ADVERTISEMENT

തിരുവനന്തപുരം∙ പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ഭര്‍ത്താവ് കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്ന യുവതിയുടെ കുടുംബത്തിന്റെ പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ പുറത്ത്.

രണ്ടാം വിവാഹം മതനിയമപ്രകാരമെന്ന ഭര്‍ത്താവിന്റെ വാദം ജമാ അത്ത് കമ്മിറ്റി തള്ളി. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്മിറ്റി പ്രസിഡന്റ് മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിനു പിന്നാലെയാണ് ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തതും പരാതിക്ക് തുടക്കമായതെന്നും വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നു.

രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് പിന്നീട് നടന്ന സംഭവങ്ങൾ. രണ്ടാം വിവാഹത്തെ എതിര്‍ത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി. 2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസമാണ് ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് രണ്ട് മാസം കഴിഞ്ഞ് വിദേശത്തെത്തിയപ്പോള്‍ പീഡനവിവരം തുറന്ന് പറഞ്ഞെന്നാണ് പരാതി.

കേസിൽ അമ്മയ്ക്കു പോക്സോ കോടതി ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജാമ്യത്തെ എതിർത്തു. കുട്ടിയുടെ കൗൺസിലിങ് റിപ്പോർട്ടിൽ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും കൗണ്‍സിലിങ് നടത്തിയവർക്കു മുന്നിലും മജിസ്ട്രേറ്റിനു മുന്നിലും കുട്ടി ഇതേകാര്യങ്ങൾ വിവരിച്ചതായി കേസ് ഡയറിയിലുണ്ടെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.

മാതാവിനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. 2018 മുതൽ ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. നാലുമക്കളിൽ ഇളയകുട്ടി ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ്. 2019ൽ ഭർത്താവ് രണ്ടാമത്തെ കുട്ടിയെയും നാലാമത്തെ കുട്ടിയെയും കൂടെ കൊണ്ടുപോയി. ഇതിനെതിരെ കുടുംബകോടതിയിൽ കേസ് നടക്കുന്നുണ്ട്. പിന്നീട് ഭർത്താവ് മൂന്ന് കുട്ടികളെയും വിദേശത്തേക്കു കൊണ്ടുപോയി.

അന്വേഷണത്തിൽ ഭർത്താവ് മറ്റൊരു സ്ത്രീയുമായി താമസിക്കുന്നുവെന്നു മനസിലായി. കുടുംബകോടതി കേസ് പരിഗണിച്ചപ്പോൾ ഭർത്താവ് 3 കുട്ടികളെയും നാട്ടിലേക്കു കൊണ്ടുവന്നു. ഭർത്താവ് 13 വയസുള്ള കുട്ടിയെ ഉപകരണമാക്കുകയാണ്. പണവും സ്വാധീനവും ഉപയോഗിച്ച് മാതാവിനെ കുടുക്കാൻ ശ്രമിക്കുകയാണെന്നും അഭിഭാഷകൻ വാദിച്ചു.

English Summary: Kadakkavoor-pocso-case: New developments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com