കർഷക ശക്തിയിൽ തകർന്ന് ബിജെപി; ഭരണ സഖ്യത്തെ കൈവിട്ട് ഹരിയാന തദ്ദേശഫലം

Mail This Article
ചണ്ഡിഗഢ്∙ കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകർ പ്രതിഷേധം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ ഹരിയാനയിൽ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ അടിതെറ്റി ബിജെപി. ഭരണകക്ഷിയായ ബിജെപി – ജെജെപി സഖ്യത്തിന് സോണിപ്പത്ത്, അംബാല മുനിസിപ്പൽ കോർപ്പറേഷനുകളിലെ മേയർ പദവി നഷ്ടമായി. സംസ്ഥാന തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ച് ഒരു വർഷത്തിനുള്ളിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി സഖ്യത്തിന് അടിപതറിയത്.
ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനത പാർട്ടി (ജെജെപി) തദ്ദേശഫലം വന്നപ്പോൾ അവരുടെ ശക്തികേന്ദ്രമായ ഹിസാറിലെ ഉകലനയിലും റെവാരിയിലെ ധാരുഹേറയിലും തകർന്നു. അംബാല, പഞ്ച്കുല, സോണിപത്, ധാരുഹേറ, റോഹ്തക്കിലെ സാംപ്‌ല, ഉകലന എന്നിവിടങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് വോട്ടിങ് നടന്നത്.
സോണിപ്പത്തിൽ 14,000 വോട്ടുകൾക്ക് കോൺഗ്രസ് വിജയിച്ചു. നിഖിൽ മാദൻ ആണ് മേയറാവുക. സിംഘു അതിർത്തിക്കു സമീപമാണ് സോണിപ്പത്ത്. പുതിയ കാർഷിക നിയമങ്ങളോടുള്ള പ്രതിഷേധമാണ് ബിജെപിയുടെ പരാജയത്തിൽ പ്രതിഫലിച്ചതെന്ന് കോൺഗ്രസ് അവകാശപ്പെട്ടു.
അംബാലയിൽ ഹരിയാന ജനചേതന പാർട്ടിയുടെ (എച്ച്ജെപി) ശക്തി റാണി ശർമയാണ് മേയറാകുക. 8000ൽ പരം വോട്ടുകൾക്കാണ് ഇവർ ജയിച്ചത്. എച്ച്ജെപി അധ്യക്ഷൻ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വെനോദ് ശർമയുടെ ഭാര്യയാണ് ഇവർ. ഇവരുടെ മകൻ മനു ശർമയെ ജെസീക്ക ലാൽ വധക്കേസിൽ കോടതി ശിക്ഷിച്ചിരിക്കുകയാണ്. പഞ്ച്കുലയിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഇവിടെ ബിജെപിയാണ് മുന്നിൽ.
English Summary: BJP, Ally Suffer Blow In Haryana Local Polls Amid Farm Law Protest