ADVERTISEMENT

1995 തദ്ദേശതിരഞ്ഞെടുപ്പ്. കാഞ്ഞങ്ങാടിന് സമീപം മടിക്കൈ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് പദവിയിൽ വനിതാ സംവരണമായിരുന്നു. അന്നും ഇന്നും ജില്ലയിലെ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ട കൂടിയാണ് മടിക്കൈ. വനിതാ സഖാക്കൾ പലരുണ്ടായിട്ടും ഒരു 21 വയസ്സുകാരിയെയാണ് പഞ്ചായത്ത് പ്രസിഡന്റാക്കാൻ സിപിഎം തീരുമാനിച്ചത്. പെരിയേടത്ത് ബേബി എന്ന കോളജ് വിദ്യാർഥി അന്ന് അങ്ങനെ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കാഴ്ചയിൽ ശരിക്കും ‘ബേബി’യായിരുന്ന പെൺകുട്ടിയെ കണ്ട് നാട്ടിലെ തലമൂത്ത പലർക്കും സംശയം മൊട്ടിട്ടു. ഇത് ശരിയാകുമോ, ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളിലെ വിമർശനതാരങ്ങളുടെ അഭാവത്തിൽ ആ ആശങ്കകൾ പൂവിടാൻ ആരും അന്നത്ര മെനക്കെട്ടില്ല.

വനിതാ സംവരണത്തിൽ പ്രസിഡന്റായ ബേബിയുടെ അഞ്ചുവർഷത്തെ ഭരണത്തിനുശേഷം 2000 ൽ മടിക്കൈയിൽ വീണ്ടും തിരഞ്ഞെടുപ്പു കാലമെത്തി. പഞ്ചായത്ത് അധ്യക്ഷപദവി ആ തവണ വനിതാ സംവരണമല്ല. ചെങ്കൊടി മാത്രം പാറിക്കളിക്കുന്ന മടിക്കൈ പഞ്ചായത്ത് പ്രസിഡന്റാകാൻ പുരുഷ നേതാക്കളെ എത്ര വേണമെങ്കിലും കണ്ടെത്താം. അന്നും പാർട്ടി പറഞ്ഞു, ഇത്തവണയും ബേബി തന്നെ മതി. അങ്ങനെ സംവരണമില്ലാതെയും ബേബി പ്രസിഡന്റായി. ആ തിരഞ്ഞെടുപ്പിൽ ഏഴു വാർഡിൽ എതിരാളികളില്ലാതെയാണ് സിപിഎം സ്ഥാനാർഥികൾ ജയിച്ചു കയറിയത്.

2020 ലെ തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതിനിധികളായും പ്രസിഡന്റുമാരായും 21 ഉം 22 ഉം ഒക്കെ വയസ്സു പ്രായമുള്ള യുവതികൾ എത്തുമ്പോൾ അതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കും ഒട്ടും കുറവില്ല. അധികാരത്തിലിരിക്കാൻ ആളെ കിട്ടാത്തതിനാൽ സിപിഎം വീണിടം വിഷ്ണുലോകമാക്കുന്നു എന്നുപോലുമുണ്ട് വിമർശനം. ഇതിനെല്ലാം മറുപടിയായി സിപിഎം ഉയർത്തിക്കാട്ടുന്നത് 1995 ലെ ആ ‘ബേബി’ക്കഥയാണ്. ആദ്യം വനിതാ സംവരണത്തിലും പിന്നീട് ജനറൽ സംവരണത്തിലും പഞ്ചായത്ത് കസേരയിലിരുന്ന മടിക്കൈക്കാരുടെ സ്വന്തം ബേബിയേച്ചിയെ.

ഇന്ന് ബേബി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റല്ല, അവിടെനിന്നൊക്കെ വളർന്നു, എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയാണ്. എൽഡിഎഫിന് ഭൂരിപക്ഷമുള്ളതിനാൽ അധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുമെന്നതിലും സംശയമില്ല. മടിക്കൈ ഡിവിഷനിൽ ജില്ലാ പഞ്ചായത്തിലേക്ക് ബേബി വിജയിച്ചത് വൻഭൂരിപക്ഷത്തിലും. മേയറായും പ്രസിഡന്റായും മറ്റും പാർട്ടി കൈപിടിച്ചുയർത്തിയ യുവ വനിതാ നേതാക്കളെ ചുറ്റിപ്പറ്റി ഇന്ന് മാധ്യമങ്ങളിൽ വാർത്തകൾ നിറയുമ്പോൾ അന്നത്തെ ആ 21 വയസ്സുകാരിയുടെ പഞ്ചായത്ത് പ്രസിഡന്റു നിയോഗം ഓർക്കുകയാണ് ബേബി.

baby-cpm-workers
സിപിഎം പ്രവർത്തകർക്കൊപ്പം ബേബി ബാലകൃഷ്ണൻ

1995 തിരഞ്ഞെടുപ്പ്, സിപിഎം–സിപിഐ പോരാട്ടം

95 ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും തമ്മിലായിരുന്നു മടിക്കൈ പഞ്ചായത്തിലെ പോരാട്ടം. മൂന്നാം വാർഡിലെ സ്ഥാനാർഥിയായിരുന്നു പെരിയേടത്ത് ബേബി. ഡിഗ്രി പഠനം പൂർത്തിയാക്കി ബിഎഡിന് അഡ്മിഷൻ ലഭിച്ച സമയം. സിപിഎം നിർദേശപ്രകാരം മൂന്നാം വാർഡിൽ സ്ഥാനാർഥിയായി. എതിരാളി ബേബിയുടെ സഹപാഠി കൂടിയായ സിപിഐക്കാരി. അന്ന് 1300 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബേബി ജയിച്ചത്. എതിർസ്ഥാനാർഥിക്ക് ലഭിച്ചത് 200 ഓളം വോട്ടുമാത്രം. 

പഞ്ചായത്ത് പ്രസിഡന്റായ ശേഷം നീലേശ്വരം സെന്ററിൽ ബിഎഡിന് ചേർന്ന് പഠനവും ഭരണവും ഒരുപോലെ കൊണ്ടുപോയി അവർ. പഞ്ചായത്തു ജീവനക്കാർ അടിയന്തര സാഹചര്യങ്ങളിൽ കോളജിലെത്തിയാണ് അത്യാവശ്യ ഫയലുകളിൽ ഒപ്പു വാങ്ങിയിരുന്നത്. ഈ ഉത്തരവാദിത്തങ്ങൾക്കിടയിലും 1996 ൽ ഫസ്റ്റ് ക്ലാസോടെ ബിഎഡ് പാസായി. പിന്നീട് ഹിന്ദി പ്രവീണും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടി.

പഠനത്തിൽ മിടുക്കിയായിരുന്ന ബേബി ഭരണത്തിലും ഒന്നാം ക്ലാസോടെയാണ് പാസായത്. ജനകീയാസൂത്രണ പദ്ധതി 1997ലാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇതിന്റെ വിലയിരുത്തലിനായി കാസർകോട് ജില്ലയിൽ നിന്നും പോയവരിൽ ഒരാൾ ബേബിയായിരുന്നു. അന്നു കണ്ടെത്തിയ മാർഗനിർദേശങ്ങൾ മടിക്കൈ പഞ്ചായത്തിൽ നന്നായി നടപ്പാക്കാനും ബേബിക്കായി.

