ADVERTISEMENT

തിരുവനന്തപുരം∙ ഐടി വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ (കെഎസ്‌ഐടിഐഎല്‍) അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് അടക്കം യോഗ്യതയില്ലാത്തവരെ നിയമിച്ചതില്‍ ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു പങ്കുണ്ടെന്നും, അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും പറയുന്ന റിപ്പോര്‍ട്ട് നടപടിക്കായി മുഖ്യമന്ത്രിക്കു കൈമാറി.

അനധികൃത നിയമനങ്ങള്‍ നടത്താന്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കര്‍ ഇടപെട്ടാണ് കെഎസ്‌ഐടിഐഎല്ലില്‍ നിയമിച്ചത്. 58 വയസ്സുവരെയാണ് സ്ഥാപനത്തില്‍ നിയമനം നടത്താന്‍ കഴിയുന്നത്. 61 വയസ്സ് പൂര്‍ത്തിയായ ഇയാളെ എങ്ങനെയാണ് നിയമിച്ചതെന്നു വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത വനിതയ്ക്കു ശിവശങ്കര്‍ 5 ഇന്‍ക്രിമെന്റുകള്‍ ഒരുമിച്ച് നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. പിന്നീട് ഇവരെ ജോലിക്കു യോഗ്യയല്ലെന്ന പേരില്‍ പിരിച്ചുവിട്ടത് വിചിത്രമായ നടപടിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കെഎസ്‌ഐടിഐഎല്‍ പിഡബ്ല്യുസിയെ കണ്‍സള്‍ട്ടന്റാക്കിയ കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ മുന്നോട്ടുപോയത്. നിയമനങ്ങള്‍ സുതാര്യമാക്കാന്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു ഐടി സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ധനകാര്യപരിശോധനാവിഭാഗം ഉടന്‍ സമര്‍പ്പിക്കും. ശിവശങ്കറിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകള്‍ വന്നതായാണ് കണ്ടെത്തല്‍.

Content Highlights: Illegal appointments in KSITIL, M Sivasankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com