ADVERTISEMENT

അപകടം പതിയിരിക്കുന്ന ആകാശയാത്രകൾ ഇന്തൊനീഷ്യയ്ക്ക് തലവേദനയാകുന്നു. ഇരുപത്താറു കോടിയിലേറെ ജനസംഖ്യയുള്ള, ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമായ ഇന്തൊനീഷ്യയിൽ കര, കടല്‍, വ്യോമ ഗതാഗത മേഖലകളിലെ അപകടങ്ങൾ പതിവാണ്. വളരെ പഴക്കം ചെന്ന അടിസ്ഥാന സൗകര്യങ്ങളും ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തതയുമാണ് ഇതിന്റെ പ്രധാന കാരണം. 50 ല്‍ കൂടുതല്‍ മരണങ്ങളുണ്ടായ 16 വിമാന അപകടങ്ങളാണ് 1957 നും 2021 നും ഇടയില്‍ രാജ്യത്തുണ്ടായത്. അതിൽ ഒടുവിലത്തേതാണ് ശനിയാഴ്ചയുണ്ടായ ശ്രീ വിജയ എയർ അപകടം. ജക്കാര്‍ത്തയില്‍നിന്നു പറന്നുയര്‍ന്ന് കടലില്‍ തകര്‍ന്നു വീണ ബോയിങ് 737-500 വിമാനത്തിൽ  50 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 62 പേരാണ് ഉണ്ടായിരുന്നത്. കടലില്‍നിന്ന് ബ്ലാക്ബോക്സ് അടക്കമുള്ള വിമാന അവശിഷ്ടങ്ങള്‍ കണ്ടെടുത്തെങ്കിലും മൃതദേഹങ്ങളൊന്നും കിട്ടിയിട്ടില്ല. 

2000 നു ശേഷം ചെറുതും വലുതുമായ നാൽപതോളം അപകടങ്ങളാണ് ഇന്തൊനീഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിമാന അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ, ഇന്തൊനീഷ്യൻ വിമാനസർവീസുകൾക്ക് 2007 ൽ അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് രാജ്യാന്തര വ്യോമയാന മാനദണ്ഡങ്ങള്‍ പാലിക്കുന്നതു മെച്ചപ്പെടുത്തിയതോടെ 2016 ല്‍ തീരുമാനം മാറ്റി.

ഇന്തൊനീഷ്യയില്‍ 50 ല്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിമാന അപകടങ്ങള്‍ 

1. 1957 ജൂലൈ 16 - കെഎല്‍എമ്മിന്റെ (റോയല്‍ ഡച്ച് എയര്‍ലൈന്‍സ്) ലോക്ഹാഡ് 1049 ഇ സൂപ്പര്‍ കണ്‍സ്റ്റലേഷന്‍ വിമാനം തകര്‍ന്ന് 58 പേര്‍ മരിച്ചു. നെതര്‍ലാന്‍ഡ്‌സ് ന്യൂ ഗിനിയയിലെ (ഇപ്പോള്‍ ഇന്തൊനീഷ്യ) ബിയാക്-മോക്മര്‍ വിമാനത്താവളത്തില്‍ നിന്ന് ഫിലിപ്പീന്‍സിലെ മനില രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു വിമാനം. 

2. 1971 നവംബര്‍ 10– മെര്‍പാത്തി നുസാന്താര എയര്‍ലൈന്‍സിന്റെ വിക്കേഴ്‌സ് വിസ്‌കൗണ്ട് 828 വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലെ  സുമാത്രയിലെ പഡാങ് തീരത്ത് തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 69 പേരും മരിച്ചു. 

3. 1974 ഏപ്രില്‍ 22 – ഹോങ്കോങ്ങില്‍നിന്ന് കലിഫോര്‍ണിയയിലെ ലൊസാഞ്ചലസിലേക്കു പോവുകയായിരുന്ന പാന്‍ അമേരിക്കന്‍ വേള്‍ഡ് എയര്‍വേഴ്സിന്റെ ബോയിങ് 707-320 ബി വിമാനം ബാലിയിലെ പർവത പ്രദേശത്തു തകർന്നുവീണ് അതിലുണ്ടായിരുന്ന 107 പേരും മരിച്ചു. എന്‍ഗുറാ റായ് രാജ്യാന്തര വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറായി 78.7 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം.

