ADVERTISEMENT

കാഠ്മണ്ഡു ∙ പലവിധ സമ്മർദ്ദങ്ങൾക്കിടയിലും കോവിഡ് വാക്സീന്റെ കാര്യത്തിൽ ഇന്ത്യയെത്തന്നെ ആശ്രയിക്കാൻ നേപ്പാൾ. ചൈനീസ് വാക്സീനേക്കാൾ ഇന്ത്യയുടെ വാക്സീൻ ആദ്യം കിട്ടാനാണു നേപ്പാൾ ആഗ്രഹിക്കുന്നതെന്നാണു റിപ്പോർട്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുന്ന ആറാമത് നേപ്പാൾ-ഇന്ത്യ ജോയിന്റ് കമ്മിഷൻ യോഗത്തിൽ തീരുമാനമുണ്ടാകും.

സിനോവാക് വാക്സീൻ പതിപ്പ് നൽകുന്നതിന് നേപ്പാളിനു ചൈനയിൽനിന്നു വാഗ്ദാനമുണ്ടായിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ, ഇവിടെനിന്നുള്ള വാക്സീൻ ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്നു നേപ്പാൾ അധികൃതർ പറഞ്ഞു. ഇന്ത്യയിലെ നേപ്പാൾ അംബാസഡർ നിലാംബർ ആചാര്യ വാക്സീൻ നിർമാതാക്കളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും നിരവധി തവണ കൂടിക്കാഴ്ചകളും നടത്തി.

വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി 14ന് ന്യൂഡൽഹിയിൽ എത്തും. ആരോഗ്യമേഖലയിലെ ഉൾപ്പെടെയുള്ള കരാറുകൾക്ക് അന്തിമരൂപം നൽകാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ. പ്രധാനമന്ത്രി കെ.പി.ശർമ ഒലി കഴിഞ്ഞ മാസം പാർലമെന്റ് പിരിച്ചുവിട്ട രാഷ്ട്രീയ പശ്ചാത്തലത്തിലാണു ഗ്യാവാലിയുടെ ഇന്ത്യ സന്ദർശനം. ഏപ്രിൽ 30, മേയ് 10 തീയതികളിലാണു പൊതുതിരഞ്ഞെടുപ്പ്.

കഴിഞ്ഞ മാസം നടക്കാനിരുന്ന ഗ്യാവാലിയുടെ സന്ദർശനവുമായി ഇപ്പോൾ മുന്നോട്ടു പോകാനുള്ള ഇന്ത്യയുടെ തീരുമാനം, നേപ്പാളി ജനതയ്ക്കും ഒലി സർക്കാരിനുമുള്ള വ്യക്തമായ പിന്തുണയായി കണക്കാക്കാമെന്നു നയതന്ത്ര നിരീക്ഷകർ വിലയിരുത്തുന്നു. ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്ന 12 ദശലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സീൻ നൽകാമെന്ന ഉറപ്പ് ഗ്യാവാലിക്ക് ഈ സന്ദർശനത്തിൽ ലഭിക്കുമെന്നാണു കരുതുന്നത്. സംഘർഷാവസ്ഥയിലും കോവിഡ് പ്രതിരോധത്തിൽ നേപ്പാളിനെ സഹായിക്കാനുള്ള പ്രതിബദ്ധത നരേന്ദ്ര മോദി സർക്കാർ പ്രകടിപ്പിച്ചിരുന്നു.

English Summary: Not Chinese, prefer Indian vaccine first, Nepal to India ahead of minister’s visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com