ADVERTISEMENT

വാഷിങ്ടൻ∙ ഡോണൾഡ് ട്രംപിനെ പ്രസിഡന്റ് പദത്തിൽനിന്നു പുറത്താക്കാൻ യുഎസ് ഭരണഘടനയുടെ 25–ാം ഭേദഗതി പ്രയോഗിക്കണമെന്ന ആവശ്യത്തിന് യുഎസ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം. 25–ാം ഭേദഗതി പ്രയോഗിക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്ന പ്രമേയം 205 നെതിരെ 223 വോട്ടുകൾക്കു പാസായി. എന്നാൽ ഈ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് പെൻസ് അറിയിച്ചു.

‘പ്രസിഡന്റ് പദത്തിൽ ട്രംപിന്റെ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ, 25–ാം ഭേദഗതി പ്രയോഗിക്കണമെന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ അത്തരമൊരു പ്രവർത്തി രാജ്യത്തിന്റെ താൽപര്യത്തിന് യോജിച്ചതാണെന്നു വിശ്വസിക്കുന്നില്ല.’ – ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിക്ക് അയച്ച കത്തിൽ മൈക്ക് പെൻസ് വ്യക്തമാക്കി.

ഇംപീച്ച്മെന്റ് പ്രമേയം ഇന്ന്

അതേസമയം, യുഎസ് പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്താൻ കലാപകാരികൾക്കു പ്രോത്സാഹനം നൽകിയെന്നാരോപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കുറ്റവിചാരണ (ഇംപീച്ച്‌മെന്റ്) പ്രമേയം ഇന്നു ജനപ്രതിനിധിസഭയിൽ അവതരിപ്പിക്കും. ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ കേവലഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാകുന്നതോടെ സെനറ്റിൽ വിചാരണയ്ക്കു തുടക്കമാകും. സെനറ്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരെ കുറ്റം ചുമത്താം. 100 അംഗ സെനറ്റിലെ 50 ഡമോക്രാറ്റുകൾക്കു പുറമേ 17 റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ. 

ഡോണൾഡ് ട്രംപിനെ ഇംപീച്ച്‌ ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ച് അ‍ഞ്ച് റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധികൾ രംഗത്തെത്തിയിട്ടുണ്ട്. ഇംപീച്ച്‌മെന്റ് പ്രമേയത്തിന്റെ നടപടിക്രമങ്ങൾക്കു നേതൃത്വം നൽകാൻ ഒൻപത് ഡമോക്രാറ്റിക് പാർട്ടി ജനപ്രതിനിധികളെ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തിരഞ്ഞെടുത്തു.

അധികാരദുർവിനിയോഗത്തിന് 2019 ഡിസംബറിലാണ് ട്രംപിനെതിരെ ആദ്യം ഇംപീച്മെന്റ് നീക്കം വന്നത്. വിചാരണയ്ക്കു ശേഷം സെനറ്റിലെ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ ട്രംപ് അന്നു രക്ഷപ്പെട്ടു. യുഎസ് പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് പ്രസിഡന്റിനെ വിചാരണ ചെയ്യുന്ന നടപടിയാണു ഇംപീച്ച്‌മെന്റ്. സഭയില്‍ പ്രമേയം അവതരിപ്പിച്ചാലും സെനറ്റിന്റെ പരിഗണനയ്ക്കു വരുമ്പോഴേക്കും 19 -ാം തീയതിയെങ്കിലുമാകും. ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിന്റെ തലേന്നാണിത്. സ്വാഭാവികമായും വിചാരണ നടക്കുക അധികാരമൊഴിഞ്ഞ ശേഷമായിരിക്കും. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന്റെ ഭരണഘടനാസാധുത സംബന്ധിച്ചും തര്‍ക്കമുണ്ട്.

യുഎസിൽ ഒരു പ്രസിഡന്റും രണ്ടു തവണ കുറ്റവിചാരണ ചെയ്യപ്പെട്ടിട്ടില്ല. കുറ്റവിചാരണ വിജയിച്ചാല്‍ മുന്‍ പ്രസിഡന്റുമാര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളെല്ലാം ട്രംപിനു നഷ്ടമാകും. കൂടാതെ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കാനും സെനറ്റിനു കഴിയും.

എന്താണ് 25–ാം ഭേദഗതി?

പ്രസിഡന്റ് പദവിയിൽ ശേഷിക്കുന്ന ദിവസങ്ങളിൽ ട്രംപ് അധികാരം ദു‍ർവിനിയോഗം ചെയ്യുമെന്ന ആശങ്കയെ തുടർന്നാണ് യുഎസ് ഭരണഘടനയുടെ 25–ാം ഭേദഗതിയിലെ നാലാം സെക്‌ഷൻ പ്രയോഗിച്ച് ട്രംപിനെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പുറത്താക്കണമെന്ന ആവശ്യമുയരുന്നത്. 

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദങ്ങൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ എങ്ങനെ നികത്തണം എന്നതിലെ അവ്യക്തതകൾ നീക്കുന്നതാണ് 25–ാം ഭേദഗതി. പ്രസിഡന്റ് പദത്തിലിരിക്കുന്നയാൾ ആ ചുമതല നിറവേറ്റാൻ അശക്തനാണ് എന്നു ബോധ്യപ്പെട്ടാൽ പ്രസിഡന്റിനെ നീക്കി സ്വയം ചുമതല ഏറ്റെടുക്കാൻ വൈസ് പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ഇതിലെ നാലാം സെക്‌ഷൻ. മന്ത്രിസഭയിലെ ഭൂരിഭാഗം പേരുടെ പിന്തുണ ഇതിനു വേണം. തുടർന്ന് തീരുമാനം പാർലമെന്റിനെ അറിയിക്കുകയും ഒപ്പം വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്യാം. ഈ നിർദേശം പാർലമെന്റ് തള്ളിയാൽ ചുമതല ഏറ്റെടുക്കാനാവില്ല.

English Summary: US Vice President Mike Pence rejects 25th amendment to oust Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com