1998ലാണ് സംസ്ഥാനത്ത് കുടുംബശ്രീ ആരംഭിച്ചത്. ഇതിന് മുൻപേ തന്നെ മടിക്കൈയിൽ ‘ഗ്രാമശ്രീ’ എന്ന പേരിൽ പ്രോജക്ട് ഉണ്ടായിരുന്നു. ബേബിയുടെ നേതൃത്വത്തിലൂടെ പല വനിതാ നേതാക്കളും ഉയർന്നു വന്നു. ചിലർ പഞ്ചായത്ത് പ്രസിഡന്റ് വരെയായി. രണ്ട് തവണ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ബേബിയുടെ കീഴിൽ മടിക്കൈ സ്വന്തമാക്കി. 2000 ൽ വീണ്ടും തിരഞ്ഞെടുപ്പെത്തിയപ്പോൾ ബേബിയെ തന്നെ വീണ്ടും രംഗത്തിറക്കാൻ പാർട്ടി തീരുമാനിച്ചു. സിപിഐ സിപിഎമ്മിനൊപ്പം ചേർന്ന ഈ തിരഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ മത്സരിച്ച് ജനറൽ സീറ്റിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റായി അവർ അധികാരത്തിലേറി. 2005 ൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി.

baby-balakrishnan
ജില്ല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടന്ന ആഹ്ലാദ പ്രകടനം

മൂന്ന് തവണ തുടർച്ചയായി ജനപ്രതിനിധിയായ ബേബിക്ക് പാർട്ടിയെ വളർത്തുകയെന്നതായിരുന്നു പിന്നീട് ലഭിച്ച ദൗത്യം. 2011 മുതൽ 2012 വരെ ഹയർ സെക്കൻ‍ഡറി അധ്യാപികയായും പ്രവർത്തിച്ചു. ഇതിനിടെ ലോക ബാങ്കിന്റെ തദ്ദേശ മിത്രം പദ്ധതി വന്നപ്പോൾ അതിന്റെ ഭാഗമായി ജോലിക്കു കയറി. ഈ പ്രോജക്ടിൽ കാസർകോട് ജില്ലാ കോ ഓർഡിനേറ്ററായ ബേബി 2018 വരെ ജോലിയിൽ തുടർന്നു.

തൊഴിലുറപ്പു തൊഴിലാളികളുടെ ജില്ലാ പ്രസിഡന്റും പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റുമായി. 2018ൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന കമ്മിറ്റി അംഗമായി. സിപിഎം ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിലും മടിക്കൈ ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. 

ആര്യയ്ക്കു ഭയം വേണ്ട, പ്രസ്ഥാനം ഒപ്പമുണ്ട്

പുതിയതായി അധികാരത്തിലേറുന്ന യുവതികൾക്ക് ആശങ്കയുടെ യാതൊരു ആവശ്യവും ഇല്ലെന്നാണ് ബേബി സ്വന്തം അനുഭവത്തിലൂടെ പറയുന്നത്. കാര്യങ്ങൾ പഠിച്ചു ചെയ്താൽ ആർക്കും വിജയിക്കാം. ചെറിയ ഗ്രാമത്തിൽനിന്നുള്ള എനിക്ക് അതിന് സാധിച്ചിട്ടുണ്ടെങ്കിൽ വൻ നഗരത്തിൽ താമസിക്കുന്ന ആര്യാ രാജേന്ദ്രനൊക്കെ എന്തിന് ഭയപ്പെടണം. പ്രസ്ഥാനം അവരുടെ കൂടെ തന്നെ കാണും. പുതിയ യുവതികളെ അധികാര സ്ഥാനങ്ങളിൽ എത്തിക്കുന്നതിൽ പാർട്ടിക്കു ഗൂഢലക്ഷ്യങ്ങളില്ലെന്നും ബേബി ബാലകൃഷ്ണൻ മനോരമ ഓൺലൈനോടു പറഞ്ഞു. പുതിയ തലമുറയ്ക്ക് അവരുടേതായ ആശയങ്ങളുണ്ട്. പ്രളയം വന്നപ്പോൾ ഉൾപ്പെടെ അവരുടെ മികവ് നമ്മൾ കണ്ടറിഞ്ഞതാണ്. അല്ല, യുവത്വം ഭരിച്ചാൽ എന്താണു കുഴപ്പം- ബേബി ബാലകൃഷ്ണൻ ചോദിക്കുന്നു.

English Summary: Baby Balakrishnan on young women taking responsibilities in local bodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com