ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്ത് വിഷയത്തില്‍ നിയമസഭയിൽ ഭരണ–പ്രതിപക്ഷ പോര്. പി.ടി.തോമസാണ് അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്. പുത്രവാത്സല്യത്താൽ അന്ധനായിത്തീർന്ന ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി അന്ധനായി തീരരുതെന്ന പി.ടി.തോമസിന്റെ പ്രസ്താവന സഭയിൽ ബഹളത്തിനിടയാക്കി. 

സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി ചോദിച്ചു. നിയമസഭയിൽ എന്തും പറയാമെന്നു കരുതരുത്. പി.ടി.തോമസിനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിനു കഴിയില്ലെന്നറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാമർശം മോശമായിപ്പോയി എന്നു സ്പീക്കറും വ്യക്തമാക്കി. 

സ്വപ്ന സുരേഷിനൊപ്പം എം.ശിവശങ്കർ തുടർച്ചയായി വിദേശയാത്ര നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നു പി.ടി.തോമസ് ചോദിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിൽ യു.വി.ജോസ് പ്രതിയെങ്കിൽ മുഖ്യമന്ത്രിയും പ്രതിയാകണ്ടതാണ്. ഐടി വകുപ്പിന്റെ മറവിൽ ശിവശങ്കർ ഉലകം ചുറ്റും വാലിബൻ ആയി നടന്നു. കേരളത്തിൽ ആദ്യം ജയിലിൽ കിടന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായിയായിരിക്കും. 

മുഖ്യമന്ത്രിയെ മറയാക്കി പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും തട്ടിപ്പ് നടത്തി. സ്വപ്നയെ മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തിയത് ആരാണെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രി പറയാതെ ആരെങ്കിലും ശിവശങ്കറിനും സ്വപ്നയ്ക്കും പണം നൽകുമോ? മുഖ്യമന്ത്രി സ്വർണക്കടത്തുകാരെ താലോലിക്കുകയാണ്.

പ്രളയകാലം സ്വർണക്കടത്തുകാർ കൊയ്ത്തുകാലം ആക്കി. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറാതിരിക്കട്ടേയെന്ന് ആശംസിക്കുന്നതായും പി.ടി.തോമസ് പറഞ്ഞു. സ്വർണക്കടത്തുകേസിൽ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കേസിന്റെ അടിവേരു കണ്ടെത്തണമെന്നായിരുന്നു സർക്കാർ നിലപാട്.

അന്വേഷണം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്കു മാറിയതു കൊണ്ടാണ് കേന്ദ്ര സർക്കാരിനെ അക്കാര്യം അറിയിച്ചത്. അത് സർക്കാരിന്റെ ബാധ്യതയാണ്. അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെതിരെ രാജ്യദ്രോഹം ആരോപിക്കുന്നത് വികലമായ മനസ്സുകളാണ്. രവീന്ദ്രനിൽനിന്ന് വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ഇഡി ചെയ്തത്. ആവർത്തിക്കപ്പെടുന്ന വ്യാജ ആരോപണങ്ങൾ ജനം വിശ്വസിക്കില്ല.

ശിവശങ്കറിന്റെ വിദേശ യാത്രയുടെ ഉത്തരവാദിത്തം താനെന്തിന് ഏറ്റെടുക്കണം. പി.ടി.തോമസിനു പിണറായി വിജയനെ മനസ്സിലായിട്ടില്ല. അതാണ് താൻ പ്രതിയെന്നു പറയുന്നത്. തന്നെ പ്രതിയാക്കാൻ കുറെനാൾ പ്രതിപക്ഷം നടന്നെന്നും അത് കോടതി വലിച്ചെറിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Kerala Assembly Session, CM Pinarayi Vijayan, PT Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com