മാസ് എന്‍ട്രിക്ക് മുമ്പ് ട്വിസ്റ്റ്, ക്ലൈമാക്‌സ്: തകര്‍ന്നത് ബിജെപിയുടെ മനക്കോട്ടയും

INDIA-ENTERTAINMENT-CINEMA-BOLLYWOOD
രജനീകാന്ത്
SHARE

ചെന്നൈ∙ 'നമുക്ക് മാറിയേ പറ്റൂ. യുദ്ധത്തിനു സമയമാകുമ്പോള്‍ ഞാന്‍ വിളിക്കും. അപ്പോള്‍ നിങ്ങള്‍ ഉണ്ടാകണം'.- രാഷ്ട്രീയപാര്‍ട്ടി രൂപീകരണം ലക്ഷ്യം വച്ച് കഴിഞ്ഞ വര്‍ഷം സൂപ്പര്‍ താരം രജനീകാന്ത് പറഞ്ഞ വാക്കുകളാണിത്. മാറ്റത്തിനായുള്ള രജനിയുടെ ആ വിളിക്കായി ആവേശത്തോടെ കാത്തിരുന്ന അണികളെ നിരാശരാക്കിക്കളഞ്ഞു സജീവരാഷ്ട്രീയത്തിലേക്കില്ലെന്ന സ്‌റ്റൈല്‍ മന്നന്റെ പ്രഖ്യാപനം. രജനിയെ മുന്നില്‍ നിര്‍ത്തി തമിഴകം പിടിക്കാമെന്ന അമിത് ഷായുടെയും ബിജെപിയുടെയും മനക്കോട്ടകളും ഒരു നിമിഷം കൊണ്ടു തകര്‍ന്നടിഞ്ഞുവീണു. 

ഒരു രജനി ചിത്രത്തിലെ ചേരുവകളും ട്വിസ്റ്റുകളും നിറഞ്ഞതു തന്നെയായിരുന്നു രജനിയുടെ രാഷ്ട്രീയ പ്രവേശ ചര്‍ച്ചകളും നീക്കങ്ങളും. ഒടുവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വില്ലന്‍ വേഷത്തിലെത്തിയപ്പോള്‍ ആവേശകരമായ റിലീസ് കാത്തിരുന്നിടത്ത് അപ്രതീക്ഷിത ക്ലൈമാക്‌സ്. സിനിമയില്‍ നിന്നെത്തി തമിഴ് രാഷ്ട്രീയം അടക്കി വാണിരുന്ന ജയലളിതയുടെ വിയോഗത്തോടെ രൂപപ്പെട്ട ശൂന്യതയാണ് കമല്‍ ഹാസന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശ മോഹങ്ങള്‍ക്ക് കൂടുതല്‍ വേഗം നല്‍കിയത്. 

Rajinikanth-Kamal-Hassan

രാഷ്ട്രീയപാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അവസാനം ആരാധകരുമായി രജനീകാന്ത് അഞ്ചു ദിവസത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ഭരണസംവിധാനം ചീഞ്ഞളിഞ്ഞിരിക്കുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും രജനി തുറന്നടിച്ചു. ഇതോടെ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകളും ഉയര്‍ന്നു. കര്‍ണാടകയിലെ മറാഠി കുടുംബത്തില്‍ ജനിച്ച ശിവാജി റാവു ഗെയ്ക്‌വാദ് എന്ന രജനിക്ക്് തുടക്കത്തില്‍ എം.ജി രാമചന്ദ്രനും ജയലളിതയ്ക്കും നേരിടേണ്ടിവന്നതിനു സമാനമായി മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തിയുള്ള എതിര്‍പ്പുകളാണ് നേരിടേണ്ടിവന്നത്. എന്നാല്‍ രാഷ്ട്രീയത്തില്‍ എതിര്‍പ്പ് വളമാണെന്നുള്ള എതിര്‍വാദത്തോടെയാണ് രജനി അതിനെ നേരിട്ടത്. 

'നമ്മ തലൈവര്‍... അടുത്ത എംജിആര്‍...' എന്നിങ്ങനെയുള്ള വാഴ്ത്തുക്കളുമായി ആവേശത്തോടെയാണ് സ്‌റ്റെല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശത്തിനായി ആരാധകര്‍ കാത്തിരുന്നത്. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനി പറഞ്ഞതോടെ ആവേശം പരകോടിയിലെത്തി. രജനി എന്തു തീരുമാനം എടുത്താലും അതിനെ പിന്തുണയ്ക്കുമെന്ന് ജില്ലാതല സമിതികള്‍ അറിയിക്കുകയും ചെയ്തു. 

