ADVERTISEMENT

ഹൈദരാബാദിന്റെ പേര് മാറ്റി ‘ഭാഗ്യനഗർ’ എന്നാക്കാം, റോഹിങ്ക്യകളെ ഓടിക്കാം തുടങ്ങിയ ബിജെപിയുടെ വാഗ്ദാനങ്ങളെ ഹൈദരാബാദുകാർ ഇങ്ങനെ സ്വീകരിക്കുമെന്ന് ടിആർഎസ് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ടിആർഎസിനെതിരായ ഭരണവിരുദ്ധ വികാരം കൂടിയായതോടെ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിര‍ഞ്ഞെടുപ്പിൽ ബിജെപി നേടിയത് സ്വപ്നതുല്യമായ മുന്നേറ്റം.

തിരഞ്ഞെടുപ്പ് ഫലം തെലങ്കാന ബിജെപി ഘടകത്തിന് നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് തെലങ്കാനയിലെ പ്രധാന ശക്തികളിലൊന്നാകാൻ എന്തു ചെയ്യണമെന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിനു കൃത്യമായ ധാരണ കിട്ടിയ മട്ടാണ്.

2023 നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്ര സമിതിയെ (ടിആർഎസ്) അടിതെറ്റിക്കാമെന്ന ആത്മവിശ്വാസം അവർ ആർജിച്ചുകഴിഞ്ഞു. ഇക്കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റ് തന്നെ വ്യക്തമാക്കി. തെലങ്കാന പിടിച്ചെടുക്കുകയെന്നതാണ് അടുത്ത ലക്ഷ്യം. അതിനായുള്ള ശ്രമം ശരിയായ നേരത്ത് തുടങ്ങുമെന്നാണ് ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഹൈദരാബാദ് തിരഞ്ഞെടുപ്പിൽ 150 ൽ 48 സീറ്റ് നേടി ബിജെപി കരുത്ത് തെളിയിച്ചു. സംസ്ഥാനം ഭരിക്കുന്ന ടിആർഎസ് നേടിയത് 55 സീറ്റ്. അതേസമയം വോട്ട് വിഹിതം നോക്കുകയാണെങ്കിൽ ടിആർഎസും ബിജെപിയും തമ്മിലുള്ളത് നേരിയ വ്യത്യാസം മാത്രം. ടിആർഎസിന് 12.06 ലക്ഷം വോട്ട് (35.81 ശതമാനം) ലഭിച്ചപ്പോൾ ബിജെപി 11.95 ലക്ഷം വോട്ടു (35.56 ശതമാനം) സ്വന്തമാക്കി.

ടിആർഎസ് നേരത്തേ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത് കൊണ്ടു മാത്രമാണ് ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ഹൈദരാബാദിലെ ബിജെപിയുടെ പ്രകടനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണു സംസ്ഥാന നേതൃത്വം. അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുൽ മുസ്‌ലമീനും ടിആർഎസും തമ്മിലുള്ള നീക്കുപോക്കുകളെക്കുറിച്ചു തന്ത്രപൂർവം ജനങ്ങളിലെത്തിച്ചാണ് ബിജെപി അവിശ്വസനീയമായ നേട്ടം ഹൈദരാബാദിൽ സ്വന്തമാക്കിയതെന്നാണു വിലയിരുത്തൽ.

അടുത്തിടെ മഴയും വെള്ളപ്പൊക്കവും ഏറ്റവും കൂടുതൽ ദുരിതം വിതച്ച മേഖലകളിലാണ് ബിജെപി ജയിച്ച സീറ്റുകളിൽ ഭൂരിഭാഗവും. സരൂർനഗർ, ഹയാത്നഗർ, ഗദിയന്നാരം, നഗോളെ, മുസാരംഭാഗ്, ആംബർപേട്ട്, രാമന്തപുർ, ഉപ്പൽ, കവടിഗുഡ, ഗാന്ധിനഗർ, മൈലാർദേവ്പള്ളി എന്നിവിടങ്ങളിലെല്ലാം ബിജെപി നേട്ടം കൊയ്തു. പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെട്ട ജനം ബിജെപിക്ക് വോട്ട് ചെയ്തതായിരിക്കാം തിരിച്ചടിക്ക് കാരണമെന്നാണ് ടിആർഎസിന്റെ വിലയിരുത്തൽ.

പ്രളയത്തിന് ഇരയായവർക്ക് ഓരോരുത്തർക്കും സർക്കാർ 10,000 രൂപ വീതം നൽകി. അവർപോലും ഞങ്ങളെ സഹായിച്ചില്ല. കാരണം, പ്രാദേശിക നേതാക്കൾ അതിലും കുറവു വരുത്തി. - ഒരു ടിആർഎസ് നേതാവ് വെളിപ്പെടുത്തി. ബിജെപി വെന്നിക്കൊടി പാറിച്ച പ്രദേശങ്ങളിൽ പലതും ടിആർഎസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു. തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി പ്രക്ഷോഭങ്ങളിലേർപ്പെട്ട ജനം പാർക്കുന്ന ടിആർഎസിന്റെ കോട്ടകളിലാണ് ബിജെപി പടയോട്ടം നടത്തിയത്.

തെലങ്കാനയിൽ ടിആർഎസിന് പകരം ആര് എന്ന ചോദ്യത്തിന് ബിജെപി എന്ന ഉത്തരം നൽകുന്നതായിരുന്നു ഹൈദരാബാദ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസും ടിഡിപിയും നിശ്ചലമായ തെലുങ്ക് മണ്ണിൽ ബിജെപി ആൾക്കൂട്ടത്തെ ആകർഷിച്ചു തുടങ്ങിക്കഴിഞ്ഞു.

ടിആർഎസും ബിജെപിയും ചാക്കിട്ടു, കോൺഗ്രസ് ചുരുങ്ങി

ബിജെപി അദ്ഭുതം സൃഷ്ടിച്ച മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ തെലങ്കാനയിലും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. നൽകൊണ്ട ജില്ലയിൽനിന്നുള്ള കോൺഗ്രസിന്റെ നിയമസഭാഗം കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡിയാണ് ഒടുവിൽ രാജിവച്ച് ബിജെപി പ്രവേശം പ്രഖ്യാപിച്ചത്. ടിആർഎസിന് പകരമാകാൻ കോൺഗ്രസിന് സാധിച്ചില്ലെന്നും ബിജെപിയിലാണു പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളുടെ മുന്നിൽ പ്രഖ്യാപിച്ചു.

ബിജെപി ശക്തികേന്ദ്രമായി മാറുമെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു. വരും ദിവസങ്ങളിൽ അവർ കൂടുതൽ ശക്തി പ്രാപിക്കും. തിരഞ്ഞെടുപ്പ് ഫലം അതാണു കാണിക്കുന്നത്. മണ്ഡലത്തിലെ ജനതാൽപര്യ പ്രകാരമാണ് ബിജെപിയിൽ ചേരുന്നതെന്നും രാജഗോപാൽ റെഡ്ഡി പ്രഖ്യാപിച്ചു. ഇതോടെ തെലങ്കാന നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം അഞ്ചായി. 2018ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 19 സീറ്റിലാണ് ജയിച്ചത്. ഇതിൽ 12 പേർ പിന്നീട് ടിആർഎസിനൊപ്പം പോയി. ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റു കൂടി കൈവിട്ടു. ഇപ്പോൾ ഒരാൾ കൂടി ബിജെപിയിലേക്കും പോയി.

ടിആർഎസിനെതിരെ ബിജെപിയുണ്ട്, കോൺഗ്രസിന് പകരം

എല്ലാം കൊണ്ടും ടിആർഎസിന്റെ ശരിയായ പകരക്കാർ എന്നാണ് ബിജെപിയുടെ അവകാശവാദം. കോൺഗ്രസിന് പകരം ടിആർഎസിനോട് പോരാടാൻ തെലങ്കാനയിലുണ്ടെന്ന് ബിജെപി നേതാവ് ഭൂപേന്ദർ യാദവ് പ്രഖ്യാപിച്ചു. ബിഹാറിലെ തിരഞ്ഞെടുപ്പ് ചുമതലയ്ക്കു ശേഷമാണ് യാദവ് പുതിയ ദൗത്യവുമായി ഹൈദരാബാദിലെത്തുന്നത്. ഹൈദരാബാദിലും പാർട്ടി ഉദ്ദേശിച്ചത് അതേരീതിയിൽ തന്നെ നടപ്പാക്കിയതായും യാദവ് അവകാശപ്പെട്ടു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റാണ് തെലങ്കാനയിൽ ബിജെപി ആകെ നേടിയത്. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ധുബാക്ക സീറ്റിൽ ടിആർഎസിനെ തോൽപിച്ച് ഞെട്ടിച്ചു. ഇപ്പോൾ ടിആർഎസിന് തെലങ്കാനയിൽ ഒരു ഭീഷണിയുണ്ടെങ്കിൽ അതു ബിജെപി മാത്രമാണ്.

ഹൈദരാബാദ് തിരഞ്ഞെടുപ്പിൽ ടിആർഎസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ആശങ്കകളാണ് അവർക്ക് ഏറെയും. 2016ൽ ഹൈദരാബാദിലെ നാല് സീറ്റുകളിൽ മാത്രമാണ് ബിജെപി ടിആർഎസിന് വെല്ലുവിളിയായത്. എന്നാൽ 2020 ആയപ്പോഴേക്കും ഹൈദരാബാദിലെ 48 ഡിവിഷനുകൾ ബിജെപിയുടെ കൈകളിലെത്തി. ഹൈദരാബാദ് നൽകിയ ആത്മവിശ്വാസത്തിൽ തെലുങ്കുനാട്ടിൽ ബിജെപിയുടെ അടുത്ത ലക്ഷ്യം 2023 നിയമസഭാ തിരഞ്ഞെടുപ്പായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

വിജയിച്ചാൽ കർണാടകയ്ക്കു ശേഷം ബിജെപിയെ സ്വീകരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാകും തെലങ്കാന. ദക്ഷിണേന്ത്യ അടുപ്പിക്കാത്ത പാർട്ടിയെന്ന ബിജെപിയുടെ ചീത്തപ്പേര് അവർക്ക് മാറ്റുകയും ചെയ്യാം. തെലങ്കാന സംസ്ഥാന രൂപീകരണത്തിനുശേഷം ബിജെപിയെ നാമാവശേഷമാക്കിക്കൊണ്ടാണ് ടിആർഎസ് തുടങ്ങിയത്.

2018 നിയമസഭാ തിരഞ്ഞെടുപ്പിൽ 119 അംഗ നിയമസഭയിൽ 1 സീറ്റിലാണ് ബിജെപി ജയിച്ചത്. നേടിയത് ഏഴ് ശതമാനം വോട്ടുമാത്രം. എന്നാൽ കുറച്ചു മാസത്തിനുശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റു നേടി ബിജെപി തെലങ്കാനയിൽ തിരിച്ചുവന്നു. വോട്ട് ശതമാനം 20 ആക്കി.

മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളെയും തോൽപിച്ച് ബിജെപി പകരംവീട്ടി. ധബാക്ക് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ 38 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്. ഹൈദരാബാദിലെ മുന്നേറ്റത്തോടെ ടിആർഎസിന്റെ മുട്ടിടിച്ചു തുടങ്ങി. ബിജെപിയെ പ്രതിരോധിക്കാനുള്ള ടിആർഎസ് തന്ത്രങ്ങളും അതിനെ മറികടക്കാനുള്ള ബിജെപി നീക്കങ്ങളുമായിരിക്കും ഇനി തെലങ്കാന രാഷ്ട്രീയം ചർച്ച ചെയ്യുക.

Content Highlights: Telangana Politics, BJP, TRS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com