ADVERTISEMENT

കൊച്ചി∙ ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽനിന്നു കോടികൾ കവർന്ന സംഘത്തിലെ പ്രധാന പ്രതി പൊലീസ് കസ്റ്റഡിയിൽ. ബെംഗളുരുവിൽനിന്ന് എറണാകുളം റൂറൽ പൊലീസാണ് കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ്(46)നെ പിടികൂടിയത്. കേരളത്തിൽനിന്ന് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടെ ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തു എന്നാണ് വ്യക്തമായിട്ടുള്ളത്. 

മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽനിന്നു മാത്രം 85 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. തൃശൂരിൽ മൂന്നു പേരുടെ അക്കൗണ്ടുകളിൽനിന്നായി 83.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഓൺലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിൽ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുക. ഇതിൽനിന്ന് യൂസർ ഐഡിയും പാസ്‌വേർഡും സ്വന്തമാക്കും. തുടർന്ന് ഫോണിലേക്ക് വരുന്ന ഒടിപി നമ്പർ ശേഖരിക്കുന്നതിനു കൃത്രിമ സിംകാർഡ് സംഘടിപ്പിക്കുന്നതാണു പതിവ്. 

ഇതിനായി സംഘത്തിലെ ഒരാൾ കേരളത്തിൽവന്ന് വ്യാജ ആധാർ കാർഡും തിരിച്ചറിയൽ കാർഡും നിർമിച്ച് മൊബൈൽ കമ്പനികളെ സമീപിച്ചു കൃത്രിമ സിം സമ്പാദിക്കുകയാണു ചെയ്യുക. തുടർന്ന് ഈ സിമ്മിലേക്ക് ഒടിപി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവൻ കവരുന്നതാണ് പതിവ്. യഥാർഥ സിം ഉള്ളയാൾ നമ്പർ ബ്ലോക്കായി കിടക്കുന്നതിനാൽ ബാങ്കിൽനിന്നു വരുന്ന മെസേജ് അറിയുകയുമില്ല. 

മൂവാറ്റുപുഴ സ്വദേശിയുടെ ഡ്യൂപ്ലിക്കേറ്റ് സിം തിരുവനന്തപുരത്തെ ബിഎസ്എൻഎല്ലിന്‍റെ ഓഫിസുകൾ വഴിയാണ് വാങ്ങിയത്. അഞ്ചു ദിവസങ്ങളിലായാണ് 85 ലക്ഷം രൂപ സംഘം പിൻവലിച്ചിരിക്കുന്നത്. പണം പോയിരിക്കുന്നത് കൊൽക്കത്തയിലെ നാലു ബാങ്ക് അക്കൗണ്ടുകളിലേക്കും. തൃശൂർ സ്വദേശിയുടെ അക്കൗണ്ടിൽനിന്നു പണം എടുത്തത് അലുവയിലെ മൊബൈൽ ഓഫിസിൽനിന്നു കരസ്ഥമാക്കിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് വഴിയാണ്. 

പരാതി വന്നതോടെ ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടത്തിയ സംഘം ബെംഗളുരുവിൽ വലിയൊരു ഓപ്പറേഷനു തയാറെടുക്കുകയായിരുന്നു. കേരളത്തിൽ കൂടുതൽ പേരുടെ പണം തട്ടിയിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. സൈബർ സി.ഐ കെ.ജി. ഗോപകുമാറിനാണ് അന്വേഷണ ചുമതല.

English Summary : Online Money fraud: one arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com