Members of the search and rescue teams display pieces of wreckage from Sriwijaya Air flight SJ182 at Tanjung Priok port, north of Jakarta, on January 11, 2021, which were recovered during search operations off the coast for the Boeing 737-500 which crashed into the Java Sea minutes after takeoff on January 9. (Photo by ADEK BERRY / AFP)
കടലിൽ നിന്നു ലഭിച്ച വിമാന അവശിഷ്ടങ്ങൾ

4. 1979 ജൂലൈ 11- ഗരുഡ ഇന്തൊനീഷ്യയുടെ ഫോക്കര്‍ എഫ് 28 എംകെ-1000 വിമാനം തകര്‍ന്നുവീണ്  61 പേര്‍ മരിച്ചു. പാലെംബാങ്ങിലെ സുല്‍ത്താന്‍ മഹ്മൂദ് ബദറുദ്ദീന്‍ സെക്കന്‍ഡ് വിമാനത്താവളത്തില്‍ നിന്ന് മേദാനിലെ പൊളോണിയ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു വിമാനം. 

5. 1991 ഒക്ടോബര്‍ 5 - ഇന്തൊനീഷ്യന്‍ എയര്‍ഫോഴ്സിന്റെ് ലോക്ക്ഹീഡ് സി -130 എച്ച് -30 ഹെര്‍ക്കുലീസ് വിമാനം തകർന്ന് 135 പേര്‍ മരിച്ചു. ഇന്തോനീഷ്യന്‍ സായുധ സേനാ ദിന ചടങ്ങില്‍ പങ്കെടുത്ത ശേഷം ജക്കാര്‍ത്തയില്‍ നിന്ന് ബന്ദൂങ്ങിലേക്ക് പോവുകയായിരുന്ന സെനിക വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തില്‍ 12 ജീവനക്കാരും, 122 യാത്രക്കാരുമുണ്ടായിരുന്നു. 

6. 1992  ജൂലൈ 24 – മൻഡാല എയര്‍ലൈന്‍സിന്റെ വിക്കേഴ്സ് വിസ്‌കൗണ്ട് 816 വിമാനം കനത്ത കാറ്റും മഴയും മിന്നലും മൂലം പട്ടിമുറ വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ അംബോണ്‍ ദ്വീപിലെ ഒരു പര്‍വതത്തില്‍ ഇടിച്ച് തകര്‍ന്നു. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 70 പേര്‍ മരിച്ചു. 

7. 1997 സെപ്റ്റംബര്‍ 26 - ജക്കാര്‍ത്തയിലെ സുകാർണോ-ഹത്ത രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മേദാനിലെ പൊളോണിയ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഗരുഡ ഇന്തൊനീഷ്യയുടെ എയര്‍ബസ് എ300ബി4-220 തകര്‍ന്നുവീണു. മൂടല്‍മഞ്ഞില്‍ പൈലറ്റിന്റെ കാഴ്ച മറഞ്ഞ തുടര്‍ന്നാണ് മേദനില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള മലനിരകളുള്ള വനപ്രദേശത്ത് തകര്‍ന്നുവീണുത്. 222 യാത്രക്കാരും 12 ജീവനക്കാരും അടക്കം 234 പേർ അപകടത്തില്‍ മരിച്ചു. ഇന്തോനീഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വ്യോമയാന ദുരന്തമാണിത്.

INDONESIA-AVIATION-ACCIDENT
കടലിൽ തിരച്ചിൽ നടത്തുന്നവർ

8. 1997 ഡിസംബര്‍ 19 - ഇന്തൊനീഷ്യയിലെ ജക്കാര്‍ത്തയില്‍നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന സില്‍ക് എയറിന്റെ ബോയിങ് 737-36 എന്‍ വിമാനം പാലെംബാങ്ങിനടുത്തുള്ള മുസി നദിയില്‍ തകര്‍ന്നുവീണു. 97 യാത്രക്കാരും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 104 പേര്‍ മരിച്ചു.

9. 2005 - സെപ്റ്റംബര്‍ 5 ന്  മദാനിലെ പോളോണിയ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഹത്ത രാജ്യാന്തര വിമാനത്താവളത്തിലേക്ക് യാത്രതിരിച്ച മണ്ടാല എയര്‍ലൈന്‍സിന്റെ ബോയിങ് 737-230 വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ഒരു ജനവാസമേഖലയില്‍ തകര്‍ന്നുവീണു. 149 പേര്‍ അപകടത്തില്‍ മരിച്ചു. ഡസന്‍ കണക്കിന് വീടുകളും വാഹനങ്ങളും തകര്‍ന്നു. 17 യാത്രക്കാര്‍ രക്ഷപ്പെട്ടു.

