ADVERTISEMENT

വാഷിങ്ടൻ∙ കാപ്പിറ്റോൾ മന്ദിരത്തിലെ അക്രമത്തിന് ആഹ്വാനം ചെയ്തതിന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യുഎസ് ജനപ്രതിനിധി സഭ. ഇംപീച്ച്മെന്റ് നടപടികള്‍ക്ക് കാലതാമസമുണ്ട് എന്നതിനാലാണ് 25–ാം ഭരണഘടനാഭേദഗതി പ്രകാരം പ്രസിഡന്‍റിനെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവരുന്നത്.

നാളെത്തന്നെ പ്രമേയം സഭയില്‍ വന്നേക്കും. ഇതിനു ശേഷമെ ഇംപീച്ചമെന്‍റ് പ്രമേയം കൊണ്ടു വരൂ എന്ന് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി. ബൈഡന്‍ സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കിയ ശേഷമേ സെനറ്റില്‍ ട്രംപിനെതിരായ കുറ്റവിചാരണ തുടങ്ങാനിടയുള്ളൂ.

അധികാരദുർവിനിയോഗത്തിന്റെ പേരിൽ 2019 ഡിസംബറിൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തെങ്കിലും 2020 ഫെബ്രുവരിയിൽ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജനപ്രതിനിധി സഭയിൽ ഡമോക്രാറ്റുകൾക്കാണു ഭൂരിപക്ഷമെങ്കിലും 100 അംഗ സെനറ്റിൽ ഇരുകക്ഷികളും തുല്യനിലയിലാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷം (66) ലഭിച്ചാലേ കുറ്റവിചാരണ വിജയിക്കൂ.

കാപ്പിറ്റോൾ അതിക്രമത്തിൽ ക്ഷുഭിതരായ ഒട്ടേറെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഇത്തവണ ഇംപീച്ച്മെന്റിനെ അനുകൂലിക്കുമെന്നാണു ഡമോക്രാറ്റുകളുടെ കണക്കുകൂട്ടൽ. കുറ്റവിചാരണ വിജയിച്ചാൽ മുൻ പ്രസിഡന്റുമാർക്കു കിട്ടുന്ന ആനുകൂല്യങ്ങളെല്ലാം ട്രംപിനു നഷ്ടമാകും. കൂടാതെ പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കാനും സെനറ്റിനു കഴിയും.

ബൈഡന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് വാഷിങ്ടനില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. നഗരത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് മേയര്‍ മറീല്‍ ബൗസര്‍ ട്രംപ് സര്‍ക്കാരിന് കത്തയച്ചു. സമാധാനപരമായ അധികാരക്കൈമാറ്റം ഉറപ്പാക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. 20നാണ് പുതിയ സര്‍ക്കാരിന്‍റ സത്യപ്രതിജ്ഞ.

English Summary: US House Speaker Says Ready To Start Impeachment Process Against Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com