ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിനെയും ലോകത്തെയും ഞെട്ടിച്ച് യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ തേർവാഴ്ച. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. 

കലാപത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർ മരിച്ചു. കാപ്പിറ്റോൾ മന്ദിരത്തിനുള്ളിലാണ് സ്ത്രി വെടിയേറ്റു മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. കാപ്പിറ്റോൾ മന്ദിരത്തിനു സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ.

സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാർ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിർത്തിവച്ചു. യുഎസ് കോൺഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ് പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച.  

ജനപ്രതിനിധി സഭയും സെനറ്റും ചേരുന്നതിനിടെയാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ മന്ദിരത്തിനു പുറത്തു പ്രകടനമായെത്തിയത്.  പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ആദ്യം ബാരിക്കേഡുകൾ തകർത്തു. പാർലമെന്റ് കവാടങ്ങൾ പൊലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാർ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല.

US Capitol Attack
US Capitol Attack
15
Show All
In pictures: US Capitol Attack

കാപ്പിറ്റോൾ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു വിശേഷിപ്പിച്ച ജോ ബൈഡൻ, പിൻവാങ്ങാൻ അനുകൂലികൾക്ക് നിർദേശം നൽകാൻ ട്രംപിനോട് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയർലൻഡും രംഗത്തെത്തി.

ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവർത്തിച്ച ട്രംപ്, പ്രതിഷേധക്കാരോടു സമാധാനം പാലിക്കാനും മടങ്ങിപോകാനും അഭ്യർഥിച്ചു. പ്രതിഷേധസ്വരങ്ങളെ മൂടിവയ്ക്കാൻ ആർക്കും കഴിയില്ലെന്നും പറഞ്ഞു. 

Japan News Paper Capitol Riot
‘യുഎസ് കലാപം’ എന്ന തലക്കെട്ടുമായി ജപ്പാനിൽ പുറത്തിറങ്ങിയ പത്രങ്ങൾ. ചിത്രം – Philip FONG / AFP

ബൈഡന്റെ വിജയം കോൺഗ്രസ് സമ്മേളനത്തിൽ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യർഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയതിനു പിന്നാലെയാണു നാടകീയ സംഭവങ്ങൾ. 

English Summary: Pro Donald Trump mob breaches Capitol building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com