അധികാരത്തിൽ വന്നാൽ പാവങ്ങൾക്ക് പ്രതിമാസം 6000 രൂപ: യുഡിഎഫ് വാഗ്ദാനം

1200-ramesh-chennithala-udf
രമേശ് ചെന്നിത്തല
SHARE

തിരുവനന്തപുരം ∙ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പാക്കും. ഒരുമ, കരുതല്‍, വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. സൗജന്യ ചികില്‍സയ്ക്കായി കൂടുതല്‍ ആശുപത്രികള്‍ കൊണ്ടുവരും. നിയമസഭാ പ്രകടനപത്രികയില്‍ ഉൾപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ഇ–മെയില്‍ വഴി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ദാരിദ്ര്യത്തിനെതിരെയുള്ള അവസാന പ്രഹരമെന്ന വിശേഷണത്തോടെ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുന്നോട്ടുവച്ച പദ്ധതിയാണു ന്യായ് അഥവാ മിനിമം വരുമാന പദ്ധതി. ഇതനുസരിച്ചു പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ കുറഞ്ഞത് 72,000 രൂപ വീതം അക്കൗണ്ടിൽ ഉറപ്പാക്കും.

നമ്മുടെ സംസ്ഥാനത്തുനിന്നും ദാരിദ്യം തുടച്ചു നീക്കാന്‍ ഈ പദ്ധതിക്കു കഴിയും. ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളം. ഈ പദ്ധതി കൂടുതല്‍ ചര്‍ച്ചകളിലൂടെ സമ്പുഷ്ടമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തില്‍ ഒരു കാഴ്ചപ്പാട് യുഡിഎഫിന് ഇല്ലെന്നു പലകോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രകടനപത്രിക നേരത്തെ തയാറാക്കാന്‍ ബെന്നി ബഹനാന്‍ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചത്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരിന്റെ കൂടുതല്‍ കൈത്താങ്ങ്, നിക്ഷേപം, തൊഴില്‍, കാരുണ്യകേരളം എന്നീ നാലു തത്വങ്ങള്‍ നടപ്പാക്കുമെന്ന് ‌പ്രഖ്യാപിക്കുന്നത് ജനകീയമുഖം ലക്ഷ്യമിട്ടാണ്. ബിൽ രഹിത ആശുപത്രികളാണ് മറ്റൊരു വാഗ്ദാനം. സംസ്ഥാനത്തെ ജനങ്ങള്‍ക്കു തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

റബർ കർഷകർക്കു കിലോയ്ക്ക് 250 രൂപ താങ്ങുവില ഉറപ്പുവരുത്തുന്ന പദ്ധതി അടക്കമുള്ള നിരവധി സഹായ പദ്ധതികള്‍ പ്രകടന പത്രികയിൽ ഉണ്ടെന്നും ചെന്നിത്തല പറയുന്നു. പ്രകടനപത്രികാ കമ്മിറ്റി ജനങ്ങളെ നേരിട്ട് കാണും. ശുപാര്‍ശകള്‍ ആര്‍ക്കും peoplesmanifesto2021@gmail.com എന്ന ഇ–മെയിലിലേക്കും അയക്കാം. അടുത്ത ദിവസത്തെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വായോധികർക്കു പെന്‍ഷന്‍ വര്‍ധന യുഡിഎഫ് മുന്നോട്ട് വയ്ക്കുന്നത് .

English Summary: UDF to come up with 'people's manifesto' for Kerala Assembly polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA