ADVERTISEMENT

തിരുവനന്തപുരം∙ ഇടതുപക്ഷ മൂല്യം നിലനിർത്താൻ ഇടത് അനുഭാവികളായ 4 പേരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി മന്ത്രി എ.കെ. ബാലനു നൽകിയ കത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാൻ കമൽ. സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് മനോരമ ന്യൂസിനോട് കമൽ പ്രതികരിച്ചു. 

മന്ത്രിയ്ക്ക് നല്‍കിയ കത്ത് വ്യക്തിപരമാണ്. ഇക്കാരണത്താലാണ് സെക്രട്ടറിയോട് ചോദിക്കാതിരുന്നത്. കത്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കായല്ലെന്നും സാംസ്കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നതിനെ പ്രതിരോധിക്കാനും ഇടതുപക്ഷ മൂല്യം സംരക്ഷിക്കാനും വേണ്ടിയാണെന്നും കമൽ പ്രതികരിച്ചു. 

മന്ത്രിയ്ക്കു നൽ‌കിയ കത്തിനെച്ചൊല്ലി വിവാദം പുകഞ്ഞ സാഹചര്യത്തിലാണ് വിശദീകരണവുമായി കമൽ രംഗത്തെത്തിയത്. അക്കാദമി ചെയര്‍മാന്‍ മന്ത്രിയ്ക്ക് കൈമാറിയത് സെക്രട്ടറി അറിയാതെയായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥിരപ്പെടുത്തലിനെ സെക്രട്ടറി എതിര്‍ത്തിരുന്നു. അക്കാദമിയുടെ തീരുമാനം ഫയലാക്കി മന്ത്രിയുടെ അടുത്തേക്ക് പോകേണ്ടതിനു പകരമാണ് ചെയര്‍മാന്‍ കത്ത് കൈമാറിയത്. 

അടിയന്തര പ്രമേയ നോട്ടിസ് ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കത്ത് ഹാജരാക്കിയത്. ‘ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിൽ ഊന്നിയ സാംസ്കാരിക പ്രവർത്തനത്തിൽ നിലകൊള്ളുന്നവരുമായ ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകരമായിരിക്കും’ എന്നാണു മന്ത്രി എ.കെ. ബാലനു നൽകിയ കത്തിൽ കമൽ എഴുതിയത്.

അതേസമയം, അങ്ങനെ എഴുതിയതു മൂലം മന്ത്രി ഫയൽ തള്ളിയെന്നു മന്ത്രി ബാലന്റെ അസാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.‘ആ പരിഗണന അനുസരിച്ചല്ല ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്’ എന്നു ചൂണ്ടിക്കാട്ടി നിർദേശം നിരസിക്കുകയായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.

English Summary: Kamal’s letter in love of Left leaves state govt reeling: response of Kamal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com