർഫ്യൂ വ്യാപിപ്പിച്ചിരിക്കുന്നത്. ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കറയ്ക്കാൻ സ്വകാര്യ കാറുകളുടെ ഉപയോഗവും നിരോധിച്ചു. എന്നാൽ താരതമ്യേന ‘ആശങ്ക വേണ്ടാത്ത’ നഗരങ്ങളിലേക്ക് കർഫ്യൂ നീട്ടിയത് ജനങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണോ ഈ രാത്രികാലനീക്കങ്ങളെന്നും സംശയിക്കുന്നവരും ഏറെ.

English Summary: US-Israel Submarines in the Persian Gulf; Will Iran Planning a War with Israel and the US?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com