ADVERTISEMENT

കോഴിക്കോട്∙ ജനുവരി 29ന് തുടങ്ങുന്ന ലോക്‌സഭാ സമ്മേളനത്തിൽ കെ-റെയിൽ വിഷയം പാർലമെന്റിൽ അവതരിപ്പിക്കാൻ കേരളത്തിൽനിന്നുള്ള എംപിമാരുടെ നേതൃത്വത്തിൽ പരിശ്രമിക്കുമെന്ന് കെ.മുരളീധരൻ എംപി. കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യവുമായി കെ–റെയിൽ വിരുദ്ധ ജനകീയ സമിതി കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ്‌ മാർച്ച് ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന് തങ്ങൾ എതിരല്ലെന്നും വികസനത്തിന്റെ പേരിൽ ലൈഫ്‌ മിഷനിലും കെ–ഫോണിലും മറ്റും നടക്കുന്ന അഴിമതിയെയാണ് തങ്ങൾ എതിർത്തതെന്നും അദ്ദേഹം പറഞ്ഞു. കെ–റെയിലിന്റെ പേരിൽ കോടികൾ മുടക്കിയുള്ള ജനദ്രോഹപരവും സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കുടിയൊഴിപ്പിക്കലിനുമാണ് കേരളം സാക്ഷ്യം വഹിക്കാൻ പോവുന്നത്.

എന്ത്‌ വില കൊടുത്തും ഈ പദ്ധതിയെ എതിർത്ത്‌ തോൽപ്പിക്കും. യുഡിഎഫ്‌ അധികാരത്തിലെത്തിയാൽ കെ-റെയിൽ പദ്ധതി ചവറ്റുകൊട്ടയിൽ എറിയുമെന്നും അദ്ദേഹം പറഞ്ഞു. 4 രാജ്യാന്തര വിമാനത്താവളങ്ങളുള്ള സംസ്ഥാനത്ത്‌ അർധ അതിവേഗ റെയിൽപാതയുടെ ആവശ്യമില്ല. സർവേ കല്ലുകൾ സ്വകാര്യഭൂമിയിൽ സ്ഥാപിക്കാൻ അനുവദിക്കില്ല. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സമരം സെക്രട്ടേറിയറ്റിലേക്ക്‌ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എരഞ്ഞിപ്പാലത്തുനിന്നും കാൽനടയായി കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ചിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. കെ–റെയിൽ വിരുദ്ധ ജനകീയ സമിതി കോഴിക്കോട്‌ ജില്ലാ കമ്മറ്റി ചെയർമാൻ ടി.ടി.ഇസ്മയിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മുതുകുനി, രാമചന്ദ്രൻ വരപ്രത്ത്‌, ആർ കെ സുരേഷ്‌, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പി.എം.ശ്രീകുമാർ, നിജിൻ ചോറോട്‌, സുകുമാരൻ മാസ്റ്റർ, എൻ.പി.അബ്ദുള്ള ഹാജി, പി.വി.സി.മമ്മു, ഷാഫി എലത്തൂർ, മണിദാസ്‌ കോരപ്പുഴ, സഹീർ പി.കെ., ഫാറൂഖ്‌ കെ, പ്രവീൺ ചെറുവത്ത്‌, സുനീഷ്‌ കീഴാരി, നസീർ ന്യൂജല്ല തുടങ്ങിയവർ നേതൃത്വം നൽകി.

English Summary: K Muraleedharan on K-Rail project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com