ADVERTISEMENT

കൊച്ചി ∙ കോർപറേഷനിൽ ബിജെപിക്ക് 5 കൗൺസിലർമാർ മാത്രം; എന്നാൽ, കൗൺസിലിൽ ഒരു സ്ഥിരംസമിതി അധ്യക്ഷ പദവിയുടെ തൊട്ടടുത്താണു ബിജെപി. കോർപറേഷനിൽ സ്വതന്ത്രരെ കൂടെനിർത്തി ഭരണം പിടിച്ച എൽഡിഎഫിനെ ഞെട്ടിച്ച തന്ത്രമാണു ബിജെപി സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ പയറ്റിയത്. 

മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തിയ ബിജെപി സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ അടവുനയം പുറത്തെടുത്തു. സ്ഥിരം സമിതിയിലെ വനിത സംവരണ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒഴികെയുള്ള യുഡിഎഫ് ഘടകകക്ഷികളെ ബിജെപി പിന്തുണച്ചതോടെ എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റി.

8 സ്ഥിരം സമിതികളിൽ 6 എണ്ണം നേടിയെങ്കിലും നിർണായകമായ മരാമത്തു സ്ഥിരം സമിതി എൽഡിഎഫിനു നഷ്ടമായി. മരാമത്ത് സ്ഥിരം സമിതി യുഡിഎഫ് നേടി. നികുതി അപ്പീൽ കമ്മിറ്റി ബിജെപിയുടെ പടിവാതിലിൽ വന്നുനിൽക്കുന്നു.

അത്ര ചെറുതല്ല, കൊച്ചി

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നീ നഗരസഭകൾ കൂട്ടിച്ചേർത്ത് 1967ലാണു കൊച്ചി കോർപറേഷന്റെ രൂപീകരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കോർപറേഷൻ. വലുപ്പത്തിന്റെയും ജനസംഖ്യയുടെയും കാര്യത്തിൽ തിരുവനന്തപുരത്തിനു പിന്നിലാണെങ്കിലും കൊച്ചി അത്ര ചെറുതൊന്നുമല്ല. 94.88 ചതുരശ്ര കി.മീ വിസ്തീർണം മാത്രമേയുള്ളൂ. എന്നാൽ, ജനസാന്ദ്രത വളരെ കൂടുതൽ; 6.77 ലക്ഷമാണു ജനസംഖ്യ.

കൊച്ചി മെട്രോ, സ്മാർട് സിറ്റി തുടങ്ങി ഗ്ലാമർ പദ്ധതികൾ ഒട്ടേറെയുള്ള കൊച്ചി അതിവേഗ വളർച്ചയുടെ പാതയിലാണ്. കൊച്ചി കോർപറേഷന്റെ വലുപ്പം കൂട്ടണമെന്ന ആവശ്യംകൂടി ശക്തമാകുന്നതിനിടെയാണു ഇത്തവണ 10 വർഷത്തിനുശേഷം എൽഡിഎഫ് അധികാരം പിടിച്ചത്. സിപിഎമ്മിലെ എം.അനിൽകുമാർ മേയറും സിപിഐയിലെ കെ.എ.അൻസിയ ഡപ്യൂട്ടി മേയറുമായി.

സ്ഥിരം സമിതികൾ 8; തിരഞ്ഞെടുപ്പ് ഇങ്ങനെ

മേയറും ഡപ്യൂട്ടി മേയറും കഴിഞ്ഞാൽ സ്ഥിരം സമിതി അധ്യക്ഷ പദവിയാണു കോർപറേഷനിൽ പ്രധാനപ്പെട്ടത്. ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസം– കായികം എന്നിങ്ങനെ 8 സ്ഥിരം സമിതികളാണു കോർപറേഷനിൽ ഉള്ളത്. ഇതിൽ ധനകാര്യത്തിൽ 10 അംഗങ്ങളും മറ്റ് സമിതികളിൽ 9 അംഗങ്ങളും. ധനകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷൻ ഡപ്യൂട്ടി മേയറാണ്. മറ്റ് സമിതികളിലെ അധ്യക്ഷരെ സമിതിക്കുള്ളിലെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തും.

എല്ലാ സമിതികളിലും ഒരു അംഗം വനിത സംവരണമാണ്. ആ അംഗത്തെ നേരിട്ടുള്ള വോട്ടെടുപ്പിലൂടെ കണ്ടെത്തും. മറ്റ് 8 അംഗങ്ങളെ കണ്ടെത്താൻ പ്രിഫറൻസ് വോട്ടിങ് രീതിയാണ്. 8 പേർ മാത്രമേ മത്സര രംഗത്തുള്ളൂവെങ്കിൽ മത്സരം വേണ്ട. അവർ തിരഞ്ഞെടുക്കപ്പെടും. എന്നാൽ ഒൻപതോ അതിൽ കൂടുതലോ ആളുകൾ മത്സര രംഗത്തുണ്ടെങ്കിൽ തിരഞ്ഞെടുപ്പു വേണം. കൗൺസിലിലെ 74 അംഗങ്ങളും 1,2,3... എന്ന ക്രമത്തിൽ പ്രിഫറൻസ് വോട്ടുകൾ രേഖപ്പെടുത്തും. കൂടുതൽ ഒന്നാം വോട്ടു കിട്ടുന്നവർ ജയിക്കും. ഇതിൽ തുല്യത വന്നാൽ രണ്ടാം വോട്ടുകൾ പരിഗണിക്കും.

കൗൺസിലിലെ കക്ഷിനില

എൽഡിഎഫ്– 34, യുഡിഎഫ്– 31, ബിജെപി– 5, സ്വതന്ത്രർ– 4 എന്നിങ്ങനെയാണു കൊച്ചി കോർപറേഷനിലെ കക്ഷി നില. യുഡിഎഫ് വിമതരായി ജയിച്ച 2 സ്വതന്ത്രർ മേയർ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചു. ഇതോടെ എൽഡിഎഫിന്റെ അംഗബലം 36 ആയി. ഒരു സ്വതന്ത്രയുടെ പിന്തുണയോടെ യുഡിഎഫ് 32ലെത്തി.

ഇടതു വിമതനായി ജയിച്ച സ്വതന്ത്രൻ കെ.പി.ആന്റണി (മാനാശേരി) നിഷ്പക്ഷ നിലപാടിലായിരുന്നു. എന്നാൽ സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ഈ സ്വതന്ത്രൻ കൂടി എൽഡിഎഫിനൊപ്പം ചേർന്നു; ഇതോടെ എൽഡിഎഫ്– 37, യുഡിഎഫ് 32, ബിജെപി– 5 എന്ന നിലയിലായി. 

എട്ടിൽ ഏഴ് ലക്ഷ്യമിട്ട് എൽഡിഎഫ്

8 സ്റ്റാൻഡിങ് കമ്മിറ്റികളിൽ 7 എണ്ണം പിടിക്കാൻ ലക്ഷ്യമിട്ടായിരുന്നു എൽഡിഎഫിന്റെ നീക്കങ്ങൾ. പ്രാധാന്യം കുറഞ്ഞ നികുതി അപ്പീൽ കമ്മിറ്റി യുഡിഎഫിനു വിട്ട് മറ്റെല്ലാ കമ്മിറ്റികളിലും ഭൂരിപക്ഷം കിട്ടത്തക്ക രീതിയിൽ എൽഡിഎഫ് കൗൺസിലർമാരെ ക്രമീകരിച്ചു. നേരിട്ടു തിരഞ്ഞെടുപ്പു നടക്കുന്ന സ്ഥിരം സമിതിയിലെ 8 വനിത സംവരണ സീറ്റുകളും നേടാമെന്നായിരുന്നു എൽഡിഎഫ് കണക്കുകൂട്ടൽ. 7 സ്ഥിരം സമിതികളിലെയും അധ്യക്ഷ പദവിയുടെ വീതംവയ്പുവരെ പൂർത്തിയാക്കിയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനു തയാറെടുത്തത്.

ബിജെപി കളി തുടങ്ങുന്നു

എൽഡിഎഫ് കണക്കുകൂട്ടി തിരഞ്ഞെടുപ്പിനെത്തുമ്പോൾ പ്രതിപക്ഷവും വെറുതെയിരുന്നില്ല. ചർച്ചകൾ യുഡിഎഫ്, ബിജെപി പക്ഷങ്ങളിലും നടന്നു. 2 സ്ഥിരം സമിതി അധ്യക്ഷ പദവികൾ നൽകിയാൽ സമവായത്തിലൂടെ തിരഞ്ഞെടുപ്പാകാമെന്നു യുഡിഎഫ് എൽഡിഎഫിനു സൂചന നൽകി. എന്നാൽ, എൽഡിഎഫ് അനുകൂലമായി പ്രതികരിച്ചില്ല. അതോടെ പുതിയ അടവുനയ സാധ്യതകൾ തെളിഞ്ഞു.

ബിജെപി തന്ത്രം: സ്ഥിരം സമിതികളിൽ നേരിട്ടു തിരഞ്ഞെടുപ്പു നടന്ന 8 വനിത സംവരണ സീറ്റുകളിൽ കോൺഗ്രസ് ഒഴികെയുള്ള യുഡിഎഫ് ഘടകകക്ഷികൾ മത്സരിച്ച 5 സീറ്റുകളിൽ അവരെ പിന്തുണയ്ക്കാൻ ബിജെപി കൗൺസിലർമാർ തീരുമാനിക്കുന്നു. ഇതോടെ ഈ സീറ്റുകളിൽ വോട്ട് നില: 37– 37 ആകും. വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പ് വേണ്ടി  വരും.

എൽഡിഎഫിന് അവിടെയും പിഴച്ചു. മരാമത്ത് കമ്മിറ്റിയിലെ വനിത സംവരണ വോട്ടെടുപ്പിൽ സിപിഎം അംഗം എം.എച്ച്.എം. അഷ്റഫിന്റെ വോട്ട് അസാധുവായി. അതോടെ 36നെതിരെ 37 വോട്ടുകൾക്ക് യുഡിഎഫിലെ ആർഎസ്പി അംഗം സുനിത ഡിക്സൺ വിജയിച്ചു. സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായത് എൽഡിഎഫിനുള്ളിൽ അഭിപ്രായ ഭിന്നതകൾ കാരണമാണെന്നും പറഞ്ഞു കേൾക്കുന്നു. മരാമത്ത് സമിതി അധ്യക്ഷയാക്കാനായി എൽഡിഎഫ് കരുതി വച്ചിരുന്ന ജഗദാംബിക സുദർശനനാണു പരാജയപ്പെട്ടത്.

മറ്റ് 4 സീറ്റുകളിൽ വോട്ടുകൾ തുല്യം (37–37). ഇവിടെ ഭാഗ്യം എൽ‍ഡിഎഫിനൊപ്പംനിന്നു. നറുക്കെടുപ്പിൽ 3 എണ്ണം കിട്ടി. ധനകാര്യ സമിതിയിൽ യുഡിഎഫിനൊപ്പംനിന്ന സിഎംപി (സിപി ജോൺ വിഭാഗം) കൗൺസിലർ മേരി കലിസ്റ്റ പ്രകാശൻ തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചില്ലായിരുന്നെങ്കിൽ എൽഡിഎഫിന്റെ പ്രതിസന്ധി കൂടുമായിരുന്നു.

മരാമത്ത് സമിതി യുഡിഎഫിന്

വനിത സംവരണ സീറ്റിൽ ജയിച്ചതോടെ മരാമത്ത് സമിതിയിൽ യുഡിഎഫിനു ഭൂരിപക്ഷം നേടാനായി. കോർപറേഷനിൽ ഏറെ പ്രധാനപ്പെട്ട സ്ഥിരം സമിതിയാണു മരാമത്ത്. റോഡ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മരാമത്ത് സ്ഥിരം സമിതി കോർപറേഷനിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥിരം സമിതികളിലൊന്നാണ്.

ആർഎസ്പിയും കോൺഗ്രസും രണ്ടര വർഷം വീതം അധ്യക്ഷ പദവി പങ്കുവയ്ക്കാനാണു ഏകദേശ ധാരണ. ആർഎസ്പിയിലെ സുനിത ഡിക്സൺ, കോൺഗ്രസിലെ വി.കെ.മിനിമോൾ എന്നിവരാകും അധ്യക്ഷ പദവിയിലേക്കു പരിഗണിക്കപ്പെടുക.

എൽഡിഎഫിന് 6 സമിതികൾ

വികസനം, ക്ഷേമം, ആരോഗ്യം, നഗരാസൂത്രണം, വിദ്യാഭ്യാസം– കായികം, ധനകാര്യം എന്നീ സ്ഥിരം സമിതികളാണ് എൽഡിഎഫിനു ലഭിച്ചത്. ഇതിൽ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡപ്യൂട്ടി മേയറാണ്. ധനകാര്യ സ്ഥിരം സമിതിയിൽ എൽഡിഎഫിനു ഭൂരിപക്ഷമില്ല. 10 അംഗങ്ങളുള്ള സമിതിയിൽ യുഡിഎഫിന് നിലവിൽ 5 അംഗങ്ങളുണ്ട്.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പദവി സിപിഎമ്മിലെ പി.ആർ.റെനീഷും സിപിഐയിലെ സി.എ.ഷക്കീറും പങ്കുവയ്ക്കും. ക്ഷേമകാര്യത്തിൽ ജെഡിഎസിലെ ഷീബ ലാൽ ആദ്യ 3 വർഷം അധ്യക്ഷയാവും. പിന്നീട് സിപിഎമ്മിലെ സി.ഡി.വൽസല കുമാരിയും. സിപിഎമ്മിലെ വി.എ.ശ്രീജിത്ത് വിദ്യാഭ്യാസ– കായിക സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നൽകും. എൽഡിഎഫിനെ പിന്തുണച്ച ലീഗ് വിമതൻ ടി.കെ.അഷ്റഫിനെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും, കോൺഗ്രസ് വിമതൻ ജെ.സനിൽമോനു നഗരാസൂത്രണ സമിതി അധ്യക്ഷ സ്ഥാനവും നൽകാനാണു ധാരണ.

നികുതി അപ്പീൽ ബിജെപിക്ക്?

ഏറ്റവും പ്രധാനപ്പെട്ട സംഗതി ഇനിയാണ്. നികുതി അപ്പീൽ കമ്മിറ്റി യുഡിഎഫ് എടുത്തോട്ടെ എന്ന മട്ടിലായിരുന്നു എൽ‍ഡിഎഫിന്റെ മത്സര ക്രമീകരണം. എന്നാൽ നികുതി സമിതിയിൽ യുഡിഎഫ് ഭൂരിപക്ഷത്തിനു ശ്രമിച്ചതേയില്ല. 2 അംഗങ്ങളെ മാത്രമാണു നികുതി സമിതിയിലേക്കു യുഡിഎഫ് മത്സരിപ്പിച്ചത്. രണ്ടും പേരും ജയിച്ചു. 9 അംഗങ്ങളുള്ള സ്ഥിരം സമിതിയിൽ ഭൂരിപക്ഷം നേടാൻ 5 അംഗങ്ങളുടെ പിന്തുണയാണു വേണ്ടത്. 

ബിജെപിക്ക് കോർപറേഷനിലുള്ളത് ആകെ 5 അംഗങ്ങൾ. ഇവരെല്ലാം ഒരേ കമ്മിറ്റിയിൽ വരണമെങ്കിൽ ‘അസാധ്യമായത്’ സംഭവിക്കണം. എന്നാൽ, അതിന്റെ വക്കത്തെത്തി നിൽക്കുകയാണിപ്പോൾ. നികുതി അപ്പീൽ കമ്മിറ്റിയിലേക്കു തിരഞ്ഞെടുപ്പു പൂർത്തിയായ 7 അംഗങ്ങളിൽ ബിജെപി– 4, യുഡിഎഫ്– 2, എൽഡിഎഫ്– 1 എന്നതാണു നില. 2 ഒഴിവുകൾ. വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബിജെപി കൗൺസിലർ സുധ ദിലീപ്കുമാർ ആ സ്ഥാനം രാജിവച്ചു. 

ഇനി നികുതി അപ്പീൽ കമ്മിറ്റിയിലേക്കു മത്സരിക്കും. 18നു നടക്കുന്ന തിരഞ്ഞെടുപ്പിൽ സുധ ജയിച്ചാൽ നികുതി സമിതിയിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമാകും. അങ്ങനെ സംഭവിച്ചില്ലെങ്കിലും 4 അംഗങ്ങളുള്ള ബിജെപിക്ക് നികുതി അപ്പീൽ സമിതി പിടിക്കാൻ പിന്നെയും സാധ്യതകളുണ്ട്. ബിജെപിക്ക് ഈ സ്ഥിരം സമിതി കിട്ടാതിരിക്കണമെങ്കിൽ എൽഡിഎഫും യുഡിഎഫും ഒരുമിച്ചു നിൽക്കണം. ഇത്തരം ചില ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകൾ തെളിഞ്ഞിട്ടില്ല.

English Summary: Kochi Corporation: BJP aiming chairmanship in one standig committee with mere 5 councillors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com