10. 2007 ജനുവരി 1- ഇന്തൊനീഷ്യന്‍ നഗരങ്ങളായ സുരബായയ്ക്കും മനാഡോയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ആദം എയറിന്റെ ബോയിങ് 737-4ക്യു8 വിമാനം  സുലവേസിയിലെ പോളേവാലിക്ക് സമീപമുള്ള മകാസ്സര്‍ കടലിടുക്കില്‍ തകര്‍ന്നുവീണു.  വിമാനത്തിലുണ്ടായിരുന്ന 102 പേരും മരിച്ചു. 

11. 2009  മേയ് 20 – ഇന്തൊനീഷ്യന്‍ എയര്‍ഫോഴ്സിന്റെ ലോക്ക്ഹീഡ് എല്‍ -100-30 (പി) ഹെര്‍ക്കുലീസ് വിമാനം തകര്‍ന്നു വീണ് 97 പേര്‍ മരിച്ചു. ജക്കാര്‍ത്തയില്‍നിന്ന് കിഴക്കന്‍ ജാവയിലേക്ക് പോവുകയായിരുന്നു.

12. 2014 ഡിസംബര്‍ 28– ഇന്തൊനീഷ്യയിലെ എയര്‍ ഏഷ്യ ഫ്ലൈറ്റിന്റെ എയര്‍ബസ് എ320-216 വിമാനം ജാവാ കടലില്‍ വീണ് 162 പേര്‍ മരിച്ചു. 2015 മാര്‍ച്ചില്‍ തിരച്ചില്‍ അവസാനിപ്പിക്കുമ്പോള്‍ 116 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്.

കടലി‍ൽ തകർന്നുവീണ ഇന്തൊനീഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ നാവികസേനാംഗങ്ങൾ മുങ്ങിയെടുക്കുന്നു.  ചിത്രം: എപി
കടലി‍ൽ തകർന്നുവീണ ഇന്തൊനീഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ നാവികസേനാംഗങ്ങൾ മുങ്ങിയെടുക്കുന്നു. ചിത്രം: എപി

13. 2015 ജൂണ്‍ 30 – ഇന്തൊനീഷ്യന്‍ എയര്‍ഫോഴ്സിന്റെ ലോക്ക്ഹീഡ് സി -130 ബി വിമാനം മേദാനില്‍ നിന്ന് തഞ്ചുങ് പിനാങ്ങിലേക്കുള്ള യാത്രാമധ്യേ ജനവാസമേഖലയില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 12 ജീവനക്കാരും 110 യാത്രക്കാരും മരിച്ചു.

14. 2015 ഓഗസ്റ്റ് 16- കിഴക്കന്‍ ഇന്തൊനീഷ്യന്‍ പ്രവിശ്യയായ പാപ്പുവയിലെ സെന്റാനിയില്‍നിന്ന് ഓക്‌സിബിലിലേക്കു പോയ ട്രിഗാന എയറിന്റെ എടിആര്‍ 42-300 ഓക്‌സിബിലില്‍ തകര്‍ന്നുവീണു. അപകടത്തില്‍ 49 യാത്രക്കാരും 5 ജീവക്കാരും മരിച്ചു.

15. 2018 ഒക്ടോബര്‍ 29 –ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനം ജക്കാര്‍ത്തയിലെ സുകാർണോ-ഹത്ത രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പാങ്കല്‍ പിനാങ്ങിലെ ഡെപതി അമീര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ പറന്നുയര്‍ന്ന് 13 മിനിറ്റിനുശേഷം ജാവ കടലില്‍ പതിച്ചു. വിമാനത്തിലുണ്ടായിരുന്ന 189 പേരും മരിച്ചു. ഇന്തൊനീഷ്യയില്‍ നടന്ന ഏറ്റവും വലിയ രണ്ടാമത്തെ അപകടം.

16. 2021 ജനുവരി 9 – ജക്കാര്‍ത്തയില്‍നിന്നു പറന്നുയര്‍ന്ന ശ്രീ വിജയ എയറിന്റെ ബോയിങ് 737-500 വിമാനം കടലില്‍ തകര്‍ന്നു വീണു. 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

English Summary: Deadliest aviation accidents in Indonesia

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com