രണ്ടു നൂറ്റാണ്ടു പിന്നിട്ട ജനാധിപത്യസംവിധാനമെന്ന പെരുമയുള്ള അമേരിക്കയെന്താണോ അതിൽനിന്നും തികച്ചും ഭിന്നിച്ച മനസ്സുകൾ നിറഞ്ഞ മറ്റൊരു രാജ്യമാക്കി മാറ്റിയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണൾഡ് ട്രംപിന്റെ പടിയിറക്കമെന്ന് യുഎസ് രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തൽ. തുടക്കത്തിൽ സാമ്പത്തിക കുതിപ്പുണർത്തി രാജ്യത്തെ പ്രതീക്ഷാനിർഭരമാക്കിയ ട്രംപ് വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്റെയും പുതിയൊരു ഭൂതത്തെ തുറന്നുവിട്ടാണ് പടിയിറങ്ങുന്നത്. കാപ്പിറ്റോൾ കലാപം അമേരിക്കൻ പ്രതിച്ഛായയ്ക്കു മേൽ ഉയർത്തുന്ന കരിനിഴൽ നീക്കാൻ ബൈഡനാകുമോ എന്നാണ് രാഷ്ട്രീയ വിദഗ്ധർ ഉറ്റുനോക്കുന്നത്.
കോവിഡ് പ്രതിസന്ധി, സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങൾ, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അലയൊലികൾ ഇതൊക്കെയാണ് ഇപ്പോൾ അമേരിക്ക. ജനുവരി 20ന് പുതിയ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ ദീർഘനാൾ രാഷ്ട്രീയത്തിൽനിന്നതിന്റെ പരിചയസമ്പന്നത കൈമുതലാക്കി ജോ ബൈഡന് എല്ലാം ഭരിച്ചു നന്നാക്കാനാകുമോ എന്ന ആകാംക്ഷയിലാണ് അമേരിക്കൻ ജനതയും ഒപ്പം ലോകവും.
ട്രംപിനെതിരെ രണ്ടാമതും ഇംപീച്ച്മെന്റ് കൊണ്ടുവരാൻ ഡെമോക്രാറ്റുകൾ നീക്കം നടത്തുമ്പോൾ രാജ്യത്തെങ്ങും 50 സ്റ്റേറ്റുകളിലും പ്രതിഷേധം ഉണ്ടായേക്കാമെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. ഈ ആഴ്ച ആരംഭിക്കുന്ന പ്രതിഷേധം ബൈഡൻ അധികാരം എറ്റെടുക്കുന്ന ജനുവരി 20 വരെ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതു ആഭ്യന്തരമായി രാജ്യത്തിനു പ്രതിസന്ധി സൃഷ്ടിക്കും. ഇതിനൊപ്പം കോവിഡ് മഹാമാരി വ്യാപനത്തോത് ഉയരുകയും കുറഞ്ഞത് ദിവസവും 5000 പേരെങ്കിലും രാജ്യത്ത് മരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുമെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഭീതി. ആശുപത്രികൾ നിസഹായാവസ്ഥയിലാണ്. വാക്സീൻ വന്നെങ്കിലും ആരോഗ്യപ്രവർത്തകർ പതറിനിൽക്കുകയാണ്.

200 വർഷത്തിനിടെ ആദ്യമായാണ് ഒരു പ്രസിഡന്റിനെതിരായി രണ്ടു ഇംപീച്ച്മെന്റുകൾ കൊണ്ടുവരുന്നത്. അതും ഒരു വർഷത്തിനിടെ. കഴിഞ്ഞ ബുധനാഴ്ച യുഎസ് കാപിറ്റോൾ മന്ദിരത്തിലേക്കു അതിക്രമിച്ചു കയറി ജനക്കൂട്ടം നടത്തിയ അതിക്രമത്തിനു പിന്നിൽ ട്രംപാണെന്നു കുറ്റപ്പെടുത്തിയുള്ളതാണ് ഇപ്പോഴത്തെ ഇംപീച്ച്മെന്റ്. ട്രംപ് ജയിക്കേണ്ട തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് കാപിറ്റോളിനെ പ്രതിഷേധത്തിൽ ആറാടിച്ചത്. പൊലീസിലെയും സൈന്യത്തിലെയും ചിലർ ട്രംപിന്റെ വാക്കുകളിൽ വീണുപോയിട്ടുണ്ടെന്നു കാപിറ്റോളിലെ നടപടികൾ വ്യക്തമാക്കുന്നു. വാഷിങ്ടനിൽ രണ്ടു കാപിറ്റോൾ പൊലീസ് ഉദ്യോഗസ്ഥരെ വീഴ്ചകളുടെ പേരിൽ സസ്പെൻഡ് ചെയ്തു. ജനക്കൂട്ടത്തെ സഹായിച്ചതിന്റെ പേരിൽ നിരവധിപ്പേര്ക്കുനേരെ അന്വേഷണവും പുരോഗമിക്കുന്നു.
