ഡിജിപി ആർ. ശ്രീലേഖ വിരമിക്കുന്നു; ഐപിഎസിൽ കേരളത്തിന്റെ മുഖശ്രീ

R-Sreelekha
ആർ. ശ്രീലേഖ
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും കേരളത്തിൽ ഡിജിപി പദവിയിലെത്തിയ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കും. ഫയർ ആൻഡ് റസ്ക്യു സർവീസസ് ഡയറക്ടർ ജനറലാണ്.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ, കോട്ടയത്ത് എഎസ്പിയായാണ് സർവീസ് ജീവിതത്തിന് തുടക്കമിട്ടത്. 1991 ൽ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി തൃശൂരിൽ ചുമതലയേറ്റു. വയനാട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു.

R Sreelekha
ആർ. ശ്രീലേഖ കൃത്യനിർവഹണത്തിനിടെ

പൊലീസ് ആസ്ഥാനത്ത് എഐജിയായും നാലു വർഷത്തോളം സിബിഐയിൽ എസ്പിയായും ഡിഐജിയായും പിന്നീട് ക്രൈംബ്രാഞ്ച് ഐജിയായും ജോലി ചെയ്തു. എറണാകുളം റേഞ്ച് ഡിഐജിയായ ശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവർത്തിച്ചു. വിജിലൻസ് എഡിജിപിയായും പ്രവർത്തിച്ചു.

റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഗതാഗത കമ്മിഷണർ, ജയിൽ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചു.

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു. കുറ്റാന്വേഷണ പുസ്തകങ്ങൾ, ബാലസാഹിത്യ കൃതികൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നിലവിൽ ഐപിഎസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്. സർവീസിലിരിക്കെ തന്നെ ശ്രീലേഖ അനുഭവ കഥകൾ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടിഷ് സർക്കാരിന്റെ ഫെല്ലോഷിപ്പടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചു.

മനസിലെ മഴവില്ല്, നിയമനിർമാണം സ്ത്രീകൾക്ക്, ചെറു മർമ്മരങ്ങൾ, നീരാഴിക്കപ്പുറം, ലോട്ടസ് തീനികൾ, മരണദൂതൻ, കുഴലൂത്തുകാരൻ, കുട്ടികളും പൊലീസും, തമസോമ തുടങ്ങിയവയാണ് പ്രധാന കൃതികൾ. പീഡിയാട്രിക് സർജൻ ഡോ.എസ്. സേതുനാഥാണ് ഭർത്താവ്. മകൻ: ഗോകുൽനാഥ്.

എഴുത്തുകാരിയായ പൊലീസ് ഓഫിസർ

R Sreelekha
ആർ. ശ്രീലേഖ വിയ്യൂർ ജയിൽ സന്ദർശനത്തിനിടെ

കേരള പൊലീസ് സേനയിൽ വേറിട്ട പ്രവർത്തന രീതിയാണ് ആർ. ശ്രീലേഖ എന്ന ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക്. ജീവിതത്തിലെ കഠിന പരീക്ഷണങ്ങളിലൂടെ വളർന്ന് മികച്ച പൊലീസ് ഓഫിസറെന്ന പേരെടുത്ത ശ്രീലേഖ സാധാരണ കുടുംബത്തിലാണ് ജനിച്ചത്.

1960 ഡിസംബറിൽ പ്രഫ. എൻ. വേലായുധന്റെയും രാധമ്മയുടെയും നാലു മക്കളിൽ മൂന്നാമതാണ് ശ്രീലേഖ. പതിനാറാം വയസ്സിൽ അച്ഛൻ മരിച്ചു. ഇതിനുശേഷം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ജീവിതം. പൊള്ളുന്ന ജീവിതാനുഭവങ്ങൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്.

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കി. സ്കൂൾ കാലയളവിൽ തന്നെ പാട്ട്, നാടകം, എൻസിസി, എൻഎസ്എസ് എന്നിവയിലും സജീവമായി. ഏഴാം വയസു മുതൽ കവിതകൾ എഴുതുമായിരുന്നു. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ഇംഗ്ലിഷിൽ ബിരുദവും, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

വിദ്യാധിരാജ കോളജിൽ അധ്യാപികയായി പ്രവേശിച്ചു. പിന്നീട് രാജി വച്ച ശേഷം റിസർവ് ബാങ്കിൽ ഓഫിസറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. 26ാമത്തെ വയസിൽ കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഓഫിസറായി. ഐഎഎസ് പ്രതീക്ഷിച്ച് പരീക്ഷയെഴുതി. പക്ഷേ, ശ്രീലേഖയ്ക്ക് കിട്ടിയത് ഐപിഎസായിരുന്നു.

ട്രാൻസ്പോർട്ട് കമ്മിഷണറായപ്പോൾ റോഡപകട നിരക്ക് കുറയ്ക്കാൻ കഴിഞ്ഞത് ശ്രീലേഖയുടെ പ്രയത്നത്താലായിരുന്നു. എന്തും നേരിടാനും തെറ്റിനെ ചൂണ്ടിക്കാട്ടി അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി രൂപം നൽകിയ ‘നിർഭയ’ എന്ന പദ്ധതി ശ്രീലേഖയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ഇൗ പദ്ധതിയുടെ നോഡൽ ഓഫിസറായിരുന്നു ശ്രീലേഖ. ഏഷ്യയിലെ ആദ്യത്തെ റോഡ് സുരക്ഷ ഹാക്കത്തോൺ ടെക്നോപാർക്കിൽ ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കിയത് ശ്രീലേഖയുടെ കൃത്യ നിർവഹണ ജീവിതത്തിലെ വലിയ വിജയമായി. കോട്ടയം പ്രവീൺ വധക്കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് കുറ്റവാളികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനും ധൈര്യം കാട്ടി.

‘റെയ്‍ഡ് ശ്രീലേഖ’

R Sreelekha
ആർ. ശ്രീലേഖ

കേരള പൊലീസിൽ ആർ. ശ്രീലേഖ ഐപിഎസിന് ‘റെയ്ഡ് ശ്രീലേഖ’ എന്നൊരു വിശേഷണമുണ്ട്. സിബിഐയിൽ കേരളത്തിന്റെ മുഴുവൻ ചുമതലയുള്ള എസ്പിയായി പ്രവർത്തിച്ചപ്പോഴാണ് ശ്രീലേഖയ്ക്ക് ഇൗ പേര് ‘പതിഞ്ഞത്’. തുടർച്ചയായ റെയ്ഡുകൾ നടത്തി, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നതിനാണ് ഇൗ പേര് ശ്രീലേഖയ്ക്ക് വീണത്.

പുരുഷ ഓഫിസറെ ‘സർ’ എന്നു വിളിച്ച് ബഹുമാനിക്കുന്നവർ, വനിതാ ഓഫിസറെ ഒന്നും വിളിക്കാതെ ഉഴപ്പുമ്പോൾ അതിനു തക്ക മറുപടിയും കൊടുത്തിട്ടുണ്ട് ശ്രീലേഖ. ജയിൽ വകുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ ഋഷിരാജ് സിങിനെ പരോക്ഷമായി വിമർശിച്ചും ശ്രീലേഖ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതും വിവാദമായി.

ഉള്ള കാര്യം വെട്ടിത്തുറന്ന്

R Sreelekha
ആർ. ശ്രീലേഖ (ഇരിക്കുന്നത്) മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം (ഇടത്), ആർ.ശ്രീലേഖ ഭർത്താവിനും മകനുമൊപ്പം (വലത്)

ഉന്നത ഉദ്യോഗസ്ഥർ എങ്ങനെയായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് താഴെ തട്ടിലുള്ള പൊലീസ് സേനയുടെ പ്രവർത്തനമെന്നും ശ്രീലേഖ തുറന്നു പറഞ്ഞു. ‘‘ഞാൻ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായാൽ ഡിവൈഎസ്പി, ഇൻസ്പെക്ടർ, എസ്ഐ റാങ്കുകളിലെല്ലാം സ്ത്രീകളെ കൊണ്ടു വരും. എങ്കിലേ സ്ത്രീകളുടെ പരാതിയിൽ അന്വേഷിക്കാനും ഇടപെടാനും വനിതാ പൊലീസ് ഓഫിസർമാർക്ക് സാധിക്കൂ. ഇപ്പോൾ സ്ത്രീ കുറ്റവാളികളെ അറസ്റ്റു ചെയ്യാൻ പോകാനും പ്രകടനം നടത്തുമ്പോൾ സ്ത്രീകളെ നിയന്ത്രിക്കാനും മാത്രമല്ലേ പൊലീസ് ഉള്ളൂവെന്നു ഒരു അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞതും ചർച്ചയ്ക്കിടയാക്കി.

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ശ്രീലേഖയുടെ സ്വകാര്യ ബ്ലോഗിലെ ലേഖനവും ചർച്ചയായിരുന്നു. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണെന്നു ശ്രീലേഖ വ്യക്തമാക്കുകയും ചെയ്തു. ഉത്സവത്തിൽ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു.

ജയിൽ മേധാവിയായിരിക്കെ ശ്രീലേഖ പുറപ്പെടുവിച്ച ചില സർക്കുലറുകൾ വിവാദമായിരുന്നു. കീഴുദ്യോഗസ്ഥർ അസമയത്തും മറ്റും നിസാരകാര്യങ്ങൾക്കായി ഔദ്യോഗിക മൊബൈൽ ഫോണിൽ വിളിക്കരുതെന്നും, ലംഘിച്ചാൽ വച്ചുപൊറുപ്പിക്കില്ലെന്നുള്ള ശ്രീലേഖയുടെ സർക്കുലറാണ് വിവാദമായത്. ക്രമസമാധന ചുമതലയുള്ള ഡിജിപിയുടെ പദവി വഹിക്കാതെയാണ് ശ്രീലേഖയുടെ പടിയിറക്കം. ആ പദവിയിലെത്തിയിരുന്നുവെങ്കിൽ അതും ഒരു റെക്കോർഡ് ആകുമായിരുന്നു.

English Summary: R. Sreelekha, the first woman IPS officer in Kerala to retire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