ADVERTISEMENT

ബെയ്ജിങ്∙ ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ പൊതുയിടങ്ങളിൽനിന്ന് ‘അപ്രത്യക്ഷ’മായിട്ട് രണ്ടു മാസം പിന്നിടുന്നു. പ്രസിഡന്റ് ഷി ചിൻപിങ്ങും കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള അഭിപ്രായഭിന്നത പുറത്തുവന്നതിനു ശേഷം ജാക്ക് മാ പൊതുവേദികളിൽ വന്നിട്ടില്ല. അദ്ദേഹം നടത്തുന്ന ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ന്റെ ഫൈനൽ എപ്പിസോഡിൽ ജഡ്ജായി ജാക്ക് മാ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം പിന്മാറി. ഷോയുടെ വെബ്സൈറ്റിൽനിന്ന് ജാക്കിന്റെ ചിത്രങ്ങൾ ഉൾപ്പെടെ നീക്കംചെയ്തതായും യുകെയിലെ ‘ദ് ടെലിഗ്രാഫ്’ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഒക്ടോബറിൽ ഷാങ്ഹായ്‌യിൽ നടന്ന പരിപാടിയിലാണ് ജാക്ക് മാ ചൈനീസ് സർക്കാരിനെയും പ്രസി‍ഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ച് പ്രസംഗിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെയായിരുന്നു ജാക്കിന്റെ പ്രതികരണം. ചൈനയിലെ ബാങ്കിങ് രീതി പഴഞ്ചനാണെന്നും ജാക്ക് പറഞ്ഞു. ഇതു ചൈനീസ് സർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. 

ഇതോടെ ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാൺ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. നവംബറിൽ ജാക്ക് മായുടെ ഫിനാൻഷ്യൽ ടെക്ക് കമ്പനിയായ ആന്റ് ഗ്രൂപ്പിന് വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം ഷി ചിൻപിങ് നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു. കമ്പനിയിൽ സർക്കാരിന്റെ സൂക്ഷമപരിശോധന നടക്കുന്നതിനാൽ ജാക്കിനോട് ചൈനയിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

English Summary: Alibaba Founder Jack Ma Suspected Missing for 2 Months After Coming in Conflict with China's Jinping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com