ADVERTISEMENT

കൊച്ചി∙ വായ്പയ്ക്ക് അപേക്ഷിച്ചാല്‍ മൊബൈല്‍ ഫോണിലെ ഫോട്ടോകളും ഫോണ്‍ബുക്കും അടക്കം സ്വകാര്യ വിവരങ്ങളെല്ലാം ചോര്‍ത്തിയെടുക്കും. വായ്പാതിരിച്ചടവ് ഏതാനും ദിവസം വൈകിയാല്‍‌ ഇവ കൊണ്ടുള്ള സൈബര്‍ ഗുണ്ടായിസം തുടങ്ങും. പുതിയ ഓണ്‍ലൈന്‍ വായ്പാസംഘങ്ങളുടെ ഇടപാടുരീതി ഇങ്ങനെയാണ്. വായ്പയെടുക്കുന്നവരെ മാത്രമല്ല, വ്യക്തിബന്ധമുള്ള മറ്റുള്ളവരെ കൂടി അപഹസിക്കാനും ഭീഷണിപ്പെടുത്താനും മടിക്കാത്തവരെക്കുറിച്ചുള്ള അനുഭവസാക്ഷ്യമാണ് കേള്‍ക്കുന്നത്.

വായ്പയ്ക്കുള്ള ലിങ്ക് ഫോണില്‍ വന്നതില്‍ ക്ലിക്ക് ചെയ്ത് കയറിയപ്പോള്‍ നിബന്ധനകളുടെ നെടുങ്കന്‍ പട്ടിക വന്നു. സ്വന്തം അത്യാവശ്യങ്ങളുടെ പട്ടിക അതിലും വലുതായിരുന്നതിനാല്‍ ഒന്നും വായിക്കാന്‍ മെനക്കെട്ടില്ല. ഒപ്പം ഫോണ്‍‌ ബുക്ക് അല്ലെങ്കില്‍ കോണ്‍ടാക്ട്സ്, ഫോട്ടോ, വിഡിയോ അങ്ങനെ സ്വകാര്യമായതിലെല്ലാം പെര്‍മിഷന്‍ ചോദിച്ചു. 

എല്ലാം അലൗ കൊടുത്ത് കയറി, പിന്നെ വായ്പ വൈകിയില്ല. എന്നാലിതോടെ കയ്യിലിരുന്ന സ്മാര്‍ട് ഫോണ്‍ ഏറെക്കുറെ പൂര്‍ണമായും വായ്പാ ഇടപാടുകാരന്റെ നിയന്ത്രണത്തിലായി. പെൺവാണിഭം നടത്തിയെന്നു വരെ പ്രചാരണം നടത്തിയെന്ന് ഇരയായവരിലൊരാൾ പറയുന്നു. ഇപ്പറഞ്ഞത് വെറുതെയല്ല, വായ്പയെടുത്തവരില്‍ ഒരാളുടെ ഫോണില്‍ തന്റെ നമ്പര്‍ സേവ് ചെയ്തിരുന്നത് കൊണ്ടു മാത്രം ഭീഷണി നേരിടേണ്ടിവന്ന ഹതഭാഗ്യരും ഈ കൂട്ടത്തിലുണ്ട്

കണ്ടതിലെല്ലാം തലവച്ചു ഭാഗ്യം പരീക്ഷിക്കുന്ന മലയാളിക്ക് ആപ്പായിരിക്കുകയാണ് പുതിയ ഓണ്‍ലൈന്‍ വായ്പായിടപാട് സംഘങ്ങൾ.  ഈടുവേണ്ട, വരുമാനരേഖയൊന്നും വേണ്ട, അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ കൊണ്ട് തുക അക്കൗണ്ടില്‍ വരും. എന്നാല്‍ പലിശക്കണക്ക് കേട്ടാല്‍ തലമരയ്ക്കും. കോവിഡുകാലത്ത് വരുമാനംമുട്ടി ഒരുഗതിയുമില്ലാതെ വലഞ്ഞ ആയിരങ്ങള്‍ ഈ ഓണ്‍ലൈന്‍ വായ്പാക്കൊള്ളയ്ക്ക് ഇരകളായി ജീവിതം വഴിമുട്ടിനില്‍ക്കുകയാണ്. 5000ന്റെ ലോണ്‍ തീര്‍ക്കാന്‍ 3000ന്റെ മൂന്ന് ലോണെടുക്കേണ്ടിവന്നവരും ഒരു ലക്ഷം എടുത്തിട്ട് ഇപ്പോള്‍ മൂന്നരലക്ഷം അടച്ചുകഴിഞ്ഞവരും തട്ടിപ്പിനിരകളായവരിൽ ഉണ്ട്. 

English Summary: Instant Loan Apps Trap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com