ഒറ്റപ്പെട്ടതല്ല ‘കാപിറ്റോൾ’
കാപിറ്റോളിൽ അരങ്ങേറിയത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ ആകില്ലെന്നതാണ് വസ്തുത. ഷാർലെറ്റ്സ്വില്ലെയിലേക്ക് വെള്ളക്കാരുടെ അധീശത്വം വ്യക്തമാക്കുന്ന റാലി നടന്നതിനെ അപലപിക്കാൻ പോലും ട്രംപ് തയാറായില്ല. കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ മരണത്തെത്തുടർന്ന് വിദ്വേഷ പ്രതിഷേധക്കാർക്കെതിരെ വൈറ്റ് ഹൗസിനു പുറത്തു നടത്തിയ സമാധാനപരമായ പ്രതിഷേധത്തിനുനേർക്ക് നടപടിയെടുത്തതും ഇതിനോടു ചേർത്തുവായിക്കണം.
ജനുവരി 16 മുതൽ 20 വരെ രാജ്യമെങ്ങും പുതിയ പ്രതിഷേധങ്ങൾ ഉണ്ടായേക്കാമെന്ന സൂചനയിൽ വാഷിങ്ടനിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 25ാം ഭേദഗതി പ്രകാരം ട്രംപിനെ നീക്കിയാൽ പ്രതിഷേധങ്ങൾ മറ്റൊരു തലത്തിൽ ഉയർന്നേക്കാം. ഇതുകൂടാതെ, ബൈഡൻ, നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഹൗസ് സ്പീക്കർ നാൻസി പെലോസി തുടങ്ങിയവർക്കെതിരെയും ഭീഷണിയുണ്ട്. മൂന്നു നാലു ദിവസത്തേക്ക് 50 സ്റ്റേറ്റുകളിലും പ്രതിഷേധം ഉണ്ടാകുമെന്ന ബുള്ളറ്റിൻ ഇത്രയും കാലത്തെ തന്റെ സർവീസിനിടയിൽ കണ്ടിട്ടില്ലെന്നാണ് എഫ്ബിഐ മുൻ ഡപ്യൂട്ടി ഡയറക്ടർ ആൻഡ്രൂ മക്കബെ പറഞ്ഞത്.
പ്രതിഷേധങ്ങളെ നേരിടാൻ ശക്തമായ ഉദ്യോഗസ്ഥരില്ലെന്നതും ഭരണകൂടത്തിന്റെ പോരായ്മയായി വിലയിരുത്തപ്പെടുന്നു. ട്രംപിന്റെ ആക്ടിങ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ചാഡ് വൂൾഫ് തിങ്കളാഴ്ച രാജിവച്ചിരുന്നു. എന്നാൽ ബുഷ് ഭരണകൂടത്തിൽനിന്ന് ഒബാമ ഭരണകൂടത്തിലേക്കു അധികാര കൈമാറ്റം നടന്ന 2009 ജനുവരി 20ന് വൈറ്റ് ഹൗസിലെ സിറ്റ്വേഷൻ റൂമിൽ ഇരുവിഭാഗത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ കൂടിയിരുന്നാണ് അന്നുണ്ടായ ഭീഷണികളെ വിലയിരുത്തി തീരുമാനങ്ങളെടുത്തത്.

യുഎസിന്റെ ജനാധിപത്യ ചരിത്രത്തിൽ കറുത്ത അധ്യായമായി ചേർക്കപ്പെടേണ്ട കാപിറ്റോൾ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി കാര്യങ്ങൾ വെളിപ്പെടുത്താൻ വൈറ്റ് ഹൗസോ മറ്റേതെങ്കിലും ഫെഡറൽ നിയമപരിപാലന ഏജൻസികളോ തയാറായിട്ടില്ല. ഇതും ഞെട്ടിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തൽ.
ജനുവരി 20: യുഎസിന് പുതുപ്രതീക്ഷ?
പ്രതിഷേധങ്ങളും കോവിഡിന്റെ ഭാഗമായി അകലം പാലിക്കലും മുൻനിർത്തുമ്പോൾ ബൈഡന്റെ അധികാരമേറ്റെടുക്കൽ ചടങ്ങ് ലളിതമായ നിലയിൽ മാത്രമാകാൻ സാധ്യതയുണ്ട്. വർഷങ്ങളായി നിയുക്ത പ്രസിഡന്റുമാർ അധികാരമേറ്റെടുക്കുമ്പോൾ വൻ ജനാവലിയാണ് സാക്ഷ്യം വഹിക്കാനെത്തുക. ചടങ്ങിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നാണ് വാഷിങ്ടൻ ഡിസി മേയർ മുറിയൽ ബൗസർ നിർദേശിച്ചത്.
ജനുവരി 20ന് യുഎസ് കാപിറ്റോളിന്റെ വെസ്റ്റ് ഫ്രണ്ടിലാണ് ചടങ്ങുകൾ. സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിന്താവിഷയമായി ബൈഡൻ തിരഞ്ഞെടുത്തത് ‘ഐക്യത്തോടെ അമേരിക്ക’ (അമേരിക്ക യുണൈറ്റഡ്) എന്നതാണ്. അധികാരത്തിലെത്തുന്ന ബൈഡൻ നിലവിലെ സംഭവവികാസങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നതിന് അനുസരിച്ചായിരിക്കും അമേരിക്കയുടെ ഭാവി.
English Summary: Donald Trumps impeachment, Joe Biden's inauguration and FBI's warning of massive protest - what you need to know