ADVERTISEMENT

ലണ്ടൻ ∙ താൽക്കാലികമായി നിർത്തലാക്കിയ വന്ദേഭാരത് പുനരാരംഭിക്കുമ്പോൾ ലണ്ടൻ-കൊച്ചി സർവീസ് ഒഴിവാക്കിയതിനെതിരെ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ശക്തമായ പ്രതിഷേധം. യുകെയിലെ മലയാളികൾക്ക് ഇരുട്ടടിയായ തീരുമാനം പുനഃപരിശോധിക്കണമെന്നും സർവീസ് ഉടൻ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉൾപ്പെടെ നിവേദനം നൽകാൻ ഒരുങ്ങുകയാണ്.

ലണ്ടൻ-കൊച്ചി സർവീസ് ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ യുകെയിലെ കേരളത്തിൽനിന്നുള്ള നേതാവ് സുഭാഷ് ശശിധരൻനായർ തുടക്കംകുറിച്ച ഓൺലൈൻ പെറ്റീഷനിൽ അഞ്ചു മണിക്കൂറിനുള്ളിൽ ആയിരത്തിലധികം ആളുകളാണ് സൈൻ ചെയ്തത്. യുകെയിലെ മലയാളികൾ സൈൻ ചെയ്യുന്ന ഈ പരാതി പ്രധാനമന്ത്രിക്ക് കൈമാറി ജനങ്ങളുടെ വികാരം അറിയിക്കും.

മോദിക്കു പുറമേ കേന്ദ്ര വ്യോമയാന മന്ത്രാലയം, എയർ ഇന്ത്യ, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കും പരാതി നൽകും. യുക്മ ഉൾപ്പെടെയുള്ള ബ്രിട്ടനിലെ മലയാളി സംഘടനകളും വിമാന സർവീസ് ഉടൻ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തുണ്ട്.

കോവിഡിന്റെ വകഭേദം സൃഷ്ടിച്ച പുതിയ സാഹചര്യത്തിലായിരുന്നു ലണ്ടൻ-കൊച്ചി ഡയറക്ട് വിമാന സർവീസ് ഉൾപ്പെടെ ഇന്ത്യയിൽനിന്നുള്ള എല്ലാ സർവീസുകളും രണ്ടാഴ്ച മുൻപ് കേന്ദ്രം നിർത്തലാക്കിയത്. ഇതിൽ ജനുവരി എട്ടിന് പുനരാരംഭിക്കുന്ന 15 പ്രതിവാര സർവീസുകളിൽനിന്നും കൊച്ചിയെ ഒഴിവാക്കിയതായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ട്വിറ്ററിൽ അറിയിച്ചത്.

നിലവിലെ തീരുമാനപ്രകാരം ജനുവരി 23നു ശേഷമേ കൊച്ചിയിൽനിന്നു നേരിട്ടുള്ള സർവീസ് പുനരാരംഭിക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ. ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളുടെ സമ്മർദമോ ഗൾഫിലെ വിമാനക്കമ്പനികളുടെ സ്വാധീനമോ ഈ തീരുമാനത്തിനു പിന്നിലുണ്ടോ എന്ന സംശയമാണ് ബ്രിട്ടനിലെ മലയാളികൾക്കുള്ളത്.

ആഴ്ചയിൽ ഒന്നും പിന്നീട് രണ്ടും ഒടുവിൽ മൂന്നായും ഉയർത്തിയിട്ടും നിറയെ യാത്രക്കാരുണ്ടായിരുന്ന സർവീസ് പുനരാരംഭിക്കാൻ വൈകുന്നതിൽ ദുരൂഹത ഏറെയാണ്. സർവീസ് നിർത്തലാക്കാൻ കേന്ദ്രം പെട്ടെന്നെടുത്ത തീരുമാനത്തിൽ കുടുങ്ങിപ്പോയവർ നിരവധിയാണ്. അടിയന്തര ആവശ്യങ്ങൾക്കായും മറ്റും നാട്ടിലെത്തിയ നൂറുകണക്കിനു മലയാളികളാണു ബ്രിട്ടനിലേക്ക് തിരിച്ചെത്താനാകാതെ കേരളത്തിൽ കുടുങ്ങിയിരിക്കുന്നത്.

നേരിട്ടുള്ള വിമാനസർവീസിൽ വിശ്വസിച്ചും പ്രതീക്ഷവച്ചും നാട്ടിൽ പോയവരെല്ലാം മടങ്ങിവരാനാകാതെ വിഷമിക്കുകയാണ്. മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാണു ജനുവരി 8 മുതൽ 23 വരെയുള്ള പുതുക്കിയ ഷെഡ്യൂളിലെ സർവീസുകൾ. ആഭ്യന്തര സർവീസുകളെ ആശ്രയിച്ച് ഈ നഗരങ്ങളിലെത്തിയാൽ മാത്രമേ കേരളത്തിൽ കുടുങ്ങിയ ബ്രിട്ടിഷ് മലയാളികൾക്ക് തൽക്കാലം മടങ്ങിയെത്താനാകൂ.

രാജ്യത്തെ 9 നഗരങ്ങളിൽനിന്നായിരുന്നു ബ്രിട്ടിഷ് വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വന്ദേഭാരത് സർവീസ് നടത്തിയിരുന്നത്. ഇതിൽ ആഴ്ചയിൽ 7 സർവീസ് നടത്തിയിരുന്ന ഡൽഹിയും 4 സർവീസ് നടത്തിയിരുന്ന മുംബൈയും കഴിഞ്ഞാൽ ഏറ്റവും അധികം സർവീസ് കൊച്ചിയിൽനിന്നായിരുന്നു.

എന്നാൽ താൽക്കാലികമായി നിർത്തിയ സർവീസ് പുനരാരംഭിച്ചപ്പോൾ കൊച്ചി പുറത്തായി. പകരം ബെംഗളൂരു, ഹൈദരാബാദ് എന്നീ ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾ ഇടംപിടിക്കുകയും ചെയ്തു. ഈ അനീതിയാണ് മലയാളികളെ കൂടുതൽ രോഷാകുലരാക്കുന്നത്. ഓൺലൈൻ പെറ്റീഷനിൽ സൈൻ ചെയ്യാനുള്ള ലിങ്ക്: https://www.change.org/p/air-india-resume-the-flights-between-cochin-london

English Summary: UK malayalis against cancellation of London-Kochi service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com