PTI8_11_2019_000079B

ആത്മീയതയോട് അടുത്തുനില്‍ക്കുന്ന രജനി രാഷ്ട്രീയത്തിലേക്കെത്തുന്നതും കാത്ത് തുടിക്കുന്ന ഹൃദയത്തോടെ ആരാധകര്‍ക്കൊപ്പം ബിജെപിയും കാത്തിരുന്നു. എംജിആര്‍ യുഗം തലൈവര്‍ ആവര്‍ത്തിക്കുമെന്നും അവര്‍ കണക്കുകൂട്ടി. തന്റെ രസികര്‍ മന്‍ട്രങ്ങളെ പാര്‍ട്ടിയായി രൂപാന്തരപ്പെടുത്തി തമിഴ് മണ്ണില്‍ രാഷ്ട്രീയ മാജിക്ക് കാട്ടിയ എംജിആറിന്റെ അത്രതന്നെ കരുത്ത് അക്കാര്യത്തില്‍ രജനിക്കുണ്ടെന്ന കാര്യം അവിതര്‍ക്കമാണ്. എന്നാല്‍ അത്രത്തോളം രാഷ്ട്രീയ അടിത്തറ രജനിക്ക് അവകാശപ്പെടാനില്ല താനും. അണ്ണാദുരൈയ്ക്ക് കീഴില്‍ ദ്രാവിഡ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ ശേഷമാണ് എംജിആര്‍ സ്വന്തം പാര്‍ട്ടിയുമായി പോരിനിറങ്ങിയത്. എംജിആറും ജയലളിതയും നേടിയ രാഷ്ട്രീയവിജയം രജനിയുടെ കടന്നുവരവിനുള്ള ശുഭസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. 

മക്കള്‍ സേവൈ കക്ഷി എന്ന പേരാണ് തന്റെ പാര്‍ട്ടിക്കായി രജനി തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാതെ ജനങ്ങളെ സേവിക്കും എന്നാണ് ഇന്നു പ്രഖ്യാപിച്ചത്. മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ നേതാക്കളെ ഉള്‍പ്പെടുത്തി പതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു താരത്തിന്റെ ലക്ഷ്യം. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുകയും ചെയ്തു.

പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട സുപ്രധാന പദവികളില്‍ പുറത്തുനിന്നുള്ളവരെ മാത്രം നിയമിച്ചതില്‍ രജനി മക്കള്‍ മന്‍ട്രത്തില്‍നിന്ന് എതിര്‍പ്പുയര്‍ന്നത് തുടക്കത്തില്‍ കല്ലുകടിയായി. ബിജെപിയില്‍നിന്നു രാജിവച്ചെത്തിയ ആര്‍.എ അര്‍ജുന മൂര്‍ത്തിയെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആക്കിയതും വിവാദമായിരുന്നു. തുടര്‍ന്ന് സംഘടനയില്‍നിന്നുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. 

1200-rajinikanth-rajini-makkal-mandram

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിലവില്‍ രജനി മക്കള്‍ മന്‍ട്രം കമ്മിറ്റികളുണ്ട്. 16 ജില്ലകളിലും ബൂത്ത് കമ്മിറ്റികളും സജ്ജമാക്കിയിരുന്നു.  

ജനങ്ങളുടെ പിന്തുണയോടെ പാര്‍ട്ടി അധികാരം പിടിച്ചെടുക്കുമെന്നും ജാതിമത വ്യത്യാസമില്ലാതെ അഴിമതിരഹിത, സുതാര്യ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും രജീകാന്ത് ഈ മാസം ആദ്യം പറഞ്ഞിരുന്നു. എല്ലാം മാറ്റിമറിക്കും. അദ്ഭുതങ്ങളും ആശ്ചര്യങ്ങളും സംഭവിക്കും. ഇപ്പോഴല്ലെങ്കില്‍ പിന്നെ ഉണ്ടാകില്ലെന്നും രജനി ട്വീറ്റ് ചെയ്തിരുന്നു. 

ഇതിനിടയിലാണ് രക്തസമ്മര്‍ദത്തിലെ വ്യതിയാനം വില്ലനായത്. നേരത്തേ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായതും പ്രായവും പരിഗണിച്ച് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി. മൂന്നു ദിവസം ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍ താരം കഴിഞ്ഞ ദിവസമാണു ചെന്നൈയില്‍ തിരിച്ചെത്തിയത്. കുടുംബത്തില്‍നിന്നും ചില സുഹൃത്തുക്കളില്‍നിന്നുമുള്ള അതിശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നുള്ള പ്രഖ്യാപനം അതീവവേദനയോടെ അദ്ദേഹം നടത്തിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

രജനിയുടെ വരവോടെ തമിഴ്‌നാട്ടില്‍ മാറ്റത്തിന്റെ കാറ്റുവീശുമെന്നും അദ്ഭുതങ്ങള്‍ അരങ്ങേറുമെന്നും പ്രതീക്ഷിച്ചു കാത്തിരുന്ന ആരാധകര്‍ക്ക് വിശ്വസിക്കാനാവുന്നില്ല പുതിയ ട്വിസ്റ്റ്. രജനി ഒരു തടവു സൊന്നാല്‍ നൂറു തടവ് സൊന്ന മാതിരി എന്നു തന്നെ വിശ്വസിക്കാനാണ് അവര്‍ക്കിഷ്ടം. ലേറ്റാ വന്താലും ലേറ്റസ്റ്റായി തകര്‍പ്പന്‍ എന്‍ട്രിയുണ്ടാകുമെന്നു തന്നെയാണ് അവരുടെ ഇപ്പോഴത്തെ പ്രതീക്ഷ. 

English Summary: Rajinikanth bids adieu to politics even before taking the plunge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA