‘4 മാസം നന്നായി ഭരിച്ചാല്‍ പിണറായി തുടരും; ഇക്കുറി താൻ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും’

jacob-thomas
മുന്‍ ഡിജിപി ജേക്കബ് തോമസ്
SHARE

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരരംഗത്ത് ഉണ്ടാകുമെന്ന വ്യക്തമായ സൂചന നല്‍കുകയാണ് അദ്ദേഹം. ഇക്കുറി മത്സരരംഗത്ത് ഇറങ്ങാന്‍ തനിക്കൊരു തടസ്സവുമില്ലെന്നും മനസ്സില്‍ ഉള്ള മണ്ഡലം ഇരിങ്ങാലക്കുടയാണെന്നും ജേക്കബ് തോമസ് മനോരമ ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. 

കഴിഞ്ഞ തവണ 20-20യുടെ സ്ഥാനാര്‍ഥിയായി ആണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി എന്‍ഡിഎയുടെ ഭാഗമായി ആവും തിരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാര്‍ വിആര്‍എസ് അംഗീകരിക്കാതിരുന്നതാണ് മത്സരിക്കാന്‍ സാധിക്കാതെ പോയത്. എന്നാല്‍ ഇരിങ്ങാലക്കുട എന്നത് എന്റെ മനസ്സിലുള്ള ആഗ്രഹം മാത്രമാണ്. പാര്‍ട്ടി നിശ്ചയിക്കുന്നിടത്ത് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു

നാല് മാസം കൂടി നന്നായി ഭരിച്ചാല്‍ പിണറായി സര്‍ക്കാരിനു ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നു പറയാനും ജേക്കബ് തോമസ് മടികാട്ടിയില്ല.

കഴിഞ്ഞ തവണ ട്വന്റി- ട്വന്റി, ഇക്കുറി ബിജെപി? 

അതെ, ഇക്കുറി എന്‍ഡിഎയുടെ ഭാഗമായി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉണ്ടാകും. അത് ചിലപ്പോള്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ വേണ്ടി പ്രചരണരംഗത്ത് മാത്രമായിരിക്കും. നല്ല ഭരണമാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കും. 

മൂന്ന് വര്‍ഷം കൊണ്ട് രണ്ട് പാര്‍ട്ടി? 

ഞാന്‍ ആദ്യം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ട്ടി എന്ന നിലയില്‍ ട്വന്റി ട്വന്റി എന്ന പ്രസ്ഥാനത്തോട് വളരെ യോജിപ്പാണ്. എന്നാല്‍ ആ പാര്‍ട്ടി കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ദേശീയതയില്‍ ഊന്നിയ ഒരു പാര്‍ട്ടിയുടെ ഭാഗം ആകാനാണ് താല്‍പര്യം. എന്‍ഡിഎ പോലെ നിലവില്‍ ദേശീയ ശ്രദ്ധകിട്ടുന്ന മറ്റ് പാര്‍ട്ടികള്‍ ഇല്ല. എല്ലാത്തരം വൈവിധ്യവും ഉള്‍ക്കൊള്ളുന്ന 40ഓളം പാര്‍ട്ടികള്‍ എന്‍ഡിഎയുടെ ഭാഗമാണ് എന്നതും വലിയൊരു പ്രത്യേകതയാണ്. 

ഊന്നിപ്പറയുന്ന ദേശീയതയ്ക്ക് ഒരു അപകടമില്ലേ ?

ദേശീയത ഒരു രാജ്യത്തിന് അത്യാവശ്യമായ ഘടകം തന്നെയാണ്, എന്നാല്‍ അതിനൊരു അടിസ്ഥാനം വേണം. പാലക്കാട് നഗരസഭയിലുണ്ടായത് പോലുള്ള സംഭവങ്ങള്‍ ആവേശത്തിന്റെ പുറത്ത് ഉണ്ടായതാണ്. അങ്ങനെ രാജ്യത്തിന്റെ പലഭാഗത്ത് നടക്കുന്ന സംഭവങ്ങള്‍ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കാന്‍ ആവില്ല. 

സംസ്ഥാന സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമോ?

ഇനിയുള്ള നാല് മാസം സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ ഫോര്‍മുല ആയിരുന്നത് സ്ഥാനാര്‍ഥി നിര്‍ണയമാണ്. അത്തരത്തിലുള്ള നീക്കം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കില്‍ സാധ്യതയുണ്ട്.

മറ്റ് മുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ശ്രദ്ധചെലുത്തിയാല്‍ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറും. കിറ്റും ക്ഷേമ പെന്‍ഷനും ജനങ്ങളുടെ പണമാണെങ്കിലും സര്‍ക്കാരിന്റെ മുഖം മാറ്റി. 21 വയസ്സുകാരിയെ പോലും മേയര്‍ ആക്കാന്‍ കാണിച്ച ധൈര്യം സര്‍ക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. 

ബിജെപി, യുഡിഎഫ് തിരഞ്ഞെടുപ്പ് സാധ്യതകള്‍? 

ഭരണത്തിലുള്ള സര്‍ക്കാരിന് തീര്‍ച്ചയായും ഒരു മേല്‍കൈ തിരഞ്ഞെടുപ്പില്‍ ഉണ്ട്. എന്നാല്‍ ഇക്കുറി ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ബിജെപിയോട് അടുക്കും. സ്ഥാനാര്‍ഥി നിര്‍ണയം മികച്ചതാണെങ്കില്‍ എന്‍ഡിഎക്ക് വിജയം ഉണ്ടാകും.

ഒരു 20- ട്വന്റിക്കാകുമെങ്കില്‍ എന്‍ഡിഎക്ക് എന്തുകൊണ്ട് ഭരണം പിടിക്കാന്‍ ആകില്ല? കേരളത്തിലെ ജനങ്ങള്‍ക്ക് സ്ഥായിയായ എല്‍ഡിഎഫ്-യുഡിഎഫ് സ്‌നേഹമില്ല. എന്നാല്‍ യുഡിഎഫിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതിനാല്‍ കാര്യങ്ങള്‍ അവര്‍ക്ക് പ്രതികൂലമാണ്. മികച്ച സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ മാത്രമെ ഇരുകൂട്ടര്‍ക്കും വിജയം ഉണ്ടാക്കാന്‍ കഴിയൂ.

English Summary: Jacob Thomas likely to contest as NDA Candidate in Irinjalakuda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA