ADVERTISEMENT

ന്യൂഡൽഹി∙ മഹാരാഷ്്ട്രയിലും ഡല്‍ഹിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഒന്‍പതായി. കേരളത്തിനു പുറമേ ഗുജറാത്ത്, യുപി, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ പക്ഷിപ്പനി നേരത്തേ കണ്ടെത്തിയിരുന്നു. ഗുജറാത്തിലും രാജസ്ഥാനിലും ഹിമാചലിലും കാക്കകൾക്കും കാട്ടുപക്ഷികൾക്കുമാണു രോഗം ബാധിച്ചത്.‌ ഹരിയാനയിലാണ് ഏറ്റവും കൂടുതൽ പക്ഷികൾ ചത്തൊടുങ്ങിയത്. കഴിഞ്ഞ ആഴ്ചകളിൽ നാല് ലക്ഷത്തിലേറെ പക്ഷികള്‍ ചത്തതായാണ് കണക്ക്. ജമ്മു കശ്മീരിലും ഛത്തീസ്ഗഡിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ 9000 ഇറച്ചികോഴികളെ നശിപ്പിക്കാനുള്ള നടപടിത്തുടങ്ങി. മുംബൈയിൽ പലയിടങ്ങളിലും കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നത് ആശങ്കയ്ക്ക് ഇടയാക്കി. ഡല്‍ഹിയില്‍ ചത്തനിലയില്‍ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഡൽഹിയിലെ മയൂർവിഹാറിലും കാക്കകൾ കൂട്ടത്തോടെ ചത്തുവീണത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. 

രാജ്യത്തെ എറ്റവും വലിയ പക്ഷി മാർക്കറ്റായ ഗാസിപൂർ താൽക്കാലികമായി അടച്ചു. പക്ഷികളുടെ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. പക്ഷിപ്പനി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കാന്‍ കേന്ദ്രമൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ഇന്ന് ഉച്ചയ്ക്ക് ചേരുന്ന പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ 3 മാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് ഉന്നതതല കേന്ദ്ര സംഘം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയയ്ക്കുന്നതു തുടരാനും നിർദേശം നൽകിയിരുന്നു. രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻ കർശന നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നു. 

English Summary: Delhi, Maharashtra Among 9 States With Bird Flu, Parliamentary Meet Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com