ADVERTISEMENT

പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രണ്ടാം ഇംപീച്ച്മെന്റ് വേണോ എന്നതിൽ യുഎസ് ജനപ്രതിനിധി സഭാംഗങ്ങൾ ബുധനാഴ്ച (സഭ സമ്മേളിക്കുന്നത് ഇന്ത്യൻ സമയം ബുധൻ വൈകിട്ട്) വോട്ട് ചെയ്യാനിരിക്കെ ഉദ്വേഗത്തിൽ യുഎസ് രാഷ്ട്രീയം. കാപിറ്റോളിലെ അതിക്രമത്തിന് ഒത്താശ ചെയ്തത് ട്രംപാണെന്ന ആരോപണം നിലനിൽക്കെ, റിപ്പബ്ലിക് പക്ഷത്തും ചാഞ്ചാട്ടമുണ്ടെന്നാണ് വിലയിരുത്തൽ. രണ്ടാം ഇംപീച്മെന്റ് നടപടികൾ മുന്നോട്ടുപോകുകയാണെങ്കിൽ അത് എങ്ങനെയായിരിക്കും എന്നു പരിശോധിക്കാം.

എങ്ങനെയാണ് ഇംപീച്മെന്റ് നടപടികളുടെ പ്രവർത്തനം?

കോൺഗ്രസിന്റെ അധോസഭയായ ജനപ്രതിനിധിസഭയിൽ ആദ്യം പ്രമേയം അവതരിപ്പിക്കും. പ്രസിഡന്റ് ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ചെയ്തുവെന്നത് 435 അംഗ സഭയിൽ ഭൂരിപക്ഷവും അംഗീകരിക്കണം. കുറ്റകൃത്യം ചെയ്തുവെന്ന് അംഗീകരിക്കുന്നതിനെ ആർട്ടിക്കിൾസ് ഓഫ് ഇംപീച്ച്മെന്റ് എന്നാണു പറയുക. തുടർന്ന് ഇതേ നടപടിക്രമം ഉപരിസഭയായ സെനറ്റിലെത്തും. ഇവിടെയാണ് വിചാരണ നടക്കുക. സെനറ്റിൽ പ്രമേയം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസായാൽ പ്രസിഡന്റിനെ നീക്കാനും ശിക്ഷിക്കാനും സാധിക്കും.

ട്രംപിന്റെ മേൽ ആരോപിക്കപ്പെടുന്നത്

ജനുവരി 6 ന് കാപിറ്റോൾ മന്ദിരത്തിൽ നടന്ന അതിക്രമത്തിനു പിന്നിൽ ട്രംപ് ആണെന്നാണ് ഡെമോക്രാറ്റുകളുടെ ആരോപണം. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പു വിജയം അംഗീകരിക്കാനുള്ള നടപടികൾക്കിടെയാണ് ട്രംപ് അനുകൂലികൾ കാപിറ്റോളിലേക്ക് അതിക്രമിച്ചു കടന്നത്. തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചു പേർ മരിക്കുകയും ചെയ്തു.

വൈറ്റ് ഹൗസിനു സമീപം ഡോണാൾഡ് ട്രംപ് അനുയായികളോട് സംസാരിക്കുന്നു. (Photo by MANDEL NGAN / AFP)
വൈറ്റ് ഹൗസിനു സമീപം ഡോണാൾഡ് ട്രംപ് അനുയായികളോട് സംസാരിക്കുന്നു. (Photo by MANDEL NGAN / AFP)

ജനപ്രതിനിധിസഭയിൽ പാസായാൽ

ഇംപീച്മെന്റ് പ്രമേയത്തിന് ജനപ്രതിനിധി സഭ അനുമതി നൽകി സെനറ്റിലേക്ക് അയച്ചാൽ ഏറ്റവും കുറഞ്ഞത് ജനുവരി 19 ന് മാത്രമേ വിചാരണ ആരംഭിക്കാനാകൂയെന്നാണ് റിപ്പബ്ലിക്കന്‍ സെനറ്റ് അംഗം മിറ്റ്ച് മക്‌കോണൽ പറയുന്നത്. ഒഴിവു ദിവസങ്ങൾക്കുശേഷം അന്നാണ് സഭ വീണ്ടും സമ്മേളിക്കുന്നത്. 20 നാണ് ജോ ബൈഡൻ അധികാരമേൽക്കുന്നത്. നേരത്തേ സഭ സമ്മേളിക്കണമെങ്കിൽ കുറഞ്ഞത് 100 സെനറ്റർമാർ എങ്കിലും അനുകൂലമായി വോട്ട് ചെയ്യണം. ഒരു ദിവസം കൊണ്ടുതന്നെ വിചാരണ പൂർത്തിയാക്കാൻ സെനറ്റിനു സ്വാതന്ത്ര്യമുണ്ട്.

ജനുവരി 20 കഴിഞ്ഞാൽ പിന്നെന്തിന് ഇംപീച്മെന്റ്?

ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കാൻ മാത്രമല്ല ഇംപീച്മെന്റ്, ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കാതിരിക്കാൻ കൂടിയാണ്. ഇംപീച്മെന്റ് നടപ്പാക്കിയാൽ ട്രംപിന് ഇനിയൊരിക്കലും മൽസരിക്കാനാവില്ല. മാത്രമല്ല, 1958 ലെ ഫോർമർ പ്രസിഡന്റ്്സ് ആക്ട് അനുസരിച്ച്, മുൻ പ്രസിഡന്റുമാർക്ക് അനുവദിക്കുന്ന പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്, സുരക്ഷ തുടങ്ങിയവയ്ക്കും വിലക്കുണ്ടാകും.

സെനറ്റിലെ ചെറിയ ഭൂരിപക്ഷത്തിനുപോലും പ്രസിഡന്റിനെ നീക്കാനാകുമെന്ന് മുൻപു രണ്ടുതവണ ഫെഡറൽ ജഡ്ജിമാർ വിധി പറഞ്ഞിട്ടുണ്ട്. ജനുവരിയിൽ സെനറ്റിന്റെ അധികാരം ഡെമോക്രാറ്റുകളുടെ കൈവശമെത്തും. അതിനാൽ 2024 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ട്രംപിനെ വിലക്കാൻ ഡെമോക്രാറ്റുകൾക്കു കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2024 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ട്രംപ് അനുയായികളോടു പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ വർഷം അവസാനത്തോടെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമായിരുന്നു സൂചന. ഈ നീക്കത്തിന് തടയിടാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം.

വൈറ്റ് ഹൗസിനു സമീപം ഡോണാൾഡ് ട്രംപ് അനുയായികളോട് സംസാരിക്കുന്നു. (Photo by Brendan Smialowski / AFP)
വൈറ്റ് ഹൗസിനു സമീപം ഡോണാൾഡ് ട്രംപ് അനുയായികളോട് സംസാരിക്കുന്നു. (Photo by Brendan Smialowski / AFP)

2019 ഡിസംബറിലും ട്രംപിനെ ഇംപീച് ചെയ്യാൻ ഡെമോക്രാറ്റുകൾ ശ്രമിച്ചിരുന്നു. എന്നാൽ 2020 ഫെബ്രുവരിയിൽ റിപ്പബ്ലിക്കന്മാർക്ക് മേധാവിത്വമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

അതേസമയം, ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ 100 ദിവസങ്ങൾക്കുശേഷമേ സെനറ്റിലേക്ക് ആർട്ടിക്കിൾസ് ഓഫ് ഇംപീച്മെന്റ് വിടുകയുള്ളൂവെന്നും വിലയിരുത്തലുകളുണ്ട്. അധികാരത്തിലേറി അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾക്കും മന്ത്രിസഭാംഗങ്ങളുടെ നിയമനങ്ങൾക്കും ശേഷമേ ബൈഡൻ ഭരണകൂടം ട്രംപിനെതിരെ നീങ്ങുവെന്നാണ് ചില വിദഗ്ധരുടെ നിഗമനം. സെനറ്റിൽ ആർട്ടിക്കിസ് ഓഫ് ഇംപീച്മെന്റ് എത്തിയാൽ ഇക്കാര്യങ്ങൾ വൈകും. മാത്രമല്ല, പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞയാളെ വീണ്ടും ഇംപീച്മെന്റിനു വിധേയനാക്കാമോ എന്ന കാര്യത്തിലും ഭരണഘടനാ വിദഗ്ധർ രണ്ടു തട്ടിലാണ്.

English Summary: Explainer: Trump is heading for second impeachment. Here's how it could play out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com