ADVERTISEMENT

തിരുവനന്തപുരം ∙ മദ്യവില 7% വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്നും മദ്യ ഉൽപ്പാദന കമ്പനികൾക്കു 120 കോടി ലാഭം കിട്ടിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം പുകമറ സൃഷ്ടിച്ച് സ്വയം അപഹാസ്യരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കി.

ഡിസ്റ്റിലറി ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണ് ഇത്ര ഭീമമായ വർധനവ് നടത്തിയിട്ടുള്ളതെന്നു ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില 53 രൂപയായിരുന്നു. ഇപ്പോഴത് 58 രൂപയായി. 2017ൽ എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യത്തിന്റെ വില 7% വര്‍ധിപ്പിച്ചു. ഇപ്പോള്‍ വീണ്ടും 7% വർധിപ്പിച്ചു. 

ഒരു കെയ്‌സ് മദ്യത്തിന് 700 രൂപ അടിസ്ഥാനവിലയാക്കി കണക്കാക്കിയാല്‍തന്നെ 140 കോടി രൂപയുടെ വരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാര്‍ക്ക് എല്ലാ മാസവും ലഭിക്കുന്നത്. ഒരു വര്‍ഷത്തെ കച്ചവടം ഏകദേശം 1680 കോടി രൂപ വരും. ഇതിലാണ് 7% വർധനവ് നല്‍കുന്നത്. പ്രതിവര്‍ഷം 120 കോടിയിലധികം രൂപയുടെ അധിക വരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.

മുന്‍പ് നടത്തിയ 7% വർധനവ് പ്രകാരം തന്നെ ഡിസ്റ്റിലറി മുതലാളിമാര്‍ക്ക് ഏകദേശം 100 കോടിയലധികം രൂപ അധിക വരുമാനമായി ലഭിച്ചിട്ടുണ്ട്. രണ്ടും കൂടി ഏകദേശം 250 കോടിയോളം രൂപ ഇവര്‍ക്ക് വരുമാന വര്‍ധനവ് ഉണ്ടായി. എന്ത് മാനദണ്ഡത്തിന്റേയും ശാസ്ത്രീയ വിലിയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് മദ്യവിലയില്‍ ഇത്ര ഭീമമായ വർധനവ് വരുത്തിയത്?

ബവ്റിജസ് കോര്‍പ്പറേഷന്‍ എംഡിയുടെ നേതൃത്വത്തിലുള്ള ഒരു തട്ടിക്കൂട്ട് സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം വൻ വർധനവിനു സര്‍ക്കാര്‍ മുതിരില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എകെജി സെന്ററിലാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും പാര്‍ട്ടി സെക്രട്ടറിയുമാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.

സ്പിരിറ്റ് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വില കൂടിയതിനാലാണ് മദ്യവില വർധിപ്പിച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ മറുപടി നൽകി. സർക്കാരിനു 957 കോടിയും ബെവ്കോയ്ക്ക് 9 കോടിയും അധികവരുമാനം ലഭിക്കും.

English Summary: Ramesh Chennithala Slams Liquor Prize